ഹൈദരാബാദ് (തെലങ്കാന): ചലച്ചിത്ര താരം സായി പല്ലവി സമർപ്പിച്ച ഹർജി തെലങ്കാന ഹൈക്കോടതി വ്യാഴാഴ്‌ച(7.07.2022) തള്ളി. ഹൈദരാബാദ് സുൽത്താൻ ബസാർ പൊലീസ് നൽകിയ നോട്ടിസുകൾ ചോദ്യം ചെയ്‌ത് ജൂൺ 21നാണ് സായി പല്ലവി ഹർജി സമർപ്പിച്ചത്. 'വിരാട പര്‍വം' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കശ്‌മീരി പണ്ഡിറ്റുകളെ കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ വലിയ വിവാദം സൃഷ്‌ടിച്ചിരുന്നു.
കശ്‌മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുവിനെ കൊണ്ടുപോയതിന് ഒരാളെ കൊന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് സായി പല്ലവി പറഞ്ഞത്. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും നടി പറഞ്ഞു. ഇതിന് പിന്നാലെയാണ് സായി പല്ലവിക്ക് എതിരെ ബജ്‌റങ്‌ദള്‍ നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പശു സംരക്ഷകരെ കശ്‌മീരി ഭീകരരുമായി താരതമ്യപ്പെടുത്തി പരാതി നൽകിയത് തെറ്റാണെന്നും മനുഷ്യത്വമുള്ളവര്‍ ആയിരിക്കണമെന്നാണ് സായി പല്ലവി പറയാൻ ശ്രമിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും വസ്‌തുതകൾ പരിശോധിക്കാൻ മാത്രമാണ് നോട്ടിസ് നൽകിയതെന്നും സർക്കാർ അഭിഭാഷകൻ ടി.ശ്രീകാന്ത് റെഡ്ഡി പറഞ്ഞു.