ഷൗര്യുവ് സംവിധാനം ചെയ്‌ത് നാച്ചുറൽ സ്റ്റാർ നാനി പ്രധാന വേഷത്തിൽ എത്തുന്ന ഹായ് നാണ്ണാ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഡിസംബർ ഏഴിന് റിലീസ് ചെയ്യും (Hi Nanna movie Natural star Nani Mrunal Thakur). ചിത്രത്തിന്‍റെ വിശേഷങ്ങൾ മലയാളികൾക്കായി പങ്കുവയ്ക്കാൻ നാനി കേരളത്തിൽ എത്തി. ജഴ്‌സി, ഗ്യാങ്ലീഡർ, ശ്യാം സിംഗ റോയ് തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് നാനി. ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തിയ നാനി ചിത്രം ദസറയ്ക്ക് കേരളത്തിൽ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
ശ്യാം സിംഗ റോയുടെ പ്രൊമോഷന്‍റെ ഭാഗമായാണ് നാനി ഇതിനുമുമ്പ് കേരളത്തിൽ എത്തിയത്. കേരളത്തിലേക്ക് താൻ വീണ്ടും തിരിച്ചുവന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നാനി മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങിയത്. താൻ ചെയ്‌തുവരുന്ന ചിത്രങ്ങളുടെ ആവിഷ്‌കാര മികവിന് മലയാള സിനിമ ഒരു സുപ്രധാന കാരണമാണെന്ന് സൂപ്പര്‍ താരം പറഞ്ഞു (Natural star Nani and Mrunal Thakur starrer Hi Nanna).
'കേരളീയര്‍ കണ്ടിട്ടുള്ളതിനേക്കാൾ കൂടുതൽ മലയാള സിനിമകള്‍ ഞാൻ കണ്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് മലയാള സിനിമകൾ കണ്ടുകൊണ്ടായിരുന്നു. മലയാള സിനിമയുടെ ആശയങ്ങളും ചിത്രീകരണ രീതികളും കഥാപാത്രങ്ങളും എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
എന്‍റെ ഏറ്റവും പുതിയ ചിത്രമായ ഹായ് നാണ്ണാ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തിനുവേണ്ടി, മലയാള സിനിമ നൽകിയ അറിവും പാഠങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഏതുസിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി താൻ കേരളത്തിൽ എത്തിയാലും ജനങ്ങൾ തരുന്ന സ്നേഹത്തിൽ സന്തുഷ്‌ടനാണ്.
നാണ്ണാ എന്ന വാക്കിന്‍റെ അർഥം പിതാവ് എന്നാണ്. പിതാവിന് സൗത്ത് ലാംഗ്വേജുകളിൽ പല വാക്കുകൾ ഉണ്ട്. എങ്കിലും എല്ലാ പരിഭാഷകൾക്കും ഹായ് നാണ്ണാ എന്നുതന്നെയാണ് പേര് നൽകിയിരിക്കുന്നത്. പേരുമാറുമ്പോൾ ഉണ്ടാകുന്ന കൺഫ്യൂഷൻ ഒഴിവാക്കാൻ ആണ് ഇത്തരമൊരു രീതി.
ഈ ചിത്രത്തെ സംബന്ധിച്ചിടത്തോളം ഒറിജിനൽ ഭാഷ കാണുമ്പോൾ ലഭിക്കുന്ന ഗുണനിലവാരം ഏത് പരിഭാഷ കണ്ടാലും ലഭിക്കും എന്നുള്ളതാണ്. കാരണം എല്ലാ പരിഭാഷകളും മികച്ച ടെക്‌നീഷ്യൻസിനെ കൊണ്ട് ഒറിജിനൽ വേർഷൻ നിർമിക്കുന്നത് പോലെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഡബ്ബിങ് പോരായ്‌മകളോ സംഗീതത്തിലെ കല്ലുകടിയോ പരിഭാഷ കാണുമ്പോൾ കാഴ്‌ചക്കാർക്ക് അനുഭവപ്പെടില്ല എന്ന് ചുരുക്കം.
ഹായ് നാണ്ണാ എന്ന മികച്ച ചിത്രം കാഴ്‌ചക്കാരിലേക്ക് എത്തുന്ന എക്സൈറ്റ്‌മെന്‍റിലാണ് ഞാൻ. എന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നുതന്നെയാകും ഇത്. എന്‍റെ എല്ലാ ചിത്രങ്ങളുടെ ഭാഗമായും ഞാൻ കേരളത്തിലേക്ക് എത്തും. എന്‍റെ സിനിമകൾ ഇഷ്‌ടപ്പെടുന്ന ധാരാളം പ്രേക്ഷകർ ഇവിടെയുണ്ട്.
എന്‍റെ സിനിമകളെ ഇഷ്‌ടപ്പെടുക എന്നതുകൊണ്ട് അർഥമാക്കുന്നത് പ്രേക്ഷകർ എന്നെയും ഇഷ്‌ടപ്പെടുന്നു എന്നുള്ളതാണ്. അച്ഛൻ മകൻ ബന്ധത്തിന്‍റെ കഥ പറഞ്ഞ് ക്രിക്കറ്റിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ 'ജഴ്‌സി' പ്രേക്ഷകർ സ്വീകരിച്ചതാണ്. ഇത്തവണ അച്ഛൻ മകൾ ബന്ധത്തിന്‍റെ കഥ മനസുനിറയ്‌ക്കുന്ന ഒരു ലൗ സ്റ്റോറിയുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ എങ്ങനെയിരിക്കും. അതാണ് ഹായ് നാണ്ണാ.
ഞാൻ മുൻപ് ചെയ്‌ത ചിത്രങ്ങളുമായി താരതമ്യം ചെയ്‌ത് നോക്കിയാൽ ഹായ് നാണ്ണാ തികച്ചും വ്യത്യസ്‌തമായ ഒരു ചിത്രമാണ്. ചിത്രത്തിലെ വൈകാരിക രംഗങ്ങൾ ഒക്കെ അത്രയും ആഴത്തിലുള്ളതും. നിങ്ങളെ സന്തോഷിപ്പിക്കാനും സങ്കടപ്പെടുത്താനും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഈ ചിത്രത്തിന് സാധിക്കും. കാവ്യാത്മകമായ പ്രണയ സിനിമകൾ നിങ്ങൾ ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ ഈ ചിത്രം ഒരു പ്രണയ സിനിമയുടെ പുതിയ അനുഭവമാകും പ്രേക്ഷകന് സമ്മാനിക്കുക.
Also Read: പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്
മൃണാൾ ടാക്കൂറിന്‍റെ രണ്ടാമത്തെ തെലുഗു ചിത്രമാണിത്. ആദ്യ ചിത്രമായ സീതാരാമം വൻ വിജയമായിരുന്നു. രണ്ടാമത്തെ ചിത്രത്തിലേക്ക് സീത മഹാലക്ഷ്‌മി എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ അഭിനേത്രി എന്നുള്ള നിലയിൽ ഈ സിനിമയിലെ കഥാപാത്രത്തിന് മികച്ച പ്രകടന സാധ്യത ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ടായിരുന്നു. സീതാരാമത്തിന്‍റെ വലിയ വിജയത്തിന് ശേഷം സമൂഹ മാധ്യമങ്ങളിൽ മൃണാളിന് സീത എന്ന വിളിപ്പേര് ഉണ്ടായിരുന്നു. ഈ ചിത്രത്തിന്‍റെ റിലീസിന് ശേഷം സീത എന്ന പേരുമാറി യഷ്‌ന എന്ന വിളിപ്പേര് ലഭിക്കുമെന്ന് എനിക്കുറപ്പാണ്. ചിത്രത്തില്‍ മകളുടെ വേഷം കൈകാര്യം ചെയ്യുന്ന കിയാര ഈ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ അത്ഭുതമാണ്' - നാനി പറഞ്ഞു.