മഥുര (ഉത്തര്‍പ്രദേശ്) : ബോളിവുഡ് താരം കങ്കണ റണാവത്ത് ബിജെപി ടിക്കറ്റില്‍ മഥുര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കുമെന്ന അഭ്യൂഹത്തില്‍ പ്രതികരണവുമായി നടിയും പാര്‍ട്ടി നേതാവുമായ ഹേമ മാലിനി. ഊഹാപോഹങ്ങള്‍ നല്ലതാണെന്നും മഥുരയില്‍ സിനിമ താരത്തെ മാത്രമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും താരം മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
"കൊള്ളാം. അത് നല്ലതാണ്. ഇതില്‍ ഞാന്‍ എന്ത് അഭിപ്രായമാണ് പറയുക. മഥുരയില്‍ നിങ്ങള്‍ സിനിമ താരത്തെ മാത്രമാണോ ആഗ്രഹിക്കുന്നത് ?" - താരം മാധ്യമങ്ങളോടായി ചോദിച്ചു. ''മറ്റാരെങ്കിലും എംപിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരെ അനുവദിക്കില്ല, കാരണം നിങ്ങളെ സംബന്ധിച്ച് മഥുരയുടെ എംപി ഒരു സിനിമ താരമായിരിക്കണമല്ലോ. ഒരുപക്ഷേ നാളെ രാഖി സാവന്തായിരിക്കാം'' - മഥുരയില്‍ നിന്നുള്ള എംപി കൂടിയായ താരം പറഞ്ഞു.
2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മഥുര പാര്‍ലമെന്‍ററി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് ഹേമ മാലിനിയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ബലപ്പെടുത്തി കങ്കണ റണാവത്ത് അടുത്തിടെ മഥുരയിലെ പ്രസിദ്ധമായ ഠാക്കൂർ ബാങ്കെ ബിഹാരി ക്ഷേത്രം കുടുംബത്തോടൊപ്പം സന്ദർശിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രീയപ്രവേശം സംബന്ധിച്ച ചോദ്യങ്ങളോട് താരം പ്രതികരിച്ചില്ല.
കങ്കണയുടെ രാഷ്‌ട്രീയപ്രവേശം : കങ്കണ റണാവത്ത് തന്നെയാണ് തന്‍റെ രാഷ്‌ട്രീയപ്രവേശം സംബന്ധിച്ചുള്ള ആദ്യ സൂചനകള്‍ നല്‍കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും സിനിമ താരവുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്‌പദമാക്കി 2021 സെപ്റ്റംബറിൽ പുറത്തിറങ്ങിയ 'തലൈവി'യുടെ പ്രമോഷൻ വേളയില്‍ ആരാധകർ ആഗ്രഹിക്കുന്നുവെങ്കിൽ രാഷ്‌ട്രീയത്തിൽ ചേരുമെന്ന് കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ അഭിനയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
സംവിധായകൻ സർവേഷ് മേവാരയുടെ 'തേജസ്' ആണ് കങ്കണയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. തേജസില്‍ ഒരു ഇന്ത്യൻ എയർഫോഴ്‌സ് പൈലറ്റിന്‍റെ വേഷത്തിലാണ് താരമെത്തുന്നത്. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തില്‍ 'എമര്‍ജന്‍സി' എന്ന ചിത്രത്തിലും കങ്കണ എത്തുന്നുണ്ട്.