81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍റെ (Christopher Nolan) ഓപ്പണ്‍ഹെയ്‌മര്‍. മികച്ച സിനിമ, സംവിധായകന്‍, നടന്‍ എന്നിവ അടക്കം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ചിത്രം (Golden Globes 2024 winners). ഓപ്പണ്‍ഹെയ്‌മറിലെ (Oppenheimer) പ്രകടനത്തിന് കിലിയന്‍ മര്‍ഫി (Cillian Murphy) മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഓപ്പണ്‍ഹൈമറിലൂടെ ക്രിസ്റ്റഫര്‍ നോളന്‍ മികച്ച സംവിധായകനായി. ചിത്രത്തിലെ പ്രകടനത്തിന് റോബര്‍ട്ട് ഡൗണി ജൂനിയര്‍ (Robert Downey Jr) മികച്ച സഹനടന്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരവും ഓപ്പണ്‍ഹെയ്‌മര്‍ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ലഡ്‌വിഗ് ഗൊരാന്‍സണ്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. ആറ്റംബോംബിന്‍റെ പിതാവെന്ന് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്‌മര്‍ ആയി അഭ്രപാളിയില്‍ തിളങ്ങിയ കിലിയന്‍ മര്‍ഫിയുടെ പ്രകടനം സിനിമ ആസ്വാദകരെ കീഴ്‌പ്പെടുത്തിയരുന്നു. സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ തന്നെ തിരിക്കഥ എഴുതിയ ചിത്രത്തില്‍ റോബര്‍ട്ട് ഡൗണിയുടെ നെഗറ്റീവ് റോളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷമാണ് റോബര്‍ട്ട് ഡൗണിയെ മികച്ച സഹനടനാക്കിയത്.
മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ 'പുവര്‍ തിങ്‌സ്' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. യോര്‍ഗോസ് ലാന്‍തിമോസ് സംവിധാനം ചെയ്‌ത ചിത്രമാണ് പുവര്‍ തിങ്‌സ്. പുവര്‍ തിങ്‌സിലെ പ്രകനത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് സ്വന്തമാക്കി.
'കില്ലേര്‍സ് ഓഫ് ദി മൂണ്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിലി ഗ്ലാഡ്‌സ്റ്റണ്‍ ഡ്രാമ വിഭാഗത്തില്‍ മികച്ച നടിയായി. 'ദി ഹോള്‍ഡോവേസ്' എന്ന ചിത്രത്തില്‍ മേരി ലാംപ് എന്ന കഥാപാത്രം അവതരിപ്പിച്ച ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് ആണ് മികച്ച സഹനടി. മ്യൂസിക്കല്‍, കോമഡി വിഭാഗത്തില്‍ പോള്‍ ഗിയാമിറ്റി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. 'ഹോള്‍ഡ്ഓവേഴ്‌സി'ലെ കഥാപാത്രമാണ് പോളിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
'അനാറ്റമി ഓഫ് ഫാള്‍' ആണ് മികച്ച വിദേശ ഭാഷ ചിത്രം. ചിത്രത്തിലൂടെ ജസ്റ്റിന്‍ ട്രൈറ്റും ആര്‍തര്‍ ഹാരിയും മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം പങ്കിട്ടു. മികച്ച ആനിമേഷന്‍ ചിത്രമായി 'ദി ബോയ് ആന്‍ഡ് ദി ഹീറോ' തെരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷന്‍ വിഭാഗത്തില്‍ മാത്യു മാക്‌ഫെഡെയ്‌ന്‍ മികച്ച നടനായപ്പോള്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ ഗ്ലോബ് എലിസബെത്ത് ഡെബിക്കി സ്വന്തമാക്കി. ആന്തോളജി, ടെലിവിഷന്‍ മോഷന്‍ പിക്‌ച്ചര്‍ വിഭാഗത്തില്‍ 'ബീഫ്' ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലെ മികച്ച നടീനടന്‍മാരായി സ്റ്റീവ് യോണ്‍, അലി വോങ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.