കൊല്ലം : 'അമ്മ' ക്ലബ്ബെന്ന പരാമര്‍ശത്തിൽ ഇടവേള ബാബുവിന്‍റെ മറുപടി വിക്കിപീഡിയ നോക്കിയെന്ന് കെ.ബി ഗണേഷ് കുമാര്‍. അമ്മ ക്ലബ്ബാണെങ്കില്‍, തന്നെപ്പോലെ ഒരുപാട് ആളുകൾക്ക് തുടരാൻ താല്‍പര്യമില്ലെന്നും കുറ്റാരോപിതനായ ഒരാൾക്ക് വേണ്ടി അമ്മയ്ക്ക് ക്ലബ് എന്ന് പേരിട്ട് കൊടുത്തത് ഇടവേള ബാബുവാണെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.
ബിനീഷ് കോടിയേരിയുടെ കേസുമായി വിജയ് ബാബു സംഭവത്തെ താരതമ്യം ചെയ്യേണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇടവേള ബാബുവിന്‍റെ സ്വകാര്യ സ്വത്തല്ല താരസംഘടനയെന്നും അദ്ദേഹം അസത്യം പ്രചരിപ്പിക്കുന്നുവെന്നും ഗണേഷ് പറഞ്ഞു. അമ്മ ക്ലബ്ബാണെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തിരുത്തേണ്ടതായിരുന്നു.
ഇക്കാര്യങ്ങള്‍ ചോദിച്ച് മോഹന്‍ലാലിന് കത്ത് നല്‍കും. മോഹൻലാലിനും ഇതേ നിലപാടാണെങ്കിൽ അമ്മയിൽ നിന്നും താൻ രാജിവയ്ക്കുമെന്നും ഗണേഷ് കുമാർ തുറന്നടിച്ചു. ഇടവേള ബാബുവിനോട് ചോദ്യങ്ങൾ നിർത്തിയെന്നും, സംഘടനയെ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റർ ചെയ്‌തത് താനാണെന്നും അദ്ദേഹം പറഞ്ഞു. ഇടവേള ബാബുവിനെ നിയന്ത്രിക്കാൻ മോഹൻലാൽ തയ്യാറായില്ലെങ്കിൽ കൂടുതൽ അംഗങ്ങളെ നിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയും ഗണേഷ് കുമാർ നല്‍കി.
ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം. അമ്മ ആരോപണവിധേയനൊപ്പം നിൽക്കാതെ അതിജീവിതക്കൊപ്പം നിൽക്കണം. ഷമ്മി തിലകന് പരിഹാസ രൂപേണയായിരുന്നു ഗണേഷിന്‍റെ മറുപടി. ഷമ്മി തിലകന്‍റെ മാന്തൽ ഏൽക്കാനുള്ള ആരോഗ്യം തനിക്കില്ല.മാന്തുന്നത് മനുഷ്യരല്ലെന്നും അദ്ദേഹം പരിഹസിച്ചു.