Former miss Barbados against Priyanka Chopra: ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്ര തട്ടിപ്പിലൂടെയാണ് മിസ് വേള്‍ഡ് ആയതെന്ന് ആരോപണം. മിസ് വേള്‍ഡ് സഹ മത്സരാര്‍ഥി ലെയ് ലാനി മാക്കോണിയാണ് പ്രിയങ്കയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ലെയ് ലാനി മാക്കോണിയുടെ ഗുരുതര ആരോപണം.
2000ല്‍ ലോകസുന്ദരി പട്ടം ലഭിച്ച പ്രിയങ്ക ചോപ്രയ്‌ക്കെതിരെ 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലെയ് ലാനി ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക മത്സരത്തില്‍ കൃത്രിമം കാണിച്ചുവെന്നും വിധികര്‍ത്താക്കള്‍ക്ക് പ്രിയങ്കയോട് പ്രത്യേക താത്‌പര്യം ഉണ്ടായിരുന്നുവെന്നുമാണ് ലെയ് ലാനിയുടെ വെളിപ്പെടുത്തല്‍.
മത്സരത്തില്‍ പ്രിയങ്ക സൗഹൃദം മുതലെടുത്തുവെന്നും ലെയ് ലാനി പറഞ്ഞു. '1999ലും 2000ലും ഇന്ത്യയ്‌ക്ക് ലോക സുന്ദരി പട്ടം കിട്ടാന്‍ കാരണം പേജിന്‍റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണ്. മത്സരത്തില്‍ പ്രിയങ്കയ്‌ക്ക് മാത്രം മികച്ച വസ്‌ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുത്തു.
ബ്രിട്ടീഷ് രാജകുമാരി മേഗന്‍ മെര്‍ക്കിളിന്‍റെ സൗഹൃദം ഗുണം ചെയ്‌തു. മത്സരത്തിന്‍റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ അന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. സ്വിം സ്യൂട്ട് റൗണ്ടില്‍ പ്രിയങ്കയ്‌ക്ക് മാത്രം വസ്‌ത്രധാരണത്തില്‍ ആനുകൂല്യങ്ങള്‍ ലഭിച്ചു', ലെയ് ലാനി പറഞ്ഞു. കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിനെ പ്രതിനിധീകരിച്ചായിരുന്നു അന്ന് ലെയ്‌ലാനി മത്സരിച്ചത്.
Also Read: 'ലവ് എഗെയ്‌ന്‍', ഹോളിവുഡില്‍ റൊമാന്‍റിക് ആയി പ്രിയങ്ക ചോപ്ര