ഫഹദ് ഫാസിലിന്‍റേതായി (Fahadh Faasil) അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ആവേശം' (Avesham). 'രോമാഞ്ചം' എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ആവേശം ക്യാമ്പസ് പശ്ചാത്തലത്തില്‍ കോമഡി എന്‍റര്‍ടെയ്‌നറായാണ് ഒരുക്കുക.
ഇപ്പോഴിതാ സിനിമയില്‍ നിന്നുള്ള ഫഹദിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ആവേശത്തില്‍ ഒരു ഗുണ്ടാ നേതാവായാണ് ഫഹദ് ഫാസില്‍ എത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കറുത്ത നിറമുള്ള വേഷവും കട്ട മീശയും നീട്ടി വളര്‍ത്തിയ കൃതാവും ഉള്ള ഫഹദിന്‍റെ പുതിയ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു കൂട്ടം ഗുണ്ടകളെയും ഫഹദിന് ചുറ്റും കാണാം.
- " class="align-text-top noRightClick twitterSection" data="">
ബെംഗളൂരൂ കേന്ദ്രീകരിച്ചാകും സിനിമയുടെ കഥ പറയുക എന്നാണ് സൂചന. 'രോമാഞ്ചം' സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സിജു സണ്ണി, സജിന്‍ ഗോപു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ ജിത്തു മാധവന്‍ തന്നെയാണ് ആവേശം സിനിമയുടെ തിരക്കഥ. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും ഒരുക്കുന്നു.
അതേസമയം 'പുഷ്‌പ 2: ദി റൂൾ' (Pushpa 2: The Rule) ആണ് ഫഹദിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിലെ ഫഹദിന്‍റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഫഹദിന്‍റെ പിറന്നാൾ സമ്മാനമായാണ് നിര്‍മാതാക്കള്‍ ചിത്രത്തിലെ താരത്തിന്‍റെ ഫസ്‌റ്റ് ലുക്ക് റിലീസ് ചെയ്‌തത്.
അല്ലു അർജുനെ (Allu Arjun) നായകനാക്കി സുകുമാർ (Sukumar) സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൻവർ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷമാണ് ഫഹദിന്.
2021ൽ പുറത്തിറങ്ങിയ 'പുഷ്‌പ: ദി റൈസി'ന്‍റെ തുടർച്ചയാണ് 'പുഷ്‌പ 2: ദി റൂൾ'. ആദ്യ ഭാഗത്ത് നായകനെപ്പോലും വിറപ്പിക്കുന്ന പ്രകടനം കാഴ്‌ചവച്ച ഫഹദ് ഫാസില്‍ രണ്ടാം ഭാഗത്തില്‍ അതിലും വലുതാണ് കരുതിവച്ചിരിക്കുന്നത് എന്നാണ് സൂചന.
രണ്ടാം ഭാഗത്തിലും രശ്‌മിക മന്ദാന (Rashmika Mandanna) ആണ് അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്നത്. മൈത്രി മുവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ ചിത്രത്തില്‍ അജയ്, സുനിൽ, റാവു രമേഷ്, അനസൂയ തുടങ്ങിയവരും അണിനിരക്കും. 2023 ഡിസംബറിൽ 'പുഷ്‌പ 2: ദി റൂൾ' തിയേറ്ററുകളില്‍ എത്തും.
അതേസമയം, മാരി സെൽവരാജ് സംവിധാനം ചെയ്‌ത തമിഴ് ചിത്രം 'മാമന്നൻ' (Maamannan) ആണ് ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. വടിവേലു (Vadivelu), കീർത്തി സുരേഷ് (Keerthy Suresh), ഉദയനിധി സ്‌റ്റാലിന്‍ (Udhayanidhi Stalin) എന്നിവര്‍ക്കൊപ്പമാണ് ഫഹദ് 'മാമന്ന'നില്‍ പ്രത്യക്ഷപ്പെട്ടത്. ഹോംബാലെ ഫിലിംസ് നിർമിച്ച ആദ്യ മലയാള ചിത്രം 'ധൂമം' (Dhoomam) ആണ് താരത്തിന്‍റേതായി റിലീസായ മറ്റൊരു ചിത്രം.
Also Read: ഞെട്ടിക്കാൻ അവൻ വരുന്നു, ഭൻവർ സിങ് ഷെഖാവത്ത് ; ഫസ്റ്റ് ലുക്കെത്തി, ഫഹദിന് പിറന്നാൾ സമ്മാനം