ഹൈദരാബാദ്: തെലുഗു സിനിമ ലൈഗറിന്‍റെ സാമ്പത്തിക ഇടപാടില്‍ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) ലംഘനം നടന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംവിധായകനെയും നിര്‍മാതാവിനെയും ഇഡി ചോദ്യം ചെയ്‌തു. ലൈഗറിന്‍റെ സംവിധായകന്‍ പുരി ജഗന്നാഥിനെയും നിര്‍മാതാവ് ചാര്‍മി കൗറിനെയുമാണ് ചോദ്യം ചെയ്‌തത്. വിജയ് ദേവരകൊണ്ട നായകനായി ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ലൈഗറിന്‍റെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് ഇരുവരോടും ഇഡി അന്വേഷിച്ചതായാണ് വിവരം.
ചിത്രത്തിന്‍റെ സാമ്പത്തിക ഉറവിടം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്‌സണ്‍ നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം. ചിത്രത്തില്‍ രാഷ്‌ട്രീയക്കാരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പരാതി. കള്ളപ്പണം വെളുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നിക്ഷേപകര്‍ പണം ഇറക്കിയതെന്നും ബക്ക ജഡ്‌സണ്‍ പരാതിയില്‍ പറയുന്നു.
ഫെമ ലംഘിച്ച് വിദേശത്ത് നിന്നു പോലും കോടിക്കണക്കിന് രൂപ സിനിമയുടെ നിര്‍മാണത്തിനായി ഇറക്കി എന്നും പരാതിയില്‍ പരാമര്‍ശമുണ്ട്. സിനിമക്കാരുടെ അക്കൗണ്ടുകളിലേക്ക് നിരവധി കമ്പനികള്‍ പണം നിക്ഷേപിച്ചതായി അന്വേഷണ ഏജന്‍സിക്കും സംശയമുള്ളതായാണ് റിപ്പോര്‍ട്ട്. പണം അയച്ചവരുടെ വിശദാംശങ്ങള്‍ കൈമാറാന്‍ ഇഡി സംവിധായകനോടും നിര്‍മാതാവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ അമേരിക്കന്‍ ബോക്‌സര്‍ മൈക് ടൈസണും ടെക്‌നിക്കല്‍ ക്രൂ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കും പണം നല്‍കിയതിന്‍റെ വിശദാംശങ്ങളും ഇഡിക്ക് കൈമാറാന്‍ നിര്‍ദേശമുണ്ട്. വ്യാഴാഴ്‌ച 12 മണിക്കൂറിലേറെയാണ് പുരി ജഗന്നാഥിനെയും ചാർമി കൗറിനെയും ഇഡി ചോദ്യം ചെയ്‌തത്. 15 ദിവസം മുമ്പ് ഇവർക്ക് നോട്ടിസ് നൽകിയിരുന്നു.
ഇത് രണ്ടാം തവണയാണ് പുരി ജഗന്നാഥും ചാർമി കൗറും ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്. 2017 സംസ്ഥാന എക്സൈസ് വകുപ്പിന്‍റെ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്‌ത മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് 2021ല്‍ ഇഡി ഇരുവരെയും ചോദ്യം ചെയ്‌തിരുന്നു.
125 കോടി ബജറ്റിലാണ് ലൈഗര്‍ നിര്‍മിച്ചത്. വിജയ് ദേവരകൊണ്ടക്കൊപ്പം അനന്യ പാണ്ഡെയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ മൈക് ടൈസണും അതിഥി താരമായി അഭിനയിച്ചു. ലാസ് വേഗസിലായിരുന്നു ചിത്രത്തിന്‍റെ ഏറിയ പങ്കും ചിത്രീകരിച്ചത്. ബോക്‌സോഫിസില്‍ പ്രതീക്ഷിച്ച വിജയം സിനിമയ്‌ക്ക് ലഭിച്ചില്ല.