Durga Krishna against Vijay Babu: നടിയെ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടി ദുര്‍ഗ കൃഷ്‌ണ. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും നടി പറഞ്ഞു. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലും ദുര്‍ഗ കൃഷ്‌ണ നിലപാട് വ്യക്തമാക്കി. അതിജീവിത എല്ലാവര്‍ക്കും പ്രചോദനമാണെന്നാണ് ദുര്‍ഗ കൃഷ്‌ണ പറഞ്ഞത്. 'ഉടല്‍' സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
Durga Krishna reacts on Vijay Babu case: 'വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്‌തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.' -ദുര്‍ഗ കൃഷ്‌ണ പറഞ്ഞു.
Hareesh Peradi against AMMA: ബലാത്സംഗ കേസിലെ പ്രതിക്കെതിരെ ഇനിയും നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയ്‌ക്കെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. രാജ്യം പാസ്‌പോര്‍ട്ട് റദ്ദാക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാലും വിജയ് ബാബുവിന് അമ്മയില്‍ അംഗത്വമുണ്ടാകുമെന്നായിരുന്നു നടന്‍റെ വിമര്‍ശനം. അതേസമയം അമ്മ മീറ്റിംഗ് മൊബൈലില്‍ ചിത്രീകരിച്ച ഷമ്മി തിലകന്‍ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഹരീഷ് പേരടി പരിഹസിച്ചു.
Udal release: ദുര്‍ഗ കൃഷ്‌ണയുടേതായി ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ഉടല്‍'. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്‌ണ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രതീഷ് രഘുനന്ദനാണ് സംവിധാനം നിര്‍വഹിച്ചത്. മെയ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ജൂഡ് ആന്‍റണി ജോസഫും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. മനോജ് പിള്ള ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു. വില്യം ഫ്രാന്‍സിസ് ആണ് സംഗീതം.
ഒരു കുടുംബ കഥയാണ് ചിത്രം പറഞ്ഞത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരു മലയോര കുടിയേറ്റ കര്‍ഷകന്‍റെ കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇന്ദ്രന്‍സാണ് സിനിമയില്‍ കുടിയേറ്റ കര്‍ഷകനായെത്തിയത്. ഒരു കണ്ണിന് കാഴ്‌ചയില്ലാതെയെത്തിയ അദ്ദേഹത്തിന്‍റെ കഥാപാത്രം ഇതിനകം ഏറെ പ്രശംസ നേടിയിട്ടുണ്ട്.