Sita Ramam release: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന തെലുങ്ക് ചിത്രം 'സീതാ രാമം' തിയേറ്ററുകളിലെത്താന്‍ ഇനി നിമിഷങ്ങള്‍ മാത്രം. നാളെ റിലീസിനെത്തുന്ന ചിത്രത്തിന് യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ രാജ്യങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
Sita Ramam banned in gulf countries: യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് 'സീതാ രാമ'ത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ ദുല്‍ഖര്‍ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരേറെയുള്ളതിനാല്‍ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അത് സിനിമയുടെ ബോക്‌സ് ഓഫീസ് കലക്ഷനെ സാരമായി ബാധിക്കുമെന്നാണ് അനലിസ്‌റ്റുകളുടെ വിലയിരുത്തല്‍.
ഈ സാഹചര്യത്തില്‍ ചിത്രത്തിന് കേരളത്തില്‍ വൈഡ് റിലീസ് ഉണ്ടാകില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. അതേസമയം ആന്ധ്രാ പ്രദേശിലും ഹൈദരാബാദിലും മികച്ച ബുക്കിംഗാണ് സിനിമയ്‌ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും വീണ്ടും സെന്‍സര്‍ ചെയ്‌ത് അനുമതി ലഭിച്ചാല്‍ ചിത്രം റിലീസ് ചെയ്യാനാകും.
ബിഗ് ബഡ്‌ജറ്റായാണ് ചിത്രം ഒരുങ്ങിയത്. പാന്‍ ഇന്ത്യന്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ ലെഫ്‌റ്റനന്‍റ് റാം എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. പ്രധാനമായും തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലും റിലീസ് ചെയ്യും.
ദുല്‍ഖറിന്‍റെ രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. കീര്‍ത്തി സുരേഷിനൊപ്പമുള്ള 'മഹാനടി' ആയിരുന്നു ദുല്‍ഖറിന്‍റെ ആദ്യ തെലുങ്ക് സിനിമ. 1960കളില്‍ ജമ്മു കശ്‌മീരില്‍ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. 1965ലെ ഇന്‍ഡോ പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് 'സീതാ രാമം' കഥ പറയുന്നത്.
ഹനു രാഘവപ്പുടിയാണ് സംവിധാനം. ഒരു ഹിസ്‌റ്റോറിക്കല്‍ ഫിക്ഷനും അതേസമയം ഒരു പ്രണയകഥയുമാണ് ചിത്രമെന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു. ദുല്‍ഖറിന് വേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നും സംവിധായകന്‍ മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു.
മൃണാല്‍ താക്കൂര്‍ ആണ് സിനിമയില്‍ ദുല്‍ഖറിന്‍റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രമായി മൃണാലും അഫ്രീന്‍ എന്ന കഥാപാത്രമായി രഷ്‌മികയും വേഷമിട്ടിരിക്കുന്നു. ഒരു കശ്‌മീരി വിപ്ലവകാരി പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ രഷ്‌മികയ്‌ക്ക്.
പി.എസ്.വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ചന്ദ്രശേഖര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. വൈജയന്തി മൂവീസ്, സ്വപ്‌ന സിനിമാസ് എന്നിവരുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് നിര്‍മാണം. 'മഹാനടി'ക്ക് ശേഷം വൈജയന്തി ഫിലിംസും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്.