എണ്‍പതുകളില്‍ മലയാള സിനിമയെ പരമ്പരാഗത പാതയില്‍ നിന്ന് ആശയാഖ്യാനങ്ങളുടെ പൊളിച്ചെഴുത്തിലൂടെ വഴിതിരിച്ചുവിട്ട ചലച്ചിത്ര പ്രതിഭയാണ് കൂളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ ജി ജോർജ്. മലയാള സിനിമ ജനകീയമാകുന്ന സമയത്താണ് കെ ജി ജോർജിന്‍റെ രംഗപ്രവേശം. കാലത്തിന് മുമ്പേ സഞ്ചരിച്ച് മലയാള സിനിമയ്‌ക്ക് പുതുഭാവുകത്വം നൽകി കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകനെ വിസ്‌മയിപ്പിച്ചു. പ്രമേയത്തിലോ ആവിഷ്‌കാരത്തിലോ ആവർത്തനമില്ലാതെ മലയാള സിനിമയ്‌ക്ക് നവീന ഭാഷ്യവും കരുത്തും നൽകിയ മാസ്റ്ററാണ് മലയാളത്തിന് കെജി ജോര്‍ജ് (Director KG George Filmography).
കെ ജി ജോർജ് എന്ന പാഠപുസ്‌തകം : 1946ൽ തിരുവല്ലയിലായിരുന്നു ജനനം. 1968ൽ കേരള സർവകലാശാലയിൽ നിന്ന് ബിരുദം. തുടര്‍ന്ന് പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഔദ്യോഗിക ചലച്ചിത്ര പഠനം. അവിടുന്ന് ബിരുദവും നേടിയെത്തി രാമു കാര്യാട്ടുമായി സഹകരിച്ച് 'നെല്ല്' എന്ന ചിത്രത്തിന് തിരക്കഥ എഴുതി. ആസ്വാദകരുടെയും നിരൂപകരുടെയും ശ്രദ്ധനേടി കെ ജി ജോര്‍ജിന്‍റെ സിനിമയിലേക്കുള്ള രംഗപ്രവേശമായിരുന്നു അത് (Director KG George Films).
പിന്നീട്, രാമു കാര്യാട്ടിന്‍റെ തന്നെ 'മായ' എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്‌ടർ ആയി. 1975ൽ പുറത്തിറങ്ങിയ 'സ്വപ്‌നാടന'ത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. സൈക്കോ-ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ഈ സിനിമ അതുവരെ മലയാള സിനിമ സഞ്ചരിച്ച വഴികളിൽ നിന്ന് മാറി നടന്നു. വേറിട്ട അനുഭവം കാഴ്‌ചക്കാരന് സമ്മാനിച്ച ഈ ചിത്രത്തിന് ആ വർഷത്തെ ഏറ്റവും മികച്ച മലയാള സിനിമയ്‌ക്കുള്ള ദേശീയ അവാര്‍ഡും മികച്ച ചിത്രത്തിനുള്ള കേരള സർക്കാരിന്‍റെ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
1978ൽ പത്മരാജൻ രചിച്ച് കെ ജി ജോർജ് സംവിധാനം ചെയ്‌ത 'രാപ്പാടികളുടെ ഗാഥ' എന്ന ചിത്രം ജനപ്രിയവും കലാമൂല്യമുള്ളതുമായ സിനിമയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1979 മുതല്‍ 1985 വരെ കെ ജി ജോര്‍ജ് എന്ന സംവിധായകന്‍റെ ഏറ്റവും മികച്ച ചിത്രങ്ങൾ സിനിമാലോകം കണ്ടു. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചലച്ചിത്രമായി വിശേഷിപ്പിക്കാവുന്ന 'ഉള്‍ക്കടല്‍' കെ ജി ജോർജ് പ്രേക്ഷകന് സമ്മാനിച്ചത് ഇക്കാലയളവിലാണ്. വേണു നാഗവള്ളിയും ശോഭയും പ്രധാന വേഷത്തിലെത്തിയ 'ഉള്‍ക്കടല്‍' അദ്ദേഹത്തെ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാള്‍ എന്ന പദവിയിലേക്ക് എത്തിച്ചു.
പിന്നീടെത്തിയ 'മേള', 'കോലങ്ങള്‍', 'യവനിക' എന്നിവ ജോര്‍ജ് എന്ന ചലച്ചിത്രകാരന്‍റെ പ്രതിഭയിലെ പൊന്‍തൂവലുകളായി. ജോര്‍ജിന്‍റെ മാസ്റ്റര്‍പീസായി ഇന്നും സിനിമാപ്രേമികൾ കണക്കാക്കുന്നത് 'യവനിക'യാണ്. ഒരു കള്‍ട്ട് ക്ലാസ്സിക് സിനിമയായി ഇന്നും 'യവനിക' ചര്‍ച്ച ചെയ്യപ്പെടുന്നു. കലാ സിനിമകളും വാണിജ്യ സിനിമകളും രണ്ടായിരുന്ന കാലത്ത് സാധാരണ മനുഷ്യനോട് അടുത്തുനിന്ന കഥകൾ അദ്ദഹത്തിലൂടെ തിരശ്ശീലയെ തീപിടിപ്പിച്ചു. ഈ സിനിമകൾ വാണിജ്യപരമായി വിജയം കാണുകയും ചെയ്‌തു.
Also read: Director KG George Passes Away | സംവിധായകന്‍ കെ.ജി ജോര്‍ജ് അന്തരിച്ചു
വിമർശനം ഏറ്റുവാങ്ങിയ 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്', അഴിമതിയെ നിശിതമായി വിമര്‍ശിച്ച 'പഞ്ചവടിപ്പാലം', സ്ത്രീപക്ഷ സിനിമയെന്ന് നിസംശയം പറയാവുന്ന 'ആദാമിന്‍റെ വാരിയെല്ല്' എന്നിവ പ്രേക്ഷക മനസുകളില്‍ ആഴത്തില്‍ പതിഞ്ഞവയാണ്. 'ഇരകള്‍', 'കഥയ്ക്ക് പിന്നില്‍', 'മറ്റൊരാള്‍', 'ഈ കണ്ണി കൂടി', 'ഇനി അവൾ ഉറങ്ങട്ടെ', 'ഓണപ്പുടവ' എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങൾ കെ ജി ജോർജ് ആസ്വാദകർക്കായി നൽകി. 'ആദാമിന്‍റെ വാരിയെല്ല്', 'ഇരകള്‍' എന്നീ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍, ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിനും കെ ജി ജോർജ് അര്‍ഹനായി.
മലയാള സിനിമ അന്നോളം കണ്ടുവന്ന നായിക-നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയും അഴിമതി ചൂണ്ടിക്കാട്ടിയും സമൂഹം പരിചരിച്ചുപോന്ന കപടസദാചാരബോധത്തോട് കലഹിച്ചും നവതരംഗത്തിന് വഴിവെട്ടുകയായിരുന്നു അദ്ദേഹം. നവഭാവുകത്വത്തിന്‍റെ മാസ്റ്റർ ക്രാഫ്റ്റ്‌സ്‌മാൻ കെ ജി ജോർജിന് വിട.