'ഹിഗ്വിറ്റ' പേര് വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്‌ണന്‍. 'ഹിഗ്വിറ്റ' എന്നത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന പ്രശസ്‌ത ഗോള്‍കീപ്പറുടെ പേരാണെന്ന് ബി ഉണ്ണികൃഷ്‌ണന്‍. ഇതാദ്യമായാണ് ഇത്തരത്തില്‍ വിചിത്രമായൊരു പ്രശ്‌നം വരുന്നതെന്നും സംവിധായകന്‍ പ്രതികരിച്ചു. 'ഹിഗ്വിറ്റ' പേര് വിവാദത്തില്‍ താന്‍ സംവിധായകന്‍ ഹേമന്ത് ജി നായര്‍ക്കൊപ്പമാണെന്നും ബി ഉണ്ണികൃഷ്‌ണന്‍ വ്യക്തമാക്കി. ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു സംവിധായകന്‍റെ പ്രതികരണം.
'ഹിഗ്വിറ്റ എന്നത് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഒരു വ്യക്തിയുടെ നാമമാണ്. ടൈറ്റില്‍ കോപ്പിറൈറ്റ് ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ഒരു വ്യക്തിയുടെ നാമം കോപ്പിറൈറ്റ് ചെയ്യുമ്പോള്‍ അതിന്‍റെ നിയമവശങ്ങള്‍ കൂടി നാം അറിയണം. ഈ വിഷയത്തില്‍ കോടതിയോട് തന്നെ നമുക്ക് ഒരു നിലപാട് ചോദിക്കാം. കോടതിയുടെ നിലപാട് നമുക്ക് സ്വീകരിക്കാം.
ഹിഗ്വിറ്റ എന്നത് പ്രശസ്‌തനായ ഒരു ഗോള്‍കീപ്പറുടെ പേരാണ്. അദ്ദേഹത്തിന്‍റെ ഫുട്‌ബോള്‍ വൈഭവം നമ്മള്‍ ആസ്വദിച്ചിട്ടുള്ളതുമാണ്. ദുരന്തപര്യവസാനിയായും അല്ലാതെയുമൊക്കെ പല കഥകള്‍ ആ ബിംബത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആ ഒരു ബിംബം ഉപയോഗിച്ച് എന്‍എസ് മാധവന്‍ സര്‍ ഒരു പ്രതിരൂപം ഉണ്ടാക്കുകയും നാമെല്ലാം അതിനെ വളരെയധികം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്‌തു എന്നതും സത്യമാണ്.
എന്നാല്‍ ഇനി ഒരിക്കലും ആ ബിംബത്തെ മറ്റൊരാള്‍ ഉപയോഗിക്കരുത് എന്ന് പറയുന്നതില്‍ അര്‍ഥമില്ല. അതുപോലെ തന്നെ അതിന് യോജിക്കുന്ന ഒരു തലക്കെട്ടും അദ്ദേഹം ആ കഥയ്‌ക്ക് കൊടുത്തു. അതുകൊണ്ട് മാത്രം ആ തലക്കെട്ട് അദ്ദേഹത്തിന് സ്വന്തമാകുന്നില്ലല്ലോ.
സംവിധായകരും എഴുത്തുകാരും തമ്മിലുള്ള ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാം ഒരു പാരസ്‌പര്യത്തിന്‍റെ ഭാഗമായിട്ടാണ് നടന്നുപോരുന്നത്. ഇതിപ്പോള്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു പ്രശ്‌നം വരുന്നത്. ഏതെങ്കിലും തരത്തില്‍ കഥയെ സിനിമ കോപ്പി ചെയ്യുന്നുണ്ടെങ്കില്‍ അതിന് കോപ്പിറൈറ്റ് ഇഷ്യു ഉണ്ടാവും.
അദ്ദേഹത്തിന്‍റെ എഴുത്ത് എന്നത് ഒരു പ്രോപ്പര്‍ട്ടിയാണ്. അത് അദ്ദേഹത്തിന്‍റേത് മാത്രമാണ്. അതില്‍ ആര്‍ക്കും തര്‍ക്കവുമില്ല. അതില്‍ ഒരു വിഷയം വന്നാല്‍ ഞങ്ങള്‍ മാധവന്‍ സാറിന്‍റെ കൂടെ നില്‍ക്കുകയും ചെയ്യും.'-ബി ഉണ്ണികൃഷ്‌ണന്‍ പറഞ്ഞു.