അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപും തമന്നയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ബാന്ദ്ര'. സമ്മിശ്ര പ്രതികരണങ്ങൾ നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ച 'ബാന്ദ്ര'യിലെ 'മുജെ പാലേ' എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. കാത്തിരുന്ന ഗാനം എത്തിയതിന്‍റെ ആവേശത്തിലാണ് ആരാധകർ. സാം സി എസാണ് ഗാനത്തിന് ഈണമിട്ടത്. സായ് ആനന്ദ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് പവിത്ര ചാരി, സർഥക് കല്യാണി എന്നിവരാണ്.
അതേസമയം ഇമോഷനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ 'ബാന്ദ്ര' തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മാസിനൊപ്പം പ്രണയ കഥയും കുടുംബ ബന്ധങ്ങളും സൗഹൃദവും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. 'അലൻ അലക്‌സാണ്ടർ ഡൊമിനിക്ക്' എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്. 'താര ജാനകി' എന്നാണ് തമന്ന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. തമന്ന ഭാട്ടിയയുടെ ആദ്യ മലയാള സിനിമയ കൂടിയാണിത്.
അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് ഈ ചിത്രത്തിന്‍റെ നിർമാണം. തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയില്‍ മുഖ്യ വേഷങ്ങളിലുണ്ട്. ഒപ്പം സിദ്ധിഖ്, മംമ്ത മോഹൻദാസ്, സിദ്ധിഖ്, ഗണേഷ് കുമാർ എന്നിങ്ങനെ വൻ താരനിരയും ബാന്ദ്രയിൽ അണിനിരക്കുന്നുണ്ട്. ഉദയകൃഷ്‌ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.
ആക്ഷന് കൂടുതല്‍ പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ മാഫിയ ശശി, ഫിനിക്‌സ് പ്രഭു, അന്‍പറിവ് എന്നിവരാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍. മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പൂര്‍, രാജ്‌കോട്ട്, സിദ്ധാപൂര്‍, ഘോണ്ടല്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
നെഗറ്റീവ് റിവ്യൂ നല്‍കിയ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍: 'ബാന്ദ്ര'ക്കെതിരെ നെഗറ്റീവ് റിവ്യൂ നല്‍കിയ യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയില്‍ എത്തിയിരുന്നു. യൂട്യൂബര്‍മാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്ളോഗ്‌സ്, ഷാസ് മുഹമ്മദ്, അര്‍ജുന്‍, ഷിജാസ് ടോക്‌സ്, സായ് കൃഷ്‌ണ എന്നീ ഏഴ് പേര്‍ക്കെതിരെയാണ് അജിത് വിനായക ഫിലിംസ് പരാതി നൽകിയത്. ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നിർമാതാക്കൾ ഹര്‍ജി സമര്‍പ്പിച്ചത്.
റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ച് നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഇവര്‍ക്കെതിരെ നിർമാതാക്കളുടെ പരാതി. യൂട്യൂബര്‍മാര്‍ കമ്പനിക്ക് നഷ്‌ടമുണ്ടാകുന്ന തരത്തില്‍ നെഗറ്റീവ് ക്യാമ്പയിന്‍ നടത്തിയെന്നും ഇവര്‍ക്കെതിരെ നിയമ നടപടി വേണമെന്നുമാണ് അജിത് വിനായക ഫിലിംസ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. കൂടാതെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിനിമയെ കുറിച്ച് വ്യാജ പ്രചരണം നടത്തുന്ന യൂട്യൂബർമാർക്കെതിരെ കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.