തിയേറ്റർ വിജയത്തിന് പിന്നാലെ ധ്യാൻ ശ്രീനിവാസൻ നായകനായ സിനിമ 'നദികളിൽ സുന്ദരി യമുന' ഒടിടിയിലേക്ക്. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ചേർന്ന് സംവിധാനം ചെയ്‌ത ചിത്രം എച്ച്ആര്‍ ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്‌ടോബര്‍ 23ന് സിനിമയുടെ സ്‌ട്രീമിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു (Dhyan Srinivasan's Nadhikalil Sundari Yamuna OTT Release).
ധ്യാൻ ശ്രീനിവാസനൊപ്പം അജു വർഗീസും പ്രധാന വേഷത്തിൽ എത്തിയ ന'ദികളിൽ സുന്ദരി യമുന' തിയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. രസകരമായ ഒരു ചിരിപ്പടമായി എത്തിയ സിനിമ കുടുംബ പ്രേക്ഷകരടക്കം ഇരുകയ്യും നീട്ടി സ്വീകരിച്ചു. മലയാളത്തിലെ പഴയകാല ഹിറ്റ് കോമഡി ചിത്രങ്ങളെ ഓർമിപ്പിച്ചു എന്നായിരുന്നു 'നദികളിൽ സുന്ദരി യമുന'യെ കുറിച്ചുള്ള പ്രേക്ഷകരുടെ വിലയിരുത്തൽ.
നവാഗതരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും. വിലാസ് കുമാറും സിമി മുരിക്കഞ്ചേരിയുമാണ് ഈ ചിത്രം നിര്‍മിച്ചത്. സെപ്‌റ്റംബര്‍ 15നായിരുന്നു 'നദികളിൽ സുന്ദരി യമുന' തിയേറ്ററുകളില്‍ പ്രദർശനത്തിനായി എത്തിയത്.
കണ്ണൂരിലെ നാട്ടുമ്പുറങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളിലൂടെയാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്. സിനിമയില്‍ കണ്ണന്‍ എന്ന കഥാപാത്രമായി ധ്യാന്‍ ശ്രീനിവാസൻ എത്തിയപ്പോൾ വിദ്യാധരനായി അജു വര്‍ഗീസും തിളങ്ങി. പ്രഗ്യാ നാഗ്രയാണ് ടൈറ്റിൽ കഥാപാത്രമായ യമുനയ്‌ക്ക് ജീവൻ പകർന്നത്.
സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നേരത്തെ സിനിമ ഹിറ്റായി മാറിയതിന് പിന്നാലെ ധ്യാന്‍ ശ്രീനിവാസൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും വൈറലായിരുന്നു. 'ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട്. ബോംബ് നിര്‍വീര്യമായി' എന്നായിരുന്നു താരം കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരച്ച് രംഗത്തെത്തിയത്.
ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രതികരണം നേടിയിരുന്നു. മനു മഞ്ജിത്ത്, ഹരിനാരായണന്‍ എന്നിവരുടെ വരികൾക്ക് അരുണ്‍ മുരളീധരനാണ് സംഗീതം പകർന്നത്. ഫൈസല്‍ അലി ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്‌ണന്‍ എഡിറ്റിംഗും നിര്‍വഹിച്ചു.
ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ: ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍ - പ്രിജിന്‍ ജെസി, കലാസംവിധാനം - അജയന്‍ മങ്ങാട്, കോസ്റ്റ്യും ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, മേക്കപ്പ് - ജയന്‍ പൂങ്കുളം, പ്രോജക്‌ട് ഡിസൈന്‍ - വിജേഷ് വിശ്വം, അനിമാഷ്, ബിജിഎം - ശങ്കര്‍ ശര്‍മ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്‌സിങ് - വിപിൻ നായർ, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌സ് - പ്രസാദ് നമ്പ്യാങ്കാവ്, അനീഷ് നന്ദിപുലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജീവ് ചന്തിരൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ - മെഹമൂദ്, ഫിനാന്‍സ് കണ്‍ട്രോളര്‍ - ആതിര ദില്‍ജിത്ത്, അഞ്ജലി നമ്പ്യാര്‍, കളറിസ്‌റ്റ് - ലിജു പ്രഭാകർ, പ്രമോഷന്‍ സ്‌റ്റില്‍സ് - രോഹിത് കെ സുരേഷ്, സ്‌റ്റില്‍സ് - സന്തോഷ് പട്ടാമ്പി, ഡിജിറ്റൽ മാർക്കറ്റിങ് - യെല്ലോടൂത്ത്, പിആര്‍ഒ - വാഴൂര്‍ ജോസ്.