നടൻ എന്ന ഒരൊറ്റ ലേബലിൽ ഒതുക്കി നിർത്താൻ ആവില്ല ധനുഷിനെ. നടൻ എന്നതിലുപരി ഗായകനായും ഗാനരചയിതാവായും സംവിധായകനായും ധനുഷ് എന്ന പ്രതിഭ ഇതിനോടകം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ മൂന്നാമത്തെ സംവിധാന സംരംഭവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ താരം.
'നിലവുക്ക് എൻമേൽ എന്നടീ കോപം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. ഒരു റൊമാന്‍റിക്-കോമഡി എന്‍റർടെയിനർ ആയിരിക്കും ഈ ചിത്രം എന്നാണ് സൂചന. 'എ യൂഷ്വൽ ലവ് സ്റ്റോറി' എന്ന ടാഗ് ലൈനുമായാണ് 'നിലവുക്ക് എൻമേൽ എന്നടീ കോപം' വരുന്നത് (Dhanush's directorial project Nilavukku Emel Enadi Kobam first look out).
ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ധനുഷ് തന്നെയാണ്. ഇതുവരെ ഡിഡി3 എന്നായിരുന്നു ചിത്രത്തിന് താത്ക്കാലികമായി പേര് നൽകിയിരുന്നത്. ടൈറ്റിൽ അനൗൺസ്‌മെന്‍റിനൊപ്പം കളർഫുൾ പോസ്റ്ററുകളും പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ. ചിത്രത്തിന്‍റേതായി രണ്ട് വ്യത്യസ്‌ത പോസ്റ്ററുകൾ ധനുഷ് പുറത്തുവിട്ടിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരങ്ങളായ മാത്യു തോമസ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ എന്നിവരാണ് 'നിലവുക്ക് എൻമേൽ എന്നടീ കോപം' സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം റാബിയ, പവീഷ്, രമ്യ, വെങ്കി (വെങ്കടേഷ് മേനോൻ) എന്നിവരും താരനിരയിലുണ്ട്.
നേരത്തെ ബോക്‌സോഫിസിൽ തരംഗം സൃഷ്‌ടിച്ച വിജയ് - ലോകേഷ് കനകരാജ് ചിത്രം 'ലിയോ'യിൽ തിളങ്ങിയ മാത്യു തോമസ് 'നിലവുക്ക് എൻമേൽ എന്നടീ കോപത്തി'ലൂടെ തമിഴ് സിനിമയിൽ നായകനായി അരങ്ങേറുകയാണ്. 'ലിയോ'യിൽ വിജയ് അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകനായാണ് മാത്യു അഭിനയിച്ചത്. പുതിയ ചിത്രത്തിലൂടെ താരം വീണ്ടും ഞെട്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അനിഖ സുരേന്ദ്രനും പ്രിയ വാര്യറും തമിഴ് സിനിമാലോകത്തിന് സുപരിചിതമായ മുഖങ്ങളാണ്.
2017ൽ പുറത്തിറങ്ങിയ 'പാ പാണ്ടി' എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം അദ്ദേഹത്തിന് തമിഴിലെ മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡും നേടിക്കൊടുത്തിരുന്നു. അതേസമയം, ഡിസംബർ 15നാണ് ധനുഷ് തന്‍റെ രണ്ടാമത്തെ സംവിധാനസംരംഭമായ 'ഡി50' പൂർത്തിയാക്കിയ വിവിരം ആരാധകരുമായി പങ്കുവച്ചത്. "#D50 #DD2wrapped. മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ആത്മാർത്ഥമായ നന്ദി.
കൂടാതെ, എന്‍റെ കാഴ്‌ചപ്പാടിനെ പിന്തുണച്ചതിന് കലാനിധി മാരനും സൺ പിക്‌ചേഴ്‌സിനും നന്ദി," ധനുഷ് എക്‌സിൽ കുറിച്ചതിങ്ങനെ. സംവിധാനം കൂടാതെ, ധനുഷ് ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്.
അതേസമയം, വണ്ടർബാർ പ്രൊഡക്ഷന്‍റെ ബാനറിൽ കസ്‌തൂരിരാജ, വിജയലക്ഷ്‌മി കസ്‌തൂരിരാജ എന്നിവർ ചേർന്നാണ് 'നിലവുക്ക് എൻമേൽ എന്നടീ കോപം' നിർമിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ലിയോൺ ബ്രിട്ടോ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രസന്ന ജി കെ ആണ്. ജാക്കിയാണ് പ്രൊഡക്ഷൻ ഡിസൈനർ.
വിഷ്വൽ ഡയറക്‌ടർ/കോസ്റ്റ്യൂം ഡിസൈനർ : കാവ്യ ശ്രീറാം, കോസ്റ്റ്യൂമർ : നാഗു, സ്റ്റിൽസ് : മുരുഗൻ, പബ്ലിസിറ്റി ഡിസൈനർ : കബിലൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ഡി രമേഷ് കുച്ചിരായർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : ശ്രേയസ് ശ്രീനിവാസൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ALSO READ: മാത്യു തോമസും ബേസിലും ഒന്നിക്കുന്ന 'കപ്പ്' സെക്കൻഡ് ലുക്ക് പുറത്ത്