ചെന്നൈ : തന്‍റെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ മധുരയിലെ ദമ്പതിമാരില്‍ നിന്ന് 10 കോടി രൂപ നഷ്‌ട പരിഹാരം ആവശ്യപ്പെട്ട് നടന്‍ ധനുഷ്. ഇത് അറിയിച്ചുകൊണ്ട് ധനുഷിന്‍റെ അഭിഭാഷകനാണ് ദമ്പതികള്‍ക്ക് വക്കീല്‍ നോട്ടിസ് അയച്ചത്. ധനുഷിനെതിരെ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും നടന്‍റെ അഭിഭാഷകനായ എസ് ഹാജ മൊയ്‌ദീന്‍ വക്കീല്‍ നോട്ടിസില്‍ പറയുന്നു.
വ്യാജ പരാതി പിന്‍വലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്‌തില്ലെങ്കില്‍ നടന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ദമ്പതികള്‍ 10 കോടി രൂപയുടെ മാനനഷ്‌ട കേസ് നേരിടേണ്ടി വരും. ഇനിമുതൽ തങ്ങൾക്കെതിരെ തെറ്റായതും അംഗീകരിക്കാനാവാത്തതും അപകീർത്തികരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ധനുഷ് ആവശ്യപ്പെടുന്നുവെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നുണ്ട്.
നേരത്തെ ദമ്പതികളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും, തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും, ഉടന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരുവനാണ് ധനുഷ് എന്ന അവകാശവാദവുമായാണ് 60 കാരനായ റിട്ടയേര്‍ഡ് ബസ് കണ്ടക്‌ടര്‍ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിനെ 2021 നവംബറില്‍ സമീപിച്ചത്.
തങ്ങളുടെ ദൈനംദിന ചിലവുകള്‍ക്ക് പണം നല്‍കാന്‍ താരം വിസമ്മതിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. പല തവണ ശ്രമിച്ചിട്ടും ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്നും ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നും ദമ്പതികള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് സമന്‍സ് അയച്ചതിന് പിന്നാലെ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് കോടതിയില്‍ ഹര്‍ജി നല്‍കി. ധനുഷിന്‍റെ ഐഡന്‍റിറ്റി മാർക്ക് മെഡിക്കൽ വെരിഫിക്കേഷനും ജനന സർട്ടിഫിക്കറ്റും ഹാജരാക്കിയതിനെ തുടർന്ന് ഏപ്രിൽ 22 ന് ദമ്പതികളുടെ കേസ് കോടതി റദ്ദാക്കി.