തിരുവനന്തപുരം: ജനുവരി 22ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാദിനം നാമം ജപിച്ചും വിളക്കു കൊളുത്തിയും ആചരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വീഡിയോ സന്ദേശത്തിന് പിന്നാലെ ഗായിക ചിത്രയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം. രാമക്ഷേത്ര പ്രതിഷ്‌ഠ നടക്കുമ്പോൾ ശ്രീരാമ സ്‌തുതികൾ ആലപിക്കണമെന്ന് ദേശീയ അവാർഡ് ജേതാവ് കൂടിയായ ഗായിക ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു (Cyber attack against KS Chitra over Ram hymns chanting appeal).
കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചിത്രയുടെ വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്ന ദിവസം ഉച്ചയ്‌ക്ക് 12.20 ന് എല്ലാവരും 'ശ്രീരാമ, ജയ രാമ, ജയ ജയ രാമ' മന്ത്രം ജപിക്കണമെന്ന് ഗായിക ആവശ്യപ്പെടുന്നത് ഹ്രസ്വ വീഡിയോയിൽ കാണാം. അതേ ദിവസം വൈകുന്നേരം അഞ്ച് തിരി വിളക്കുകൾ അവരുടെ വീടുകളിൽ കത്തിക്കാനും ചിത്ര ആവശ്യപ്പെടുന്നുണ്ട്.
"ലോകാ സമസ്‌താ സുഖിനോ ഭവന്തു" എന്ന സംസ്‌കൃത ശ്ലോകം ചൊല്ലിക്കൊണ്ടാണ് ചിത്ര വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനമാണ് ചിത്ര നേരിടുന്നത്. ചിത്രയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച ഒരു വിഭാഗം, ചിത്ര രാഷ്‌ട്രീയ പക്ഷം പിടിക്കുകയാണെന്നും ആരോപിച്ചു.
നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കളാണ് ചിത്രയെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തുന്നത്. എല്ലാവർക്കും ഉള്ളതുപോലെ അഭിപ്രായം പ്രകടിപ്പിക്കാൻ ചിത്രയ്‌ക്കും എല്ലാവിധ അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടി. ഇതിനിടെ ചിത്രയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രശസ്‌ത ഗായകൻ ജി വേണുഗോപാൽ രംഗത്തെത്തി.
ചിത്രയെ ശക്തമായി പിന്തുണച്ച ജി വേണുഗോപാൽ ഓൺലൈനിലൂടെയുള്ള വാക്‌പോര് അവരെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്നും ഇത് നിരാശാജനകമാണെന്നും പറഞ്ഞു. ഇത്രയും ഗാനങ്ങൾ നമുക്ക് പാടിത്തന്ന ചിത്ര പറഞ്ഞതിനോട് ആർക്കെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നമുക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ എന്നാണ് ജി.വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.
ചിത്രയുടെ വാക്കുകള്‍ക്കെതിരെ നടക്കുന്നത് സൈബര്‍ ആക്രമണമാണെന്ന് ബിജെപി നേതാവ് വി മുരളീധരനും പ്രതികരിച്ചിരുന്നു. കേരളത്തിൽ വിളക്ക് കത്തിക്കുന്നത് കുറ്റകരമാണോ എന്ന് ചോദിച്ച മുരളീധരൻ എന്തുകൊണ്ടാണ് കേരളത്തിലെ പൊലീസ് ഇത്തരം അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതെന്നും ആരാഞ്ഞു. ചിത്രയ്ക്ക് പിന്തുണയുമായി മുതിര്‍ന്ന ചലച്ചിത്ര പ്രവര്‍ത്തകനും ഗാന രചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തെത്തി.വിളക്ക് കൊളുത്തുന്നതില്‍ എന്താണ് തെറ്റെന്നും സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമറിയുന്നഗായികയായ ചിത്രയെ ഒരു വിഭാഗം അസഭ്യം പറയുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു.
അടുത്തിടെ തൃശൂരിൽ ബിജെപി സംഘടിപ്പിച്ച സ്‌ത്രീശാക്തീകരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ട നടി ശോഭനയെ ഒരു വിഭാഗം ആളുകൾ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ചിത്രയ്‌ക്കെതിരായ സൈബർ ആക്രമണം.