ഓണം റിലീസായി തിയറ്ററുകളില്‍ എത്തിയ വിനയന്‍ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. 1825ല്‍ ജനിച്ച ആറാട്ടുപുഴ വേലായുധന്‍ എന്ന ധീര യോദ്ധാവിന്‍റെ ജീവിതം പ്രമേയമാക്കിയ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. സംവിധായകന്‍ വിനയന്‍റെ സംവിധാന മികവ് ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച ചിത്രം കൂടിയാണ് പത്തൊമ്പതാം നൂറ്റാണ്ട്.
ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധനായി എത്തിയ സിജു വില്‍സണും മികച്ച പ്രകടനം കാഴ്‌ചവച്ചു. സിജുവിന്‍റെ കരിയറിലെ നാഴികക്കല്ലാകും പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് നിരൂപകര്‍ പറയുന്നത്. സിനിമ മേഖലക്ക് പുറമെ രാഷ്‌ട്രീയ നേതാക്കളും ചിത്രം കണ്ട അനുഭവം പങ്കുവച്ചിട്ടുണ്ട്.
ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ചു കൊണ്ട് സിപിഎം എറണാകുളം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുണ്‍ കുമാര്‍ ഫേസ്‌ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണിപ്പോള്‍. കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ സമര നായകനാണ് ആറാട്ടുപുഴ വേലായുധന്‍ എന്ന് അരുണ്‍കുമാര്‍ കുറിപ്പില്‍ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം: ശ്രീ. വിനയൻ സംവിധാനം ചെയ്‌ത "പത്തൊമ്പാതാം നൂറ്റാണ്ട്" എന്ന സിനിമ കണ്ടു. ലോകത്ത് ഒരിടത്തും കാണാത്ത അയിത്തവും അന്തവിശ്വാസവും അനാചാരവും കൊടികുത്തി വാണിരുന്ന ഒരു സ്ഥലമായിരുന്നു മൊത്തത്തിൽ കേരളം. മേൽ പറഞ്ഞ ആചാരങ്ങൾക്ക് പുറമെ അടിമത്തം, തീണ്ടാപ്പാട്, ജന്മി സമ്പ്രദായം, സ്‌ത്രീ വിരോധം, പക്ഷപാദ ചികിത്സ രീതികൾ, ഊഴിയം വേല (കൂലി ഒന്നും തന്നെ ഇല്ലാതെ ജോലി), മറ്റ് വിവേചനങ്ങൾ തുടങ്ങി അക്കാലത്ത് നിലനിന്നിരുന്ന എല്ലാ സാമൂഹിക തിന്മകളും സവർണർ, ദളിതവിഭാഗത്തെ ചൂഷണം ചെയ്യുന്നതിനുള്ള ഉപാധികളായി ഉപയോഗിച്ചിരുന്നു.
ഈ നാടിനേയാണ് വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത്. ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റിയതിനു പിന്നിൽ സാമൂഹ്യ പരിഷ്‌കർത്തക്കാളുടെയും നവോത്ഥാന നായകമാരുടെയും ത്യാഗോജ്വലമായ പോരാട്ടങ്ങളാണ് പത്തൊമ്പാതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലും തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നടന്നത്. നമ്മുടെ നവോത്ഥാന ചരിത്രത്തിൽ വേണ്ടത്ര തെളിച്ചത്തോടെ രേഖപ്പെടുത്താതെ പോയ പേരാണ് ആദ്യകാല സമരനായകൻ ആറാട്ടുപുഴ വേലായുധ പണിക്കരുടേത്.
1825-ൽ ജനിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതവും പോരാട്ടങ്ങളും ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് "പത്തൊമ്പാതാം നൂറ്റാണ്ട്". അത് ഒരു സിനിമ മാത്രമല്ല ഈ നാടിന്‍റെ പോരാട്ടചരിത്രങ്ങളുടെ നേർക്കാഴ്‌ച കൂടിയാണ്. തൊട്ടുകൂടായ്‌മയും തീണ്ടലും അനാചാരങ്ങളും ഒക്കെനിലനിന്ന നാട്ടിൽ ആയുധ വിദ്യയിലും കളരി പാരമ്പര്യത്തിലും കരുത്തു നേടി ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ പോരാട്ടങ്ങൾ നന്നായി ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞു.
സവർണാധിപത്യത്തെ വെല്ലുവിളിച്ച് മംഗലത്തെ ഇടയ്ക്കാട് ജ്ഞാനേശ്വരി ക്ഷേത്രം 1853 ലും ചേർത്തല തണ്ണീർമുക്കം ചെറുവാരണം ക്ഷേത്രം 1856 ലും വേലായുധപണിക്കർ സ്ഥാപിച്ചത്, അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവ പ്രതിഷ്‌ഠ നടത്തിയതിന് 3 പതിറ്റാണ്ടുകൾക്ക് മുൻപെയാണ്. അതുപോലെ തന്നെ സവർണ കലാരൂപമായ കഥകളിയെ എല്ലാ ജാതി വിഭാഗങ്ങൾക്കും പ്രാപ്യമാക്കി മാറ്റിയതും വളരെ മനോഹരമായി "പത്തൊൻപതാം നൂറ്റാണ്ടിൽ" ചിത്രീകരിച്ചിരിക്കുന്നു. തിരുവിതാംകൂറിൽ മുലക്കരം, തലക്കരം ഏണിക്കരം, കത്തിക്കരം, വലക്കരം, വണ്ടിക്കരം, മീശക്കരം തുടങ്ങി ശരീരത്തിന്മേലും തൊഴിലുപകരണങ്ങൾക്കുമേലും കരം ചുമത്തിയിരുന്ന നികൃഷ്‌ട കാലത്തെ ഒട്ടും തീവ്രത നഷ്‌ടപെടാതെ ചിത്രീകരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
വേലായുധ പണിക്കരുടെയും നങ്ങേലിയുടെയും അഭിനയം അവിസ്‌മരണീയമായി തോന്നി. അച്ചിപ്പുടവ സമരവും മൂക്കുത്തി സമരവും എല്ലാം ഇന്നത്തെ തലമുറ പഠിക്കേണ്ടതു തന്നെയാണ്. ഇങ്ങനെയൊക്കെയുള്ള ആചാരങ്ങൾ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു എന്ന് വിശ്വസിക്കുക തന്നെ പ്രയാസം. വദ്യവയോധികരായ നമ്പൂതിരി കാരണവർമാർ നായർ തറവാടുകളിലെ ചെറുപ്രായപെൺകുട്ടികളിൽ യാതൊരു മര്യാദയുമില്ലാതെ സംമ്പന്ധത്തിനെത്തുന്ന പ്രാചീന രീതിയെയും സിനിമ തുറന്നു കാട്ടുന്നുണ്ട്.
തിരുവിതാംകൂർ രാജാവിന്‍റെ ഭരണം സത്യത്തിലും നീതിയിലും അധിഷ്‌ഠിതമായ ഭരണമാണെന്നും രാജകിങ്കരന്മാരും ദിവാൻമാരും ഇടപെട്ട് അത് ജനവിരുദ്ധമാക്കുന്നത് എന്നാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ഇത് പൂർണമായും ശരിയാണോ എന്ന് പരിശോധിക്കണം. ശ്രീ പത്മനാഭന്‍റെ "സാളഗ്രാമം' കളവുപോയതും അത് കണ്ടെത്താൻ രാജ്യത്തിന്‍റെ സർവ സൈന്യാധിപനും പട്ടാളവും ഒക്കെ പരമാവധി ശ്രമിച്ചിട്ടും ലഭിക്കാതെ വന്നപ്പോൾ അത് വേലായുധ പണിക്കരെ ഏല്‍പിച്ചതും വേലായുധ പണിക്കർ അത് സാഹസികമായി കണ്ടെത്തി രാജാവിനെ ഏല്‍പിച്ചതും എല്ലാം വളരെ ഗംഭീരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.
നവോത്ഥാന നേട്ടങ്ങളുടെ പൈതൃകം ഏറ്റെടുക്കാൻ വർഗീയ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമകാലീന സന്ദർഭത്തിൽ ഈ സിനിമക്ക് നല്ല പ്രാധാന്യമുണ്ട്. ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ മുഷിപ്പിക്കാത്ത വിധത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ നിർമാതാക്കൾക്ക് എല്ലാവിധ ആവിഷ്ക്കാര സ്വാതന്ത്യവും ഉണ്ടെങ്കിലും ചില ചെറിയ വിമർശനങ്ങളും എനിക്ക് സൂചിപ്പിക്കാനുണ്ട്.
മുലക്കരം പിരിക്കാൻ വന്ന രാജ കിങ്കരന്മാർക്ക് മുന്നിൽ അരിവാൾ കൊണ്ട് തന്‍റെ മുലകൾ അറുത്ത് ചേമ്പിലയിൽ നൽകി ചോര വാർന്നു നങ്ങേലി മരിച്ചുവീണത് 1803 ലാണെന്നും തുടർന്ന് ശ്രീമൂലം തിരുനാൾ രാമവർമ രാജാവ് 1810-ൽ മുലക്കരം പിൻവലിച്ചു എന്നും രേഖപ്പെടുത്തുന്നുണ്ട്. ഇത് ആറാട്ടുപുഴ വേലായുധ പണിക്കറുടെ ജിവിത കാലഘട്ടവുമായി ഒത്തു പോകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. മിശ്രഭോജനവും മിശ്രവിവാഹവും പ്രോത്സാഹിപ്പിക്കാൻ വേലായുധ പണിക്കർ നടത്തിയ ശ്രമങ്ങളും ചരിത്രത്തിന്‍റെ ഭാഗമാണ്.
മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാൻ വേണ്ടി സ്വന്തം സഹോദരിയെ ഒരു നായർ യുവാവിനെക്കൊണ്ട് വേലായുധപണിക്കർ വിവാഹം കഴിപ്പിച്ചു. അയിത്ത ജാതിക്കാർ അടുത്തു വരാതിരിക്കാൻ സവർണ ജാതിക്കാർ "ഹോയ്" ശബ്‌ദം കേൾപ്പിച്ച് വഴി നടക്കാനുള്ള സ്വാതന്ത്യം നിഷേധിക്കുന്നനെതിരെ നടത്തിയ പോരാട്ടങ്ങളും അതിന്‍റെ ഭാഗമായി പണിക്കർക്ക് ഒരു കൊല്ലം ജയിൽ ശിക്ഷ വിധിച്ചതും കുറച്ചു കൂടി വിപുലമായി ഉൾപ്പെടുത്തണമായിരുന്നു. ശ്രീ പത്മനാഭന്‍റെ "സാളഗ്രാമം'' (തിരുവാഭരണങ്ങൾ) കളവു നടത്തിയത് കായംകുളം കൊച്ചുണ്ണിയായിരുന്നുവെന്നത് ഒരു പുതിയ അറിവാണ്.
തിരുവാഭരണങ്ങൾ വീണ്ടെടുത്തു നൽകിയ വീരകൃത്യത്തിനു പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാവിന്‍റെ വക രണ്ടു കൈകളിലും വീരശൃംഖലയും "പണിക്കർ പദവിയും" വേലായുധ പണിക്കർക്ക് കല്‍പിച്ചു നൽകി അനുമോദിക്കുകയും ചെയ്‌തു. ഈ അനുമോദനം നടന്ന വർഷവും കായംകുളം കൊച്ചുണ്ണിയുടെ ജീവിത കാലഘട്ടവും ഒരേ സമയത്താണോ എന്ന് പരിശോധിക്കേണ്ടതാണ്.
സിനിമയിലെ രംഗങ്ങൾ എല്ലാം നമ്മുടെ നാട്ടിൽ നടന്ന സംഭവങ്ങൾ തന്നെയാണ്. എന്തായാലും ഇത്തരത്തിലൊരു സിനിമ ഈ കാലഘട്ടം ആവശ്യപ്പെടുന്നതു തന്നെയാണ്. "പത്തൊമ്പതാം നൂറ്റാണ്ട്" സിനിമയുടെ സംവിധായകനും നിർമാതാവിനും അഭിനയതേക്കൾക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.