തമിഴ് സൂപ്പര്‍താരം ധനുഷിന്‍റെ പുതിയ ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാന്‍' ട്രെയ്‌ലര്‍ യൂട്യൂബില്‍ പുറത്തിറങ്ങി. 2.12 മിനിറ്റ് ദൈര്‍ഘ്യമുളള ട്രെയ്‌ലറില്‍ ഗംഭീര ആക്ഷന്‍ രംഗങ്ങളുമായാണ് താരങ്ങള്‍ എത്തുന്നത്. അവഞ്ചേര്‍സ് സീരീസ് സംവിധായകരായ റൂസ്സോ സഹോദരങ്ങളാണ് സിനിമ ഒരുക്കുന്നത്.
ജൂലായ് 22ന് നെറ്റ്‌ഫ്‌ളിക്‌സിലൂടെയാണ് ബിഗ് ബജറ്റ് ചിത്രത്തിന്‍റെ റിലീസ്. ദി എക്‌സ്‌ട്രാ ജേര്‍ണി ഓഫ് ഫക്കീറിന് ശേഷം ധനുഷ് രണ്ടാമതായി അഭിനയിച്ച ഹോളിവുഡ് ചിത്രമാണ് 'ദി ഗ്രേ മാന്‍'. വളരെ പ്രാധാന്യമുളള ഒരു റോളിലാണ് നടന്‍ എത്തുന്നതെന്നാണ് വിവരം.
നേരത്തെ സിനിമയുടെ കാരക്‌ടര്‍ പോസ്‌റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ധനുഷിന് പുറമെ റയാന്‍ ഗോസ്‌ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍. മാര്‍ക്ക് ഗ്രീനി 2009ല്‍ എഴുതിയ ഗ്രേ മാന്‍ എന്ന പുസ്‌തകത്തെ ആസ്‌പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
200 മില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കിലുളള സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായിരുന്നു. ആക്ഷന്‍ എന്‍റര്‍ടെയ്‌നറായിട്ടാണ് 'ദി ഗ്രേ മാന്‍' പ്രേക്ഷകരിലേക്ക് എത്തുന്നത്. അനാ ഡെ അര്‍മാസ് ആണ് ബിഗ് ബജറ്റ് ചിത്രത്തിലെ നായിക. ഒടിടി റിലീസിന് മുന്‍പ് ജൂലായ് 15ന് ചുരുക്കം ചില തിയേറ്ററുകളില്‍ സിനിമ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അവഞ്ചേര്‍സ് സീരീസിന് പുറമെ ക്യാപ്‌റ്റന്‍ അമേരിക്ക, സിവില്‍ വാര്‍ പോലുളള സിനിമകളുടെയും സംവിധായകരാണ് റൂസോ സഹോദരങ്ങള്‍. നെറ്റ്‌ഫ്‌ളിക്‌സിന്‍റെ ചരിത്രത്തിലെ എറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ദി ഗ്രേ മാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വാഗ്‌നര്‍ മൗറ, ജെസീക്ക ഹെന്‍വിക്ക്, ജൂലിയ ബട്ടര്‍സ് എന്നീ താരങ്ങളും ചിത്രത്തില്‍ എത്തുന്നു.
'ദി ഗ്രേ മാന്‍' സിനിമയിലെ ധനുഷിന്‍റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018ലാണ് നടന്‍റെ ആദ്യ ഹോളിവുഡ് ചിത്രമായ 'ദി എക്‌സ്‌ട്രാ ജേര്‍ണി ഓഫ് ഫക്കീര്‍' പുറത്തിറങ്ങിയത്. കെന്‍ സ്കോട്ട് സംവിധാനം ചെയ്‌ത സിനിമയിലെ നടന്‍റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 'ദി ഗ്രേ മാന്‍' ചിത്രത്തിലെ ധനുഷിന്‍റെ കഥാപാത്രം സംബന്ധിച്ചുളള മറ്റുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.