തെലുഗു മെഗാ സ്റ്റാർ ചിരഞ്ജീവി നായകനായി പുതിയ ചിത്രമെത്തുന്നു. അജിത് നായകനായ സൂപ്പർഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്‍റെ തെലുഗു റീമേക്കുമായാണ് ചിരഞ്ജീവി ഇത്തവണ എത്തുന്നത്. 'ഭോലാ ശങ്കർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി.
ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'വേതാളം'. തിയേറ്ററുകളില്‍ മികച്ച വിജയമായിരുന്നു ചിത്രം നേടിയത്. 'ഭോലാ ശങ്കറും' തിയേറ്ററുകൾ കീഴടക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
- " class="align-text-top noRightClick twitterSection" data="">
ഒരു ചിരഞ്ജീവി ചിത്രത്തില്‍ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാം കോർത്തിണക്കിയാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളും പഞ്ച് ഡയലോഗുകളുമെല്ലാം ചേര്‍ന്നതാണ് ടീസർ. ഏതായാലും മാസ് ചിത്രം തന്നെയായിരിക്കും 'ഭോലാ ശങ്കര്‍' എന്ന പ്രതീക്ഷ കാണികളില്‍ നിറയ്‌ക്കുന്നതാണ് 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസർ.
മെഹർ രമേഷാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അജിതിന്‍റെ തന്നെ ചിത്രമായ 'ബില്ല' തെലുഗുവിലേക്ക് റീമേക്ക് ചെയ്‌ത സംവിധായകനാണ് മെഹർ രമേഷ്. രാമബ്രഹ്‍മം സുങ്കര നിർമിക്കുന്ന 'ഭോലാ ശങ്കർ' ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തും.
തമന്നയാണ് 'ഭോലാ ശങ്കറി'ൽ ചിരഞ്ജീവിയുടെ നായികയായി എത്തുന്നത്. കൂടാതെ കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ചിരഞ്ജീവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തുക. ഇവർക്ക് പുറമെ രഘു ബാബു, റാവു രമേശ്, മുരളി ശർമ, വെണ്ണല കിഷോർ, തുളസി, പ്രഗതി തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നു.
'ഭോലാ ശങ്കർ' ചിത്രത്തിന്‍റെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ടീസറും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഡൂഡ്‍ലി ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്.
'ഗോഡ്‍ഫാദറി'ന് ശേഷം ചിരഞ്ജീവി നായകനാവുന്ന റീമേക്ക് ചിത്രം കൂടിയാണ് 'ഭോലാ ശങ്കർ'. മോഹൻലാൽ - പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ, മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുഗു റീമേക്കായിരുന്നു ഗോഡ്‍ഫാദർ. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്‌തത്.
ചിരഞ്ജീവിയുടെ കഴിഞ്ഞ ചിത്രം 'വാള്‍ട്ടര്‍ വീരയ്യ'യും ബോക്‌സോഫിസില്‍ വിജയമായിരുന്നു. ബോബി കൊല്ലിയുടെ സംവിധാനത്തിലെത്തിയ ഈ ആക്ഷന്‍ ഡ്രാമയിൽ ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിച്ചത്. സംക്രാന്തി റിലീസ് ആയി ജനുവരി 13 ന് ആയിരുന്നു ചിത്രം റിലീസ് ചെയ്‌തത്.
ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് തന്നെ ആഗോള ബോക്‌സോഫിസില്‍ നിന്ന് 100 കോടി സ്വന്തമാക്കിയ ചിത്രമായിരുന്നു ഇത്. ഒരു മാസം കഴിഞ്ഞ് ഫെബ്രുവരി 27 ന് ചിത്രം നെറ്റ്ഫ്ലിക്‌സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. എന്നാൽ ഒടിടി റിലീസിന് ശേഷവും ആന്ധ്രയിലും തെലങ്കാനയിലും ചില തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടര്‍ന്നിരുന്നു. ശ്രുതി ഹാസന്‍ ആയിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. രവി തേജയും കാതറിന്‍ ട്രീസയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
READ MORE: ദീപാവലിക്ക് വാള്‍ട്ടയര്‍ വീരയ്യയുടെ മാസ് എന്‍ട്രി; ചിരഞ്ജീവി ചിത്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍