മുംബൈ: ദീപാവലി ദിനത്തിൽ ബോളിവുഡ് സുഹൃത്തുക്കൾക്ക് വേണ്ടി വെളിപ്പെടുത്തലുകളുമായി നടി കങ്കണ റണാവത്ത്. 'ആരെയെങ്കിലും ഞാൻ ഈ വർഷം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് നിങ്ങൾ അർഹിക്കുന്നു' എന്ന മീം ആണ് ബോളിവുഡ് സുഹൃത്തുക്കൾക്കായി കങ്കണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ ബോളിവുഡ് സുഹൃത്തുക്കളോട് ചിലത് ഏറ്റുപറയാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പും മീമിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.
നേരത്തെ ഛോട്ടീ ദീപാവലിയോടനുബന്ധിച്ച് തന്‍റെ പുതുക്കിപണിത ക്ഷേത്രത്തിന്‍റെ ചിത്രം താരം പങ്കുവച്ചിരുന്നു. ക്രീം ബീജ് സ്യൂട്ട് ധരിച്ച് പുരോഹിതനൊപ്പം ക്ഷേത്രത്തിലിരിക്കുന്ന ചിത്രമാണ് കങ്കണ പങ്കുവച്ചത്. ഗണപതി വിഗ്രഹവും ചിത്രത്തിലുണ്ടായിരുന്നു.
കങ്കണയുടെ പ്രൊഡക്ഷൻ ഹൗസായ മണികർണിക ഫിലിംസ് ആദ്യമായി നിർമിക്കുന്ന 'ടികു വെഡ്‌സ് ഷേരു' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. സായ് കബീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണയെ കൂടാതെ നവാസുദ്ദീൻ സിദ്ദിഖി, അവ്‌നീത് കൗർ എന്നിവരാണ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിലാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസ് തീയതി പുറത്തുവന്നിട്ടില്ല.
കൂടാതെ, പീരിയഡ് ഡ്രാമയായ എമർജൻസിയും കങ്കണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് ചിത്രത്തിൽ കങ്കണയുടേത്. താരം സോളോ സംവിധായിക ആകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനുപം ഖേർ, മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.