രാഘവ ലോറൻസ്, കങ്കണ റണാവത്ത് എന്നിവർ പ്രധാന വേഷങ്ങളിൽ അണിനിരന്ന ചിത്രം 'ചന്ദ്രമുഖി 2' ഒടിടിയിലേക്ക് (Chandramukhi 2 Release confirmed). പി വാസു സംവിധാനം ചെയ്‌ത ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിലൂടെയാണ് പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുക. ഈ മാസം 27നാണ് 'ചന്ദ്രമുഖി 2'വിന്‍റെ ഒടിടി റിലീസ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് (Chandramukhi 2 OTT Rights Secured by Netflix).
കഴിഞ്ഞ മാസം 28-ാം തീയതിയായിരുന്നു ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ 'ചന്ദ്രമുഖി 2' തിയേറ്ററുകളിലെത്തിയത്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് എന്നാൽ തിയേറ്ററുകളിൽ തിളങ്ങാനായില്ല. പി വാസുവിന്‍റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ചന്ദ്രമുഖി' എന്ന സിനിമയുടെ രണ്ടാം ഭാഗമായിരുന്നു 'ചന്ദ്രമുഖി 2'. പക്ഷേ ആദ്യ ഭാഗം നേടിയ വിജയം ആവർത്തിക്കാൻ ബോളിവുഡ് താരം കങ്കണ റണാവത്ത് ശ്രദ്ധേയ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തിനായില്ല.
60 കോടിയായിരുന്നു ഈ ചിത്രത്തിന്‍റെ മുതൽ മുടക്ക്. എന്നാൽ നിർമാതാവിന് 20 കോടിയോളം നഷ്‌ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പി വാസുവിന്‍റെ 65-മത്തെ ചിത്രം കൂടിയായിരുന്ന 'ചന്ദ്രമുഖി 2' ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുഭാസ്‌കരനാണ് നിർമിച്ചത്.
വടിവേലു, ലക്ഷ്‌മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവി മരിയ, സൃഷ്‌ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടി എം കാർത്തിക് എന്നിങ്ങനെ വൻ താരനിരയാണ് 'ചന്ദ്രമുഖി 2' ലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നത്. എങ്കിലും ബോക്‌സോഫിസിൽ ചിത്രം പരാജയം രുചിച്ചു.
17 വർഷം മുമ്പ് തമിഴ് സിനിമാലോകത്ത് ചരിത്രം സൃഷ്‌ടിച്ച ചിത്രമായിരുന്നു രജനികാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ചന്ദ്രമുഖി'. 2005 ഏപ്രിൽ 14 നാണ് 'ചന്ദ്രമുഖി' റിലീസ് ചെയ്‌തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായ ഫാസിലിന്‍റെ 'മണിച്ചിത്രത്താഴി'ന്‍റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം.
യുഗ ഭാരതി, മദൻ കാർക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരുടെ വരികൾക്ക് ഓസ്‌കർ ജേതാവ് എംഎം കീരവാണിയാണ് സംഗീതം പകർന്നത്. ആർ ഡി രാജശേഖർ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ ചിത്രസംയോജനം നിർവഹിച്ചത് ആന്‍റണിയാണ്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണിയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത്.
മേക്കപ്പ് - ശബരി ഗിരി, കോസ്റ്റ്യൂംസ് - പെരുമാൾ സെൽവം, നീത ലുല്ല, ദോരതി, സ്റ്റിൽസ് - ജയരാമൻ, ഇഫക്റ്റ്സ് - സേതു, ഓഡിയോഗ്രഫി - ഉദയ് കുമാർ, നാക് സ്റ്റുഡിയോസ്, ആക്ഷൻ - കമൽ കണ്ണൻ, രവിവർമ, സ്റ്റണ്ട് ശിവ, ഓം പ്രകാശ്, പി ആർ ഒ - ശബരി എന്നിവരും ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിച്ചു (Chandramukhi 2 crew).