മുംബൈ : നവാസുദ്ദീൻ സിദ്ദിഖിയും കുടുംബാംഗങ്ങളും ഏപ്രിൽ മൂന്നിന് ഹാജരാകണമെന്ന് നിർദേശിച്ച് മുംബൈ ഹൈക്കോടതി. നടനോടും അദ്ദേഹത്തിൻ്റെ മുൻ ഭാര്യ ആലിയ സിദ്ദിഖിയോടും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളോടും, ഭാര്യാസഹോദരൻ ഷമാസുദ്ദീൻ സിദ്ദിഖിയോടും ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്ത്. നവാസും ഭാര്യ ആലിയയുമായി കാലങ്ങളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ മക്കളുടെ ക്ഷേമത്തെ മുൻനിർത്തി ഒത്തുതീർപ്പാക്കാൻ ഉള്ള ശ്രമം എന്ന നിലയിലാണ് കോടതി നടപടി.
മുന്‍പ് നവാസുദ്ദീൻ സിദ്ദിഖി മുംബൈ ഹൈക്കോടതിയിൽ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തതിനെ തുടർന്നാണ് ഇപ്പോൾ കോടതി വിളിപ്പിച്ചിരിക്കുന്നത്.
ആലിയക്കും ഭാര്യാസഹോദരൻ ഷമാസുദ്ദീനും എതിരെ : തൻ്റെ മുൻ ഭാര്യ ആലിയക്കും ഭാര്യാസഹോദരൻ ഷമാസുദ്ദീനും എതിരെയാണ് നവാസിൻ്റെ കേസ്. തൻ്റെ അറിവോ അനുവാദമോ ഇല്ലാതെയാണ് ഭാര്യ ദുബായിൽ നിന്ന് കുട്ടികളെ ഇന്ത്യയിലെത്തിച്ചതെന്നും ഇതുമൂലം അവര്‍ക്ക് ഇപ്പോൾ സ്‌കൂളില്‍ പോകാൻ കഴിയുന്നില്ലെന്നും ഇത് അവരുടെ വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും നടൻ അവകാശപ്പെട്ടു. ജസ്റ്റിസുമാരായ രേവതി മോഹിതേ ദേരെ, ഷർമിള ദേശ്‌മുഖ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് നടൻ്റെ ഹേബിയസ് കോർപ്പസ് (വ്യക്തിയെ ഹാജരാക്കൽ) കേസ് കേൾക്കുന്നത്. മുൻ ഭാര്യയായ ആലിയ തൻ്റെ 12 വയസ്സുള്ള മകളെയും, 7 വയസ്സുള്ള മകനെയും എവിടെയാണ് താമസിപ്പിച്ചിരിക്കുന്നത് എന്നത് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടൻ്റെ ഹർജി.
ഏപ്രിൽ 3 ന് ജഡ്ജിയുടെ ചേംബറിൽ ഹാജരാകാൻ ഉത്തരവ് : വിഷയം ഏപ്രിൽ 3 ന് പരിഗണിക്കുന്ന മുംബൈ ഹൈക്കോടതി ഇന്നത്തെ വാദം കേൾക്കലിൽ, നവാസുദ്ദീൻ്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളോടും ഇൻ-ക്യാമറ ഹിയറിംഗിനായി ജസ്റ്റിസ് രേവതി മൊഹിതേ ദേരെയുടെ ബഞ്ചിന് മുമ്പാകെ ഹാജരാകാൻ ഉത്തരവിടുകയായിരുന്നു. ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നതിനാൽ നിർദിഷ്ട സമ്മതപത്രം അയച്ചതായി നവാസുദ്ദീൻ സിദ്ദിഖിയുടെ അഭിഭാഷകൻ അദ്‌നാൻ ഷെയ്ഖ് കോടതിയെ അറിയിച്ചു. തുടർന്ന് ആലിയക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൈതന്യ പുരങ്കർ, താനും വിഷയം പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു.
ഏറെ കാലമായി നിലനിന്നിരുന്ന പ്രശ്നങ്ങളില്‍ ഈ അടുത്താണ് നവാസുദ്ദീൻ സിദ്ദിഖി പ്രതികരണവുമായി എത്തിയത്. ആലിയയുടെ ആവശ്യം പണം മാത്രമാണെന്ന് പറഞ്ഞ നവാസുദ്ദീൻ ആലിയയോടും സഹോദരൻ ഷമാസുദ്ദീനോടും രേഖാമൂലമുള്ള ക്ഷമാപണവും കോടതി മുഖാന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദങ്ങൾക്ക് ഉത്തരമായി തൻ്റെ ഓദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നടൻ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
also read: മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടി രൂപയുടെ മാനനഷ്‌ടക്കേസുമായി നവാസുദ്ദീൻ സിദ്ദിഖി
നടൻ തന്നെയും കുട്ടികളെയും വീട്ടിൽ കയറാൻ അനുവദിക്കാതെ തടഞ്ഞു എന്ന ആലിയയുടെ ആരോപണത്തിന്, അന്നുതാൻ വീട്ടിൽ ഉണ്ടായിരുന്നില്ല എന്നുപറഞ്ഞ് താരം വിശദീകരണം നൽകി. മുന്‍പ് തടഞ്ഞത് ആലിയയെ മാത്രമാണെന്നും കുട്ടികളെ തടഞ്ഞില്ലെന്നും വ്യക്തമാക്കിയ നടൻ പണം നൽകിയാൽ പറഞ്ഞ എല്ലാ ആരോപണങ്ങളും കേസുകളും ആലിയ പിൻവലിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.