മുംബൈ: സുപ്രധാന വിഷയങ്ങളില്‍ 'ബോളിവുഡ്' മൗനം പാലിക്കുന്നത് പുതിയ കാര്യമല്ലെന്ന് നടന്‍ നസിറുദ്ദീൻ ഷാ. ദേശീയ തലസ്ഥാനത്ത് സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ കുറിച്ച് ആരെങ്കിലും സിനിമ ചെയ്യുമോയെന്നും നസിറുദ്ദീൻ ഷാ ചോദിച്ചു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്‍റെ രൂക്ഷവിമർശകനും തന്‍റെ നിലപാടുകൾ മറച്ചുവെക്കാതെ സാമൂഹ്യ- സാംസ്‌കാരിക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകൾ നടത്താറുമുള്ള ആളാണ് നസിറുദ്ദീൻ ഷാ.
മുൻകാലങ്ങളിൽ അതിന്‍റെ പേരില്‍ നിരവധി തിരിച്ചടികളും അദ്ദേഹം നേരിട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ കാലത്തെ ഭീതിപ്പടുത്തുന്ന മൗനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വീണ്ടും വാർത്തകളില്‍ നിറയുകയാണ് 72 കാരനായ ഷാ. പ്രധാന വിഷയങ്ങളിൽ മൗനം തുടരുക എന്നത് ഹിന്ദി സിനിമ വ്യവസായത്തിന്‍റെ കാലങ്ങളായുള്ള രീതിയാണെന്നും അതില്‍ പുതിയതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഹിന്ദി സിനിമരംഗം എപ്പോഴെങ്കിലും ഏതെങ്കിലുമൊരു വിഷയത്തില്‍ ഇടപെടലുകൾ നടത്തുന്നത് കണ്ടിട്ടുണ്ടോ? നമുക്ക് മെഡലുകൾ കൊണ്ടുവന്ന ഗുസ്‌തി താരങ്ങളെക്കുറിച്ച് ആരെങ്കിലും സിനിമ ചെയ്യുമോ...? അത് ചെയ്യാൻ ആരെങ്കിലും ധൈര്യപ്പെടുമോ?
കാരണം, അവർ പ്രത്യാഘാതങ്ങളെ ഭയപ്പെടുന്നു. ഹിന്ദി സിനിമ വ്യവസായം സുപ്രധാന വിഷയങ്ങളിൽ മൗനം പാലിക്കുന്നത് പുതിയ കാര്യമല്ല''- പിടിഐക്ക് നൽകിയ അഭിമുഖത്തിൽ മുതിർന്ന നടന്‍ വ്യക്തമാക്കി. ജന്തർ മന്തറിൽ, ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യക്കെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധത്തെ പരാമർശിക്കുകയായിരുന്നു ഷാ.
വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച ബിജെപി എംപിയും റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ സമരം ഏറ്റവും ശക്തമായി മുന്നേറുന്ന സമയത്താണ് നടന്‍റെ പ്രതികരണം. കൂടാതെ ആളുകളില്‍ ചിലര്‍ മുസ്‌ലിം സമുദായത്തിനെതിരായ വിദ്വേഷം സമർഥമായി അടിച്ചേൽപ്പിക്കുകയാണെന്നും നസിറുദ്ദീൻ ഷാ ചൂണ്ടിക്കാട്ടി. മുസ്ലീം വിരോധം എന്നത് ഇപ്പോള്‍ ആളുകള്‍ക്കിടയില്‍ ഒരു ഫാഷനായി മാറുകയാണെന്ന് പറഞ്ഞ അദ്ദേഹം വളരെ ഭയക്കേണ്ട കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി.
“ആശങ്കാജനകമായ സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു മറച്ചുപിടിക്കലും ഇല്ലാതെ പ്രൊപ്പഗാണ്ട നടത്തുകയാണ്. ഇത് ഈ കാലഘട്ടത്തിന്‍റെ പ്രതിഫലനമാണ്. മുസ്ലീം വിദ്വേഷം വിദ്യാഭ്യാസമുള്ളവർക്കിടയില്‍ പോലും ഫാഷനാണ്.
ഭരിക്കുന്ന പാര്‍ട്ടി ഇത് സമര്‍ഥമായി ആളുകളില്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങൾ മതനിരപേക്ഷതയെ കുറിച്ചാണ് സംസാരിക്കുന്നത്, ജനാധിപത്യത്തെക്കുറിച്ചാണ്, പിന്നെ എന്തിനാണ് നിങ്ങൾ എല്ലാത്തിലും മതം കൊണ്ടുവരുന്നത്?" -നസിറുദ്ദീൻ ഷാ ചോദിക്കുന്നു.
ഇന്ന് മതം ഉപയോഗിച്ചാണ് വോട്ട് ചോദിക്കുന്നതെന്നും രാഷ്‌ട്രീയക്കാരുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വെറും കാഴ്‌ചക്കാരാണെന്നും അദ്ദേഹം പറഞ്ഞു. "അല്ലാഹു അക്ബർ" എന്ന് പറഞ്ഞ് ഒരു മുസ്ലീം നേതാവ് വോട്ട് ചോദിച്ചിരുന്നെങ്കിൽ ഇവിടെ എന്ത് സംഭവിച്ചേനെ എന്ന് പറഞ്ഞ ഷാ മതകാര്‍ഡ് ഇറക്കി ഭിന്നിപ്പിക്കുന്ന ഈ രീതി അടുത്ത് തന്നെ അവസാനിക്കുമെന്ന പ്രത്യാശയും പങ്കുവെച്ചു.
“നമ്മുടെ തിരഞ്ഞെടുപ്പ് കമ്മീഷൻ എത്ര നട്ടെല്ല് ഇല്ലാത്തവരാണ് ? ഒരു വാക്ക് പോലും പറയാൻ അവര്‍ക്ക് ധൈര്യമില്ല. അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് വോട്ട് ചെയ്യു എന്ന് പറഞ്ഞ ഒരു മുസ്ലീം നേതാവുണ്ടായിരുന്നെങ്കിൽ ഇവിടെ എന്താകുമായിരുന്നു സ്ഥിതി.
പക്ഷേ ഇവിടെ ഇങ്ങനെയൊക്കെ പറഞ്ഞു മുന്നോട്ടു വന്നത് നമ്മുടെ പ്രധാനമന്ത്രി തന്നെയാണ്. എന്നിട്ടും തോല്‍വി ആയിരുന്നു ഫലം. അതിനാൽ, ഈ ഭിന്നിപ്പ് അവസാനിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്.
എന്നിരുന്നാലും ഈ ഭിന്നിപ്പ് അതിന്‍റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. ഈ സർക്കാർ സമർഥമായി കളിച്ച ഒരു കാർഡാണിത്, അത് പ്രവർത്തിച്ചു. ഇത് എത്രത്തോളം പ്രവർത്തിക്കുമെന്ന് നോക്കാം”-അദ്ദേഹം പറഞ്ഞു.
ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തതിനെ കുറിച്ചും ഷാ പരാമർശിച്ചു. ഷാരൂഖിനോട് ഇത് ചെയ്യാൻ കഴിയുമെങ്കിൽ ആരോടും ഇത് ചെയ്യാം എന്നതാണ് അതിലെ സന്ദേശം." തന്‍റെ അഭിപ്രായം പറയാൻ ഭയപ്പെടുന്നില്ലെന്നും തന്‍റെ ഭയം രാജ്യത്തിന്റെ ഭാവിയെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തന്‍റെ അഭിമുഖത്തിന് പിന്നാലെ ഒരുപാട് പേർ വെറുപ്പു നിറഞ്ഞ അധിക്ഷേപകരമായ സന്ദേശങ്ങൾ തനിക്കയച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു ആൺകുട്ടി തനിക്ക് പാകിസ്ഥാനിലേക്കുള്ള ടിക്കറ്റ് അയച്ചെന്നും അത് ഇപ്പോഴും തന്‍റെ പക്കൽ ഉണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ചെങ്കോലിന് മുന്നിൽ സാഷ്‌ടാംഗം നമസ്‌കരിച്ച് നരേന്ദ്ര മോദി; വീഡിയോ