ആശങ്കകള്‍ക്ക് വിരാമം! ലോകമൊട്ടാകെയുള്ള സിനിമ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രമാണ് 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍'. അവതാര്‍ ആദ്യ ഭാഗം റിലീസ് ചെയ്‌ത് 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'അവതാര്‍ 2' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രണ്ടാം ഭാഗത്തിനായി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ലോകമൊട്ടാകെ 'അവതാര്‍ 2' ഡിസംബര്‍ 16ന് റിലീസ് ചെയ്യുമ്പോള്‍ കേരളത്തിലും ചിത്രം അതേ ദിവസം തന്നെ പ്രദര്‍ശനത്തിനെത്തും. ഇതുവരെ നിലനിന്ന സിനിമയുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ നീങ്ങി. വിതരണക്കാരും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും തമ്മില്‍ ഇതുസംബന്ധിച്ച് ധാരണയില്‍ എത്തി.
ആദ്യ രണ്ടാഴ്‌ചയിലെ തിയേറ്റര്‍ വരുമാനത്തിന്‍റെ 55 ശതമാനം വിതരണക്കാരും 45 ശതമാനം തിയേറ്റര്‍ ഉടമകളും പങ്കിടാനാണ് ധാരണ. നേരത്തെ 60 ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാരുടെ ആവശ്യം. ഇതോടെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക്കും നിലപാടെടുത്തു. പുതിയ സാഹചര്യത്തില്‍ സിനിമ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യുമെന്ന് ഫിയോക് അറിയിച്ചു.
ഇന്ത്യയില്‍ ആറ് ഭാഷകളിലായാണ് 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍' റിലീസിനെത്തുക. പ്രധാനമായും ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ മൊഴിമാറ്റിയെത്തും.
Also Read: 'ലോകം കാത്തിരിക്കുന്ന സിനിമയെ വിലക്കാന്‍ ഫിയോക്കിന് ആകില്ല'; അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും