അമിത് ചക്കാലയ്ക്കൽ, സന്തോഷ് കീഴാറ്റൂർ, കലാഭവൻ ഷാജോൺ, സുഹാസിനി കുമരൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ആസാദ് അലവിൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷൻ ത്രില്ലറാണ് അസ്ത്രാ (Malayalam Thriller movie Asthra). കാടിന്‍റെ പശ്ചാത്തലത്തിൽ ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഡിസംബർ ഒന്നിനാണ് പ്രേക്ഷകരിലേക്ക് എത്തുക. പോറസ് സിനിമയുടെ ബാനറിൽ പ്രേം കല്ലാട്ട്, പ്രേണാനന്ദ് കല്ലാട്ട് തുടങ്ങിയവർ ചേർന്നാണ് നിർമാണം. സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും ഇടിവി ഭാരതിനോട് പ്രതികരിച്ചു.
34 ഓളം സിനിമകളിൽ പ്രവർത്തിച്ച പരിചയവുമായാണ് നിർമാതാവ് പ്രേം കല്ലാട്ട് അസ്ത്രയിലേക്ക് എത്തുന്നത്. മലയാളത്തിലെ അഞ്ചാമത്തെ പ്രൊഡക്ഷൻ ആണ് ഈ ചിത്രം. നടന്ന ഒരു സംഭവമായി വളരെയധികം സാമ്യതയുണ്ട് ചിത്രത്തിലെ ആശയത്തിന്. അതുകൊണ്ടുതന്നെ ആശയം തന്‍റേതാണ് നിർമാതാവ് പ്രതികരിച്ചു.
മികച്ച ഒരു സംഘത്തെ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചത് കൊണ്ടാണ് താൻ മനസിൽ കണ്ട സിനിമ അന്തസത്ത ചോരാതെ ചിത്രീകരിച്ചെടുക്കാൻ സാധിച്ചത്. ചിത്രീകരണ സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 30 ദിവസത്തോളം വനത്തിനുള്ളിൽ സിനിമ ചിത്രീകരിച്ചിട്ടുണ്ട്. സിനിമയുടെ ബഡ്‌ജറ്റ് പ്രതീക്ഷിച്ചതിലും ഒരല്‍പം ഉയർന്നത് ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും കഷ്‌ടപ്പാടിന്‍റെ ഗുണഫലം ചിത്രത്തിൽ കാണാനുണ്ട് (Asthra Malayalam movie release date out).
മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നുതന്നെയായിരിക്കും ഈ ചിത്രം. സിനിമ മോഹവുമായി നടക്കുന്നവർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി വരുമാനത്തിനുള്ള ഒരു മാർഗം കണ്ടിട്ട് വേണം സിനിമ മേഖലയിലേക്ക് കടന്നു വരാൻ എന്നാണ് സംവിധായകൻ സ്വന്തം അനുഭവം മുൻനിർത്തി പ്രതികരിച്ചത്.
ബിഗ് ബോസ് സീസൺ 3 താരം സന്ധ്യ ഈ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. വരാൽ, മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ അടക്കം നിരവധി ചിത്രങ്ങളിൽ സന്ധ്യ വേഷമിട്ടിട്ടുണ്ട്. അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിലൊക്കെ തന്നെ പൊലീസ് വേഷമായിരുന്നു എന്നതും ശ്രദ്ധേയം. തുടർച്ചയെന്നോണം ഈ ചിത്രത്തിലും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥയായിട്ടാണ് വേഷമിടുന്നത്. മലയാളത്തിലെ പ്രഗത്ഭരായ നടന്മാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സന്ധ്യ തുറന്നു പറഞ്ഞു.
മാർക്കറ്റിങ് മേഖലയിൽ നിന്ന് സിനിമയുടെ ലോകത്തേക്ക് കടന്നുവന്ന ചെറുപ്പക്കാരാണ് വിനു കെ മോഹൻ, ജിജുരാജ്. നിർമാതാവിന്‍റെ കഥയ്ക്ക് തിരക്കഥ ഒരുക്കുകയാണ് തങ്ങൾ ചെയ്‌തത്. മികച്ച തിരക്കഥയായി ധാരാളം റഫറൻസുകൾ എടുക്കേണ്ടതായി വന്നു. വിനു കെ മോഹൻ ചിത്രത്തിൽ ഒരു വേഷവും കൈകാര്യം ചെയ്‌തിട്ടുണ്ട്.
പ്രേക്ഷകരുടെ കാഴ്‌ച നിലവാരത്തിന് പൂർണമായും വില കൽപ്പിച്ചുകൊണ്ട് രണ്ടുമണിക്കൂർ ഒട്ടും വിരസത ഉണ്ടാക്കാത്ത തരത്തിലാണ് അസ്ത്രയുടെ കഥ പറച്ചിൽ രീതി എന്ന് സംവിധായകൻ ആസാദ് അലവിൻ പറയുകയുണ്ടായി. അമിത് ചക്കാലക്കലിനെ കേന്ദ്ര കഥാപാത്രമായി തീരുമാനിക്കുന്നതിന് മുമ്പ് മറ്റൊരു താരത്തെ ആയിരുന്നു അണിയറ പ്രവർത്തകർ സമീപിച്ചത്. എന്നാൽ താരത്തിന്‍റെ ഡേറ്റ് പ്രശ്‌നം അമിത് ചക്കാലക്കലിലേക്ക് വഴിതിരിച്ചുവിട്ടു.
മലയാളത്തിലെ ഏറ്റവും പുതിയ താരോദയമാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ചിത്രങ്ങൾക്ക് ബോക്‌സോഫിസിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്. നിരവധി വലിയ സിനിമകളിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കവേ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നു. ആദ്യചിത്രം പ്രതീക്ഷക്ക് ഒത്ത് ഉയർന്നില്ല. കരിയറിനെ ആ പരാജയം വല്ലാതെ ബാധിച്ചു.
തുടർന്നാണ് ഈ ചിത്രത്തിന്‍റെ കഥാതന്തു തന്നെ തേടിയെത്തുന്നത്. മികച്ച ഒരു പ്രൊഡക്ഷൻ ടീം ഒപ്പമുണ്ടായിരുന്നതിനാൽ മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല. മാവോയിസ്റ്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് ചിത്രത്തിൽ. അതുകൊണ്ടുതന്നെ സിനിമ പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചയാകാൻ സാധ്യതയുണ്ട്.