'അന്നയും റസൂലും', 'കമ്മട്ടിപ്പാടം' എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് രാജീവ് രവി. ഛായാഗ്രാഹകനായി ശ്രദ്ധേയനായ ശേഷമാണ് രാജീവ് രവി സംവിധാനത്തിലേക്കും കടന്നത്. ഒരിടവേളയ്‌ക്ക് ശേഷം സംവിധായകന്‍റേതായി റിലീസിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് 'കുറ്റവും ശിക്ഷയും'.
ആസിഫ് അലി, സണ്ണി വെയ്‌ന്‍, ഷറഫുദ്ദീന്‍, രാജാമണി എന്നീ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ മെയ് 27നാണ് തിയേറ്ററുകളിലെത്തുന്നത്. 'കുറ്റവും ശിക്ഷയും' സിനിമയുടെ പുതിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
1.10 മിനിറ്റ് ദൈര്‍ഘ്യമുളള സിനിമയുടെ ട്രെയ്‌ലറാണ് പുറത്തുവന്നിരിക്കുന്നത്. ആകാംക്ഷയുണര്‍ത്തുന്നതും ത്രില്ലടിപ്പിക്കുന്നതുമായ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തുല്യ പ്രാധാന്യമുളള റോളുകളിലാണ് താരങ്ങളെല്ലാം ചിത്രത്തില്‍ എത്തുന്നതെന്ന് വീഡിയോയില്‍ നിന്ന് വ്യക്‌തമാണ്.
- " class="align-text-top noRightClick twitterSection" data="">
കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് നീളുന്ന പോലീസ് അന്വേഷണമാണ് സിനിമയില്‍ കാണിക്കുന്നത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തില്‍ സി ഐ സാജന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി എത്തുന്നത്. അലന്‍സിയര്‍ ലെ ലോപ്പസും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നു.
തുറമുഖം എന്ന ബിഗ് ബജറ്റ് ചിത്രത്തിന് മുന്‍പാണ് കുറ്റവും ശിക്ഷയുമായി രാജീവ് രവി എത്തുന്നത്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന് ബി അജിത് കുമാര്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. 2013ലാണ് രാജീവ് രവിയുടെ ആദ്യ ചിത്രമായ അന്നയും റസൂലും പുറത്തിറങ്ങിയത്.
ഫഹദ് ഫാസില്‍, ആന്‍ഡ്രിയ എന്നീ താരങ്ങളുടെ പ്രകടനം കൊണ്ട് സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് ഫഹദിന്‍റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസില്‍ നായകനായ ഞാന്‍ സ്‌റ്റീവ് ലോപ്പസ് പുറത്തിറങ്ങി. 2016ലാണ് ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്‌ഠന്‍ ആചാരി തുടങ്ങിയവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ രാജീവ് രവിയുടെ കമ്മട്ടിപ്പാടം പ്രേക്ഷകരിലേക്ക് എത്തിയത്.
ഇതുവരെ ഇറങ്ങിയ സംവിധാന സംരംഭങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടത് രാജീവ് രവിയുടെ പുതിയ ചിത്രങ്ങളില്‍ പ്രേക്ഷക പ്രതീക്ഷ കൂട്ടുന്നു. ജൂണ്‍ മൂന്നിനാണ് നിവിന്‍ പോളി നായകനായ തുറമുഖം തിയേറ്ററുകളിലേക്ക് എത്തുന്നത്.