ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ അമ്മ സംഘടനയില്‍ നിന്നും രാജിവച്ച് പോയവരെ എല്ലാം തിരിച്ചെടുക്കണമെന്ന് നടന്‍ ആസിഫ് അലി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമകള്‍ ചെയ്യുന്നുണ്ടെന്നും, എന്തുക്കൊണ്ട് അവരെ തിരിച്ച് വിളിക്കുന്നില്ല എന്ന കാര്യത്തില്‍ തനിക്ക് ഉത്തരമില്ലെന്നും ആസിഫ് പറഞ്ഞു.
അതേസമയം നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അമ്മ നിയമാവലിയില്‍ പരിമിതിയുണ്ടെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. താരസംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗമാണ് ആസിഫ് അലി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ 2018 ജൂണിലാണ് അതിജീവിതയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നീ നടിമാരും താരസംഘടനയില്‍ നിന്നും പുറത്തുപോയത്.
ഇവര്‍ക്ക് പിന്നാലെ അമ്മ സംഘടനയില്‍ നിന്നുളള നീതിനിഷേധം ചൂണ്ടിക്കാട്ടി നടി പാര്‍വതി ഉള്‍പ്പെടെയുളളവരും രാജിവച്ചു. പുറത്തുപോയ നടിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു അമ്മ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ വേണം എന്നത്.
നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തര പരാതി സെല്‍ നിലവില്‍ വരുമ്പോള്‍ പുറത്തുപോയവരെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതാണ് എന്ന് ആസിഫ് അലി പ്രതികരിച്ചു. അതേസമയം നീതി ലഭിക്കില്ലെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തിലായിരുന്നു ആക്രമിക്കപ്പെട്ട നടി താരസംഘടനയില്‍ നിന്നും രാജിവച്ചത്.
തൊട്ടുപിന്നാലെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു മൂന്ന് പേരും രാജി നല്‍കുകയായിരുന്നു. അമ്മ സംഘടനയില്‍ നിന്നുളള നടിമാരുടെ കൂട്ടരാജി അന്ന് വലിയ ചര്‍ച്ചാവിഷയമായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമന്‍ ഇന്‍ സിനിമ കലക്‌ടീവ് (ഡബ്ളിയുസിസി) നിലവില്‍ വന്നത്.