പ്രശസ്‌ത ബോളിവുഡ് താരം ആശ പരേഖിന്‍റെ ഇന്ത്യന്‍ വനിതകളെ കുറിച്ചിള്ള വിവാദ പരാമര്‍ശം മാധ്യമ ശ്രദ്ധ നേടുന്നു. ഇന്ത്യന്‍ വനിതകള്‍ വിവാഹ വേളയില്‍ പാശ്ചാത്യ വസ്‌ത്രങ്ങള്‍ ധരിക്കുന്നതിന് വിമര്‍ശിക്കുകയാണ് നടി. സിനിമയിലെ നായികമാരെ അനുകരിക്കാനുള്ള ശ്രമമാണ് വിവാഹ വേളകളില്‍ കാണുന്നതെന്നും വണ്ണമുള്ളവര്‍ പോലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും അവര്‍ പറഞ്ഞു.
ഗോവയില്‍ നടക്കുന്ന 53ാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആശ പരേഖ്. 'എല്ലാം മാറിയിരിക്കുന്നു. നിര്‍മിക്കപ്പെടുന്ന സിനിമകള്‍... എനിക്കറിയില്ല, നമ്മള്‍ പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടവരാണ്. വിവാഹ വസ്‌ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ എവിടെയാണ്? നമുക്ക് ഘഗര്‍-ചോളി, സല്‍വാര്‍-കമീസ്, സാരികള്‍ എന്നീ വസ്‌ത്രങ്ങളുണ്ട്, അവ ധരിക്കൂ. എന്തുകൊണ്ടാണ് നിങ്ങള്‍ അവ ധരിക്കാത്തത്?
അവര്‍ സ്‌ക്രീനില്‍ നായികമാരെ കാണുന്നു. അവരെ പകര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഓണ്‍സ്‌ക്രീനില്‍ നായികമാര്‍ ധരിക്കുന്ന വസ്‌ത്രം ധരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. തടിച്ചവര്‍ പോലും ആ വസ്‌ത്രം തങ്ങള്‍ക്ക് അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നില്ല. ഈ പശ്ചാത്യവല്‍ക്കരണം എന്നെ വേദനിപ്പിക്കുന്നു. നമുക്ക് വളരെ മികച്ച സംസ്‌കാരവും നൃത്തവും സംഗീതവുമുണ്ട്. എന്നാലും എല്ലാവരും പോപ് സംസ്‌കാരത്തിന് പിന്നാലെയാണ് പോകുന്നത്.'-ആശ പരേഖ് പറഞ്ഞു.
ദിലീപ് കുമാറുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളോടും നടി പ്രതികരിച്ചു. 'ദിലീപ് കുമാറിനെ ഇഷ്‌ടപ്പെടാത്തത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാത്തത് എന്ന് നാലഞ്ച് വര്‍ഷം മുമ്പ് ചില മാധ്യമപ്രവര്‍ത്തകര്‍ എഴുതി. ഞാന്‍ അദ്ദേഹത്തെ ആരാധിക്കുകയും ഒപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുകയും ചെയ്‌തു. 'സബര്‍ദസ്‌ത്' എന്നൊരു സിനിമ ഞാന്‍ അദ്ദേഹത്തോടൊപ്പം ഒപ്പിട്ടു. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതായിരുന്നു. പക്ഷേ ഞാന്‍ നിര്‍ഭാഗ്യവതിയായതിനാല്‍ സിനിമ ഉപേക്ഷിച്ചു.'-ആശ പരേഖ് പറഞ്ഞു.
ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടിയ മുതിര്‍ന്ന ബോളിവുഡ് നടിയാണ് ആശ പരേഖ്. 71ാം വയസ്സിലാണ് ഇന്ത്യന്‍ സിനിമയ്‌ക്ക് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കുള്ള പരമോന്നത ബഹുമതിയായ ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അവര്‍ക്ക് ലഭിക്കുന്നത്. മികച്ച നടിക്കുള്ള ഗുജറാത്ത് സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡിന്‍റെ അധ്യക്ഷയാകുന്ന ആദ്യ വനിത കൂടിയാണ് ആശ പരേഖ്.