ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സഭ്യമല്ലാത്ത ഉള്ളടക്കം വര്‍ധിക്കുന്നു എന്ന പരാതിയില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. സർഗാത്മകതയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സഭ്യമല്ലാത്ത ഭാഷയും അപരിഷ്‌കൃതമായ രീതിയും വച്ചുപൊറുപ്പിക്കില്ലെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് മന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.
'സർഗാത്മകതയുടെ പേരിൽ സഭ്യമല്ലാത്ത ഭാഷയും അപരിഷ്‌കൃതമായ രീതിയും വച്ചുപൊറുപ്പിക്കാനാവില്ല. ഒടിടിയില്‍ അശ്ലീല ഉള്ളടക്കം വർധിച്ചുവരുന്നു എന്ന പരാതി സർക്കാർ ഗൗരവമായാണ് കാണുന്നത്. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടത് ആവശ്യമെങ്കില്‍, അതില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോവില്ല. ദുരുപയോഗവും തടയാൻ കർശന നടപടി സ്വീകരിക്കും'- കേന്ദ്രമന്ത്രി പറഞ്ഞു.
'പരാതികൾ വർധിക്കുന്ന സാഹചര്യം': 'ആദ്യ ഘട്ടത്തില്‍, നിർമാതാവാണ് പരാതികൾ പരിഹരിക്കേണ്ടത്. ഏകദേശം 90 ശതമാനം പരാതികളും നിര്‍മാതാക്കള്‍ മാറ്റങ്ങള്‍ വരുത്തിയാണ് തീർപ്പാക്കുന്നത്. പരാതികൾ ഒടുവിൽ സർക്കാരിൽ എത്തുമ്പോൾ, കർശനമായ നടപടികൾ സ്വീകരിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരാതികൾ വർധിക്കുന്ന സാഹചര്യമാണുള്ളത്' - അനുരാഗ് താക്കൂര്‍ ചൂണ്ടിക്കാട്ടി.
ടിവിഎഫ് ഒടിടിക്കും സ്‌ട്രീം ചെയ്‌ത ചിത്രത്തിലെ നടനുമെതിരെ പരാതി ലഭിച്ച സാഹചര്യത്തില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് മാർച്ച് ഏഴിന് ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. കൂടാതെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ ഉള്ളടക്കത്തിലെ ഭാഷ പരിശോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാല്‍, നിലവിലെ കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള നിർദേശം ഉൾപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
'വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം': ഇൻഫർമേഷൻ ടെക്‌നോളജി (ഇന്‍റര്‍മീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്, 2021-ൽ വിജ്ഞാപനം ചെയ്‌ത പ്രകാരം ഇടനിലക്കാർക്കുള്ള നിയമങ്ങള്‍ കർശനമായി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നടപടികൾ സ്വീകരിക്കാന്‍ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
'ഒടിടിയുമായി ബന്ധപ്പെട്ട പരാതികള്‍ അതിവേഗം ഉയർന്നുവരുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ വിവരസാങ്കേതിക മന്ത്രാലയം ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൂടാതെ നേരത്തേ വിജ്ഞാപനം ചെയ്‌തതുപോലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കാന്‍ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്‍റര്‍മീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021 വിധിന്യായത്തിൽ നടത്തിയ നിരീക്ഷണങ്ങളുടെ വെളിച്ചത്തിൽ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്' - ജസ്റ്റിസ് സ്വരണ കാന്ത ശർമ വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വെബ് സീരീസിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയിലെ അസഭ്യതയുടേയും ലൈംഗിക ഉള്ളടക്കത്തേയും ക്ഷയിപ്പിക്കാന്‍ കഴിയില്ല. മാത്രമല്ല ഇത് ആളുകളുടെ മനസിനെ ദുഷിപ്പിക്കും. ആർട്ടിക്കിൾ 19(2)ന് വിധേയമായ രീതിയില്‍ വേണം ഉള്ളടക്കങ്ങള്‍ വരാന്‍. അശ്ലീല ഉള്ളടക്കം പ്രക്ഷേപണം ചെയ്‌തതിന്, ഹരജിക്കാർ ഐടി സെക്ഷൻ 67, 67 എ പ്രകാരം നിയമപരമായ നടപടി നേരിടാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും ജസ്റ്റിസ് ശർമ വ്യക്തമാക്കി.