കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രമേയമാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ (Anoop Menon) ആണ് കേന്ദ്രകഥാപാത്രത്തില്‍ എത്തുന്നത്. സിനിമയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
വിജയ ദശമി ദിനത്തില്‍ ചിത്രത്തിലെ ഗാനത്തിന്‍റെ കമ്പോസിംഗ് ആരംഭിച്ചിരുന്നു. സംവിധായകൻ മനോജ് പാലോടൻ, തിരക്കഥാകൃത്ത് കൃഷ്‌ണ പൂജപ്പുര, ഗാന രചയിതാവ് ബികെ ഹരിനാരായണൻ, സംഗീത സംവിധായകൻ പ്രകാശ് ഉള്ളേരി, നിർമ്മാതാവ് ഷമീർ തോട്ടിങ്ങൽ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുത്തു.
ഹ്യൂമറിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായാണ് അനൂപ് മേനോന്‍ എത്തുന്നത്. അനൂപ് മേനോനെ കൂടാതെ അസീസ് നെടുമങ്ങാടും സിനിമയില്‍ പ്രധാന കഥാപാത്രത്തില്‍ എത്തുന്നു. ജനുവരി മൂന്നിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. എറണാകുളത്തും വാഗമണ്ണിലുമായാണ് ചിത്രീകരണം.
കൃഷ്‌ണ പൂജപ്പുരയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണന്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് പ്രകാശ് ഉള്ളേരി സംഗീതവും ഒരുക്കും. തോട്ടിങ്ങൽ ഫിലിംസിന്‍റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് സിനിമയുടെ നിര്‍മാണം.
അതേസമയം അനൂപ് മേനോന്‍റെ മറ്റൊരു പുതിയ ചിത്രമാണ് 'ബ്രോകോഡ്' (BROCODE). . കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ധ്യാൻ ശീനിവാസൻ, ദിലീഷ് പോത്തൻ എന്നിവരും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
'ബ്യൂട്ടിഫുള്‍ 2' ആണ് അനൂപിന്‍റെ മറ്റൊരു പുതിയ ചിത്രം. നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് 'ബ്യൂട്ടിഫുള്‍' (Beautiful) ടീം വീണ്ടും ഒന്നിക്കുന്നത്. വികെ പ്രകാശ് - അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജയസൂര്യ എത്തിയേക്കില്ല എന്നാണ് സൂചന. പകരം മറ്റൊരു നടന്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാദുഷ പ്രൊഡക്ഷൻസും യെസ് സിനിമ കമ്പനിയും ചേർന്നാണ് സിനിമയുടെ നിര്‍മാണം.
അനൂപ് മേനോന്‍റെ മറ്റൊരു പുതിയ ചിത്രമാണ് 'ഒരു ശ്രീലങ്കൻ സുന്ദരി'. കൃഷ്‌ണ പ്രിയദർശൻ ആണ് സിനിമയുടെ സംവിധാനം. ശിവജി ഗുരുവായൂർ, ഡോക്‌ടർ രജിത് കുമാർ, പത്മരാജൻ രതിഷ്, ഡോ. അപർണ്ണ, ആരാധ്യ, രോഹിത് വേദ്, കൃഷ്‌ണപ്രിയ, ശാന്ത കുമാരി, ശ്രേയ, തൃശൂർ എൽസി, ബേബി മേഘന സുമേഷ് (ടോപ് സിംഗർ ഫെയിം) തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
കൃഷ്‌ണ പ്രിയദർശൻ തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. മൻഹർ സിനിമാസിന്‍റെ ബാനറിൽ ഒരുങ്ങിയ സിനിമയുടെ ചിത്രീകരണം അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായിരുന്നു.