സിനിമാസ്വാദകർക്കായി മറ്റൊരു സസ്‌പെൻസ് ത്രില്ലർ കൂടി വരുന്നു. അനാർക്കലി മരിക്കാറും ശരത് അപ്പാനിയും ഒപ്പം തമിഴ് നടന്‍ ശ്രീകാന്തും മുഖ്യ വേഷത്തിലെത്തുന്ന 'അമല'യാണ് പ്രേക്ഷകർക്ക് മികച്ച ത്രില്ലർ അനുഭവം സമ്മാനിക്കാന്‍ എത്തുന്നത്. സിനിമയുടെ ഒഫിഷ്യൽ ട്രെയിലർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
നവാഗതനായ നിഷാദ് ഇബ്രാഹിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും തെലുഗുവിലും ഒരുങ്ങുന്ന 'അമല' പാൻ ഇന്ത്യൻ ചിത്രമായാണ് റിലീസ് ചെയ്യുക. മസ്കോട്ട് പ്രൊഡക്ഷൻസിന്‍റെയും ടോമ്മൻ എന്‍റർടെയ്ൻമെൻസിന്‍റെയും ബാനറിൽ മുഹ്സിന നിഷാദ് ഇബ്രാഹിം ആണ് ചിത്രം നിർമിക്കുന്നത്. ജൂൺ 16 ന് 'അമല' തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.
- " class="align-text-top noRightClick twitterSection" data="">
ഒരു സസ്‌പെൻസ് സൈക്കോ ത്രില്ലർ ആണ് 'അമല' എന്നാണ് വിവരം. ചിത്രത്തില്‍ അമല എന്ന കേന്ദ്ര കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത് അനാർക്കലി മരിക്കാർ ആണ്. ചിത്രത്തിൽ ബേസിൽ എന്ന കഥാപാത്രമായി ശരത് അപ്പാനി എത്തുമ്പോൾ അലി അക്ബർ എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് ശ്രീകാന്ത് പ്രത്യക്ഷപ്പെടുക.
ഇവർക്ക് പുറമെ സജിത മഠത്തിൽ, ചേലാമറ്റം ഖാദർ, ഷുഹൈബ് എംബിച്ചി, നന്ദിനി, നൈഫ്, നൗഷാദ്, വൈഷ്‌ണവ്, ആൻമരിയ ബിട്ടോ ഡേവിഡ്‌സ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 'അമല' മികച്ച ഒരു ത്രില്ലർ അനുഭവം തന്നെയാകും കാണികൾക്ക് സമ്മാനിക്കുക എന്ന് ഉറപ്പ് തരുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലർ. ഉദ്വേകജനകമായ ട്രെയിലർ പല ചോദ്യങ്ങളും ബാക്കിയാക്കിയാണ് അവസാനിക്കുന്നത്.
ആരാകും കൊലപാതകിയെന്നും എന്താണ് മോട്ടീവ് എന്നതടക്കമുള്ള പല സംശയങ്ങളും പ്രേക്ഷകരുടെ മനസില്‍ ഉപേക്ഷിച്ച് മടങ്ങുന്ന ട്രെയിലർ, അവരെ തിയേറ്ററുകളിലേക്ക് അടുപ്പിക്കാന്‍ ഉതകുന്നതാണെന്ന് നിസംശയം പറയാം. അഭിലാഷ് ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് നൗഫൽ അബ്‌ദുള്ളയാണ്. ഗോപി സുന്ദറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. പശ്ചാത്തല സംഗീതം ഒരുക്കുന്നത് ലിജിൻ ബാമ്പിനോയാണ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായൺ, സ്പെഷ്യൽ ട്രാക്ക്- ശ്യാം മോഹൻ എം എം, കാലയ്, ആർട്ട്- ഷാജി പട്ടണം, മേക്കപ്പ്- ആർ ജി വയനാടൻ, കൊസ്റ്റ്യൂം- മെൽവി ജെ, അമലേഷ് വിജയൻ, കളറിസ്റ്റ്- ശ്രീക്ക് വാര്യർ, സൗണ്ട് ഡിസൈൻ- രഞ്ജു രാജ് മാത്യു, സ്റ്റണ്ട്- ഫയർ കാർത്തി, മിക്‌സിങ്- ജിജുമോൻ ടി ബ്രൂസ്, സ്റ്റിൽ- അർജുൻ കല്ലിങ്കൽ, വിഷ്‌ണു, പ്രൊഡക്ഷൻ മാനേജർ- എ കെ ശിവൻ, പ്രോജക്‌ട് ഡിസൈനർ- ജോബിൽ ഫ്രാൻസിസ് മൂലൻ, ലിറിക്‌സ് ഹരിനാരായണൻ ബി കെ, മനു മഞ്ജിത്, ക്രിയേറ്റിവ് തിങ്കിങ് ഫിലിംസ്, മാർക്കറ്റിങ്- ഒബ്‌സ്ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
അതേസമയം 'ആനന്ദം' എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തുവച്ച അനാർക്കലി മരിക്കാർ ഏറ്റവുമൊടുവില്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രമായിരുന്നു പെരുന്നാള്‍ റിലീസായി എത്തിയ 'സുലൈഖ മൻസില്‍'. അഷ്റഫ് ഹംസ സംവിധാനം ചെയ്‌ത ഈ ചിത്രം തിരൂരിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയത്. ലുക്‌മാൻ അവറാന്‍ ആയിരുന്നു ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.