ഭാവങ്ങൾക്കും നടനരീതികൾക്കും ചലനങ്ങൾക്കുമൊപ്പം ശബ്‌ദവും കൂടി ചേരുമ്പോഴാണ് ഒരു മികച്ച അഭിനേതാവ് പിറവിയെടുക്കുന്നത്. എന്നാൽ ഭാഷകൾക്കും ശബ്‌ദങ്ങൾക്കുമപ്പുറം മുഖഭാവങ്ങളും ശരീരഭാഷയും മാത്രം വികാരങ്ങളെ പ്രകടമാക്കാൻ ഉപയോഗിക്കുന്ന ചില സന്ദർഭങ്ങളുണ്ട്. അഭിനേതാക്കളുടെ കഴിവിനെ പരീക്ഷിക്കാൻ കഴിയുന്ന സന്ദർഭങ്ങളാണ് അവ.
ഉജ്വലമായ ഗാംഭീര്യമാർന്ന ശബ്‌ദത്താൽ അനുഗ്രഹീതനായ അമിതാഭ് ബച്ചൻ തനിക്ക് വികാരങ്ങൾ പ്രകടിപ്പിക്കാൻ ശബ്‌ദത്തിന്‍റെയോ സംഭാഷണങ്ങളുടെയോ പിന്തുണ വേണ്ടെന്ന് ഓരോ സിനിമ പ്രേമിയേയും തോന്നിപ്പിച്ച നിരവധി അഭിനയ സന്ദർഭങ്ങളുണ്ട്. പ്രേക്ഷകനെ ഒരിക്കൽ പോലും ബിഗ് ബി ഇത്തരം അവസരങ്ങളിൽ നിരാശരാക്കിയിട്ടുമില്ല. ഒക്‌ടോബർ 11ന് എൺപതാം ജന്മദിനം ആഘോഷിക്കുന്ന അമിതാഭ് ബച്ചൻ അവിസ്‌മരണീയമാക്കിയ നിശബ്‌ദതയുടെ സുവർണ നിമിഷങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം…
പികു (2015): കൊൽക്കത്തയിലേക്കുള്ള റോഡ് യാത്രയിൽ പികു എന്ന ആർക്കിടെക്‌ടും അവളുടെ വൃദ്ധനും വിപരീത ആശയങ്ങളുമുള്ള പിതാവായ ഭാസ്‌കർ ബാനർജിയുമായി അടുക്കുന്നതാണ് കഥ. അമിതാഭ് ബച്ചൻ ആണ് രോഗങ്ങൾ അലട്ടുന്ന ഭാസ്‌കർ ബാനർജിയായി വേഷമിട്ടിരിക്കുന്നത്. കഥയുടെ അവസാനം ഭാസ്‌കർ മരിക്കുമെന്ന് പ്രേക്ഷകർക്ക് അറിയാമെങ്കിലും യാത്രയ്ക്കിടയിൽ കാറിന്‍റെ പിൻസീറ്റിലിരുന്ന് അദ്ദേഹം ഉറങ്ങുന്ന രംഗമുണ്ട്. അദ്ദേഹം മരിച്ചുവെന്ന് ഓരോ പ്രേക്ഷകനെയും തോന്നിപ്പിക്കുന്നതാണ് ആ രംഗം. അമിതാഭ് ബച്ചന്‍റെ സ്വാഭാവികമായ അഭിനയം അങ്ങനെ തന്നെ പ്രേക്ഷകനെ വിശ്വസിപ്പിക്കുന്നു. ബിഗ് ബി, ദീപിക പദുകോൺ, ഇർഫാൻ ഖാൻ എന്നിവർ ചേർന്ന് അഭിനയിച്ച ചിത്രത്തിലെ മികച്ച രംഗങ്ങളിലൊന്നാണ് ഈ സീൻ.
സട്ടേ പേ സട്ടേ (1982): അമിതാഭ് ബച്ചൻ ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് സട്ടേ പേ സട്ടേ. ചിത്രത്തിലെ വില്ലനായ അമിതാഭ് ബച്ചൻ കഥാപാത്രം ബാബു ശർമ ജയിലിൽ നിന്നിറങ്ങുന്ന രംഗം. ജയിൽ ഗേറ്റിന് പുറത്ത് വന്ന ബാബു ശർമ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ ശ്വാസമെടുത്ത് സാവധാനം നടന്നുപോകുന്ന രംഗത്തിൽ നിശബ്‌ദത കൊണ്ട് പ്രേക്ഷകനോട് സംവദിക്കുകയാണ് ബിഗ് ബി.
കാലിയ (1981): സാരി ഉടുക്കുന്നത് എങ്ങനെയെന്ന് പഠിപ്പിച്ച ശേഷം അമിതാഭ് ബച്ചൻ പർവീൺ ബാബിയെ സഹോദരന്‍റെ ഭാര്യയെ പരിചയപ്പെടുത്താൻ കൊണ്ടുവരുന്ന രംഗം. സഹോദര ഭാര്യയായി അഭിനയിച്ച ആശ പരേഖ് ഉടൻതന്നെ പർവീണിനെ പാചകജോലി ഏൽപ്പിക്കുന്നു. പർവീണിനെ സഹായിക്കാൻ ശ്രമിക്കുന്ന അമിതാഭ് ബച്ചൻ മുട്ട പൊട്ടിക്കുന്നത് എങ്ങനെയെന്ന് അനുകരണങ്ങളിലൂടെ പറയുന്ന രംഗം. താരത്തിന്‍റെ പ്രകോപനം പർവീണിന് അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
യാരണ (1981): ധനികനായ കിഷൻ കുമാറിന്‍റെ വേഷത്തിലാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ മര്യാദ പരിശീലകന്‍റെ വേഷമിട്ട രാം സേത്തിയുമായി കിഷൻ കുമാറിന്‍റെ രംഗം.
ഷോലെ (1975): ഒരു സംഭാഷണം പോലുമില്ലാതെ നിശബ്‌ദത മാത്രം കൊണ്ട് അമിതാഭ് ബച്ചൻ തന്‍റെ സാന്നിധ്യം അറിയിക്കുന്ന നിരവധി രംഗങ്ങൾ ചിത്രത്തിലുണ്ട്. അതിൽ ഒന്നാണ് നിശബ്‌ദത പാലിക്കണമെന്ന് ഹേമ മാലിനിയോട് നിർദേശിച്ച ശേഷം ദൈവത്തിന്‍റെ പ്രതിമയുടെ പിൻഭാഗത്തേക്ക് അവരെ കൊണ്ടുപോകുന്ന രംഗം. സുഹൃത്തായ ധർമ്മേന്ദ്രയുടെ അടുത്തേക്കാണ് അമിതാഭ് ബച്ചൻ ഹേമ മാലിനിയെ കൂട്ടിക്കൊണ്ടുപോകുന്നത്. മറ്റൊരു രംഗമാണ് ജയ ഭാദുരിയുടെ മുറിയിലേക്ക് സൂക്ഷിച്ചു നോക്കുന്ന രംഗം.
ദീവാർ (1975): നിരവധി സംഭാഷണങ്ങൾ നിറഞ്ഞ സിനിമയിലെ ഇഫ്‌താഖർ അവതരിപ്പിച്ച ക്രിമിനൽ ഉപദേഷ്‌ടാവായ ദാവർ എന്ന കഥാപാത്രവും അമിതാഭ് ബച്ചനും തമ്മിലുള്ള രംഗം. ഒരു വാക്കുപോലും പറയാതെ ആ രംഗത്തിൽ അമിതാഭ് ബച്ചൻ തന്‍റെ വിജയത്തെ പ്രകടിപ്പിക്കുന്നു.
സഞ്ജീർ (1973): അമിതാഭ് ബച്ചന് സ്വീകാര്യത നേടിക്കൊടുത്ത ചിത്രം. ഇൻസ്‌പെക്‌ടർ വിജയ് ഖന്നയും തെരുവുകലാകാരിയായ മാലയുമായുള്ള റൊമാൻസ് രംഗം.
ആനന്ദ് (1971): രോഗിയെ കാണാൻ ബച്ചന്‍റെ കഥാപാത്രം പടികൾ കയറി മുറിയിലെത്തുന്ന രംഗം.