ന്യൂഡൽഹി : സംവിധായകൻ ആർ ബാൽകിയുടെ സൈക്കോളജിക്കൽ ത്രില്ലറായ 'ചുപ് ' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചൻ ചിട്ടപ്പെടുത്തിയ ട്യൂണും. അതേക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ. 'ചിത്രം കാണാൻ അദ്ദേഹത്തോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. കഥാപാത്രങ്ങൾ അദ്ദേഹത്തെ വളരെയേറെ സ്‌പർശിച്ചതായും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഒപ്പം പിയാനോയിൽ ഒരു ട്യൂൺ വായിച്ച് കേൾപ്പിച്ചു'.
ഈ ട്യൂണാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അദ്ദേഹം കേൾപ്പിച്ച ട്യൂൺ സിനിമയ്ക്കായി ആവശ്യപ്പെട്ടപ്പോൾ പൂർണ സമ്മതത്തോടെ നല്‍കുകയായിരുന്നുവെന്നും തീര്‍ത്തും യാദൃശ്ചികമായിരുന്നു അതെന്നും ബാല്‍കി പറഞ്ഞു. അമിതാഭ് ബച്ചൻ ഔദ്യോഗികമായി സംഗീതസംവിധാനം നിർവഹിക്കുന്ന ആദ്യത്തെ ചിത്രമാണ് 'ചുപ് '. 'പാ', 'ചീനി കം', 'ഷമിതാഭ്' തുടങ്ങിയ നിരവധി ചിത്രങ്ങളിൽ അമിതാഭ് ബച്ചനും ആർ ബാൽകിയും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈക്കോ - ത്രില്ലർ ചിത്രമാണ് 'ചുപ് '. 2022 സെപ്റ്റംബർ 23 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ടീസർ ഇതിനകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞതാണ്.
റൊമാന്‍റിക് സൈക്കോ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ചുപ്: റിവഞ്ച് ഓഫ് ആർട്ടിസ്റ്റ്' എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ബാൽകി, രാജ സെൻ, ഋഷി വിർമാനി എന്നിവർ ചേർന്നാണ്. പ്രണബ് കപാഡിയ, അനിരുദ്ധ് ശർമ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ.
സംഗീതസംവിധായകൻ അമിത് ത്രിവേദിയും വിശാൽ സിൻഹയും ചേർന്ന് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവഹിക്കുന്നു. ഒക്‌ടോബർ 5 ന് തിയേറ്ററുകളിൽ എത്തുന്ന ' ഗുഡ്‌ബൈ ' യാണ് അമിതാഭ് ബച്ചന്‍റെ പുതിയ ചിത്രം.