മാന നഷ്‌ടക്കേസില്‍ വീണ്ടും ആംബര്‍ ഹേഡിന് തിരിച്ചടി. ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന്‍റെ സല്‍പേരിന് കളങ്കമേല്‍പ്പിച്ചതിന് ആംബര്‍ 10 മില്യണ്‍ ഡോളര്‍ നഷ്‌ടപരിഹാരം നല്‍കണമെന്നാണ് വിധി. ഡെപ്പിനെതിരെ ആംബര്‍ നല്‍കിയ പരാതിയില്‍ താന്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായതായി ആരോപിച്ചിരുന്നു.
ഈ ആരോപണം ഡെപ്പിന്‍റെ പ്രശസ്‌തിക്ക് ഹാനിയേല്‍പ്പിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു ആംബറിനെതിരെയുള്ള ജൂറിയുടെ വിധി. 10.35 മില്യണ്‍ ഡോളര്‍ ആംബര്‍ ഡെപ്പിന് നല്‍കണമെന്നാണ് ജൂറിയുടെ ഉത്തരവ്. ഫെയര്‍ഫാക്‌സ് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ നടന്ന ഹ്രസ്വമായ ഹിയറിംഗിന് ശേഷം ജഡ്‌ജ് പെന്നി അസ്‌കരേറ്റ് വിധിന്യായം പുറപ്പെടുവിക്കുകയായിരുന്നു.
അതേസമയം ആംബറിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന എതിര്‍വാദത്തില്‍ രണ്ട് മില്യണ്‍ ഡോളര്‍ ഡെപ്പ് ആംബറിന് നല്‍കാനും ജൂറി ഉത്തരവിട്ടു.ജോണി ഡെപ്പ് - ആംബര്‍ ഹേഡ് മാന നഷ്‌ടക്കേസില്‍ ജൂണ്‍ ഒന്നിന് പ്രഖ്യാപിച്ച വിധിയും ഡെപ്പിന് അനുകൂലമായിരുന്നു. കേസില്‍ ആംബര്‍ ഹേഡ് 15 ദശലക്ഷം ഡോളര്‍ ഡെപ്പിന് നഷ്‌ടപരിഹാരം നല്‍കണമെന്നാണ് അമേരിക്കയിലെ ഫെയര്‍ഫാക്‌സ് കൗണ്ടി കോടതി വിധിച്ചത്.
ആഴ്‌ചകള്‍ നീണ്ടുനിന്ന വിചാരണയ്‌ക്ക് ശേഷമായിരുന്നു ഡെപ്പിന് അനുകൂലമായ വിധി. ജോണി ഡെപ്പിനെതിരെ നല്‍കിയ ഗാര്‍ഹിക പീഡന കേസുകളില്‍ ഒന്നില്‍ ആംബറിന് ഡെപ്പ് രണ്ട് ദശലക്ഷം നഷ്‌ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. 2018ല്‍ ആംബര്‍ ഹേഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴംഗ ജൂറി വിലയിരുത്തിയതിനെ തുടര്‍ന്നാണ് 15 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. വിധി തന്നെ തകര്‍ത്തുവെന്ന് ആംബര്‍ അന്ന് പ്രതികരിച്ചിരുന്നു. വാഷിംഗ്‌ടണ്‍ പോസ്‌റ്റിന്‍റെ ഓപ്-എഡ് പേജിലായിരുന്നു ആംബര്‍ ഹേഡിന്‍റെ ലേഖനം.
'സെക്ഷ്വല്‍ വയലന്‍സ്' എന്ന പേരിലെഴുതിയ ലേഖനത്തില്‍ ഗാര്‍ഹിക പീഡനത്തിന്‍റെ പ്രതിനിധിയായാണ് ആംബര്‍ സ്വയം ചിത്രീകരിച്ചത്. തുടര്‍ന്ന് ലേഖനത്തില്‍ ഡെപ്പിന്‍റെ പേര് പരാമര്‍ശിക്കുന്നില്ലെങ്കില്‍ കൂടി താനാണ് ലേഖനത്തില്‍ പ്രതിസ്ഥാനത്തെന്ന് ചൂണ്ടികാട്ടി 50 മില്യണ്‍ ഡോളറിന്‍റെ മാന നഷ്‌ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.