മുംബൈ: ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ എറ്റവും പുതിയ സീരിസ് പരമ്പരയായ 'ഇന്ത്യ പൊലീസ് ഫോഴ്‌സിൽ' ജോയിൻ ചെയ്‌ത് സൂപ്പർ താരം വിവേക് ഒബ്‌റോയ്. രോഹിത് ഷെട്ടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. നേരത്തെ സിദ്ധാർഥ് മൽഹോത്രയും, ശിൽപ്പ ഷെട്ടിയും സീരിസിൽ ജോയിൻ ചെയ്‌തിരുന്നു. ആമസോണ്‍ പ്രൈമാണ് സീരിസിന്‍റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
'ഞങ്ങളുടെ സ്ക്വാഡിലെ ഏറ്റവും പരിചയ സമ്പന്നനായ മുതിർന്ന ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തുന്നു. സ്വാഗതം വിവേക്.' സീരിസിലെ താരത്തിന്‍റെ ഫസ്റ്റ് ലുക്ക് ചിത്രത്തോടൊപ്പം രോഹിത് ഷെട്ടി കുറിച്ചു. പൊലീസ് യൂണിഫോമും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, കൂളിങ് ഗ്ലാസും ധരിച്ച് തോക്കുമേന്തി നിൽക്കുന്ന വിവേക് ഒബ്‌റോയിയുടെ ചിത്രമാണ് രോഹിത് പുറത്ത് വിട്ടത്.
പരമ്പരയിൽ ചേരുന്നതിലും ഒരു സൂപ്പർ പൊലീസായി അഭിനയിക്കുന്നതിലും ആവേശമുണ്ടെന്ന് ഒബ്‌റോയ് പറഞ്ഞു. 'മികച്ച സേനയിൽ ചേർന്നതിലുള്ള ആവേശത്തിലാണ് ഞാൻ. രോഹിത് ഷെട്ടിയുടെ പൊലീസ് യൂണിവേഴ്‌സിലെ സൂപ്പർ കോപ്പാകു. ഈ റോളിലേക്ക് എന്നെ പരിഗണിച്ചതിന് നന്ദി രോഹിത്.' വിവേക് ഒബ്‌റോയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
രോഹിത് ഷെട്ടി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമ്മിക്കുന്ന ആമസോൺ ഒറിജിനൽ സീരീസായ ഇന്ത്യ പൊലീസ് ഫോഴ്‌സിന്‍റെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. പ്രൈം വീഡിയോയിൽ അടുത്ത വർഷത്തോടെ സീരിസ് പുറത്തിറങ്ങുമെന്നാണ് സൂചന.