എറണാകുളം: സിനിമയിലേക്ക് തിരിച്ച് വരണമെന്ന് കരുതിയതല്ലന്ന് നടി ഭാവന. നല്ല അവസരങ്ങൾ കിട്ടിയാൽ തുടർന്നും സിനിമ ചെയ്യും. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമ ഏറെ ആലോചിച്ച ശേഷം ചെയ്യാൻ തീരുമാനിച്ചതാണെന്നും നടി വ്യക്തമാക്കി.
കഥ കേട്ട് ഒന്നര മാസത്തിന് ശേഷമാണ് അഭിനയിക്കാൻ സമ്മതമറിയിച്ചത്. ഈ സിനിമയിലെ കഥാപാത്രത്തിന്‍റെ പ്രത്യേകത കൊണ്ട് മാത്രം എടുത്ത തീരുമാനം എന്ന് പറയാൻ കഴിയില്ല. ശരിയായ സമയത്ത് എടുത്ത തീരുമാനത്തിന്‍റെ ഭാഗമായി സംഭവിച്ചതാണ്. ഈ സിനിമ റിലീസാവുമ്പോഴേ അതെങ്ങനെയുണ്ട് എന്നറിയാനാവൂ. സിനിമ നല്ലതാണോ എന്ന് മാത്രമേ കാണികൾ നോക്കൂ. അവരുടെ പ്രതികരണം അറിഞ്ഞശേഷം ബാക്കി തീരുമാനിക്കാമെന്നും നടി പറഞ്ഞു.
ആറ് വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുമ്പോൾ വലിയ മാറ്റമാണ് സിനിമ മേഖലയിൽ കാണുന്നത്. പോസിറ്റീവായ മാറ്റങ്ങളാണ് സിനിമ മേഖലയിൽ ഉണ്ടായിട്ടുള്ളത്. താൻ സിനിമയിൽ സജീവമാകുന്ന കാര്യം തന്‍റെ കയ്യിൽ മാത്രം നിൽക്കുന്ന കാര്യമല്ല. നല്ല പ്രൊജക്‌ടുകൾ വന്നാൽ തീർച്ചയായും ചെയ്യും. ഇപ്പോൾ ഷാജി സാറിന്‍റെ ഒരു പ്രൊജക്‌ട് ചെയ്‌തുകൊണ്ടിരിക്കുന്നുണ്ട്.
ഇത്രയും സിനിമകൾ ചെയ്‌തു. അതൊന്നും തന്‍റെ മാത്രം കഴിവ് കൊണ്ടാണെന്ന് വിചാരിക്കുന്നില്ല. അതൊക്കെ സംഭവിച്ചുപോവുന്നതാണ്. ആൻക്‌സൈറ്റി ഡിസോർഡറുകളെ എങ്ങനെയാണ് തരണം ചെയ്‌തതെന്ന ചോദ്യത്തോട്, അതിപ്പോഴും താൻ തരണം ചെയ്‌തിട്ടില്ലെന്നും അതിനാൽ ഒരു പരിഹാരം കൃത്യമായി പറയാൻ കഴിയില്ലെന്നും ഭാവന പറഞ്ഞു.
മലയാള സിനിമയിൽ താരങ്ങളുടെ മാർക്കറ്റ് വാല്യൂ അനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുന്നത്. ഇതിൽ ആൺ പെൺ വേർതിരിവുകളില്ലെന്നും അവർ പറഞ്ഞു. 'ഭാവന തിരിച്ചുവരുന്നു' എന്ന നിലയിൽ 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയെ പ്രേക്ഷകർ കാണുമ്പോൾ, ഞാൻ തിരിച്ചുവന്ന് ഒരു കലക്കുകലക്കും എന്ന അവകാശവാദങ്ങളൊന്നുമില്ല. ഇതൊരു കൊച്ചുസിനിമയാണ്, ഫീൽഗുഡ് സിനിമയാണ്. താൻ അഭിനയിച്ചു എന്നേയുള്ളൂ എന്നും ഭാവന പറഞ്ഞു.
തന്‍റെ സിനിമ ജീവിതത്തിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തനിക്ക് പ്രത്യേകിച്ച് ടെൻഷൻ ഒന്നും ഉണ്ടാകാറില്ല. എന്നാൽ ഈ സിനിമ റിലീസ് ആകുമ്പോൾ താൻ വലിയ ടെൻഷനിലാണ്. തന്‍റെ തിരിച്ചുവരവിനെ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നു എന്നത് കൊണ്ടാണ്. എല്ലാം നന്നായി വരുമെന്നാണ് പ്രതീക്ഷയെന്നും ഭാവന പറഞ്ഞു. 'ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലെ നായകൻ ഷറഫുദ്ദീനും സിനിമയിലെ അണിയറ പ്രവർത്തകരും കൊച്ചിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.