തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനായി പാന്‍ ഇന്ത്യന്‍ വിശേഷണത്തോടെ പ്രദര്‍ശനത്തിനെത്തിയ 'പുഷ്‌പ: ദ റൈസ്' തിയേറ്ററുകളില്‍ തരംഗം സൃഷ്‌ടിച്ചിരുന്നു. സുകുമാര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ രക്ത ചന്ദനക്കടത്തുകാരനായ പുഷ്‌പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചത്. പുഷ്‌പയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഫഹദ് ഫാസിലിന്‍റെ പ്രതിനായക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗം 'പുഷ്‌പ: ദ റൂള്‍' അണിയറയില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. നടന്‍ ഫഹദ് ഫാസിലാണ് ഒരഭിമുഖത്തിനിടെ ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കിയത്.
പുഷ്‌പയ്ക്ക് മൂന്നാം ഭാഗം : 'സുകുമാര്‍ എന്നോട് കഥ പറയുമ്പോള്‍ ചിത്രത്തിന് ഒരു ഭാഗമേ ഉണ്ടായിരുന്നുള്ളൂ. പൊലീസ് സ്റ്റേഷനിലെ രംഗവും രണ്ടാം പകുതിയിലെ എന്‍റെ ഭാഗവും കഴിഞ്ഞ് പിന്നീട് രണ്ട് ഭാഗങ്ങളാവുകയായിരുന്നു. ഈയിടെ സുകുമാറിനെ വീണ്ടും കണ്ടപ്പോള്‍ മൂന്നാം ഭാഗത്തിന് തയ്യാറാകണമെന്ന് പറഞ്ഞു. മൂന്നാം ഭാഗത്തിനുള്ള കഥയുണ്ട്' - ഫഹദ് പറഞ്ഞു.
എസ്‌പി ബന്‍വർസിങ് ശെഖാവത്തായി ഫഹദ് എത്തിയ ചിത്രത്തില്‍ 'പാര്‍ട്ടി നഹി ഹെ പുഷ്‌പ' എന്ന ഡയലോഗ് ഏറെ കൈയ്യടി നേടിയിരുന്നു. ചിത്രത്തിന്‍റെ അവസാന അരമണിക്കൂറില്‍ മാത്രമാണ് ഫഹദിന് സ്‌ക്രീന്‍ സ്‌പേസ് ഉള്ളൂവെങ്കിലും ബന്‍വർസിങ് ശെഖാവത്തായി ഫഹദിന്‍റെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രൂപ മാറ്റം കൊണ്ടും ഫഹദ് ഞെട്ടിച്ചിരുന്നു.
Also read: പുഷ്‌പ ദി റൂളില്‍ വിജയ് സേതുപതിയും ? ; അഭ്യൂഹം ശക്തം
ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ ഫഹദിന് മുഴുനീള വേഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ഉടന്‍ ആരംഭിക്കാനിരിക്കുന്ന 'പുഷ്‌പ: ദ റൂള്‍' 2023 മധ്യത്തോടെ പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്. രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചന നല്‍കിയാണ് പുഷ്‌പ ആദ്യ ഭാഗത്തിന്‍റെ ക്ലൈമാക്‌സ് രംഗം കാണിച്ചത്.
2021 ഡിസംബര്‍ 17നാണ് ചിത്രത്തിന്‍റെ ആദ്യ ഭാഗം റിലീസായത്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്‌പയില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായി രശ്‌മിക മന്ദാനയാണ് എത്തിയത്.
പ്രേക്ഷക പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫിസിലും മികച്ച വിജയമാണ് കാഴ്‌ചവച്ചത്. അല്ലു അര്‍ജുന്‍റെ പ്രകടനത്തിന് പുറമെ ദേവിശ്രീ പ്രസാദ് ഒരുക്കിയ പാട്ടുകളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു. 300 കോടിയിലധികം കലക്ഷന്‍ നേടിയ ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്‌തിരുന്നു.