ഇടുക്കി: വഞ്ചന കേസില്‍ നടന്‍ ബാബുരാജ് അറസ്‌റ്റില്‍. അടിമാലി പൊലിസ് ആണ് ബാബുരാജിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിർദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
Babu Raj cheating case: റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബുരാജിനെതിരെയുള്ള കേസ്. 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ബാബുരാജിനെതിരെ പൊലിസ് കേസെടുത്തത്. കോതമംഗലം തലക്കോട് സ്വദേശി അരുണിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
മൂന്നാറിൽ റവന്യു നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകിയാണ് നടൻ കബളിപ്പിച്ചതെന്ന് കാട്ടിയാണ് അരുണ്‍ പൊലിസിന് പരാതി നല്‍കിയത്. ബാബുരാജ് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്. മൂന്നാര്‍ കമ്പ് ലൈനിൽ നടൻ ബാബുരാജിന്‍റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്‌റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.
2020ൽ ലോക്ക്‌ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നൽകിയത്. 40 ലക്ഷം രൂപ കരുതൽ ധനമായി വാങ്ങിക്കുകയും ചെയ്‌തിരുന്നു. എന്നാൽ കൊവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം റിസോര്‍ട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും അരുൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ പണം തിരിച്ചു കൊടുക്കില്ലെന്ന നിലപാടാണ് ബാബുരാജ് സ്വീകരിച്ചിരിക്കുന്നത്. മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ 40 ലക്ഷം തിരിച്ചു കൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജ് പറയുന്നത്. ഈ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ബാബുരാജ് വിശദീകരിക്കുന്നു.
എന്നാൽ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പൊലിസ് സ്‌റ്റേഷനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോഴും നടൻ അതിനു തയ്യാറായില്ലെന്നാണ് അടിമാലി പൊലിസ് പറയുന്നത്. നേരത്തെ 'കൂദാശ' എന്ന സിനിമയുമായി ബന്ധപ്പെട്ടും ബാബുരാജ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. അന്നും വഞ്ചന കുറ്റത്തിനെതിരെയാണ് ബാബുരാജിനെതിരെ കേസെടുത്തത്. ഭാര്യ വാണി വിശ്വനാഥിനെതിരെയും കേസെടുത്തിരുന്നു.
'കൂദാശ' സിനിമയുടെ നിര്‍മാണത്തിനായി ബബുരാജ് 3.14 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നിര്‍മാതാക്കളില്‍ ഒരാളായ റിയാസിന്‍റെ പരാതി. സിനിമയുടെ ലാഭമോ മുടക്കുമുതലോ ഒന്നും നല്‍കിയില്ലെന്നും 2017 മുതല്‍ ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിക്കാരന്‍ നടനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ആദ്യം 30 ലക്ഷം രൂപ നല്‍കിയെന്നും പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയതെന്നുമാണ് പരാതിക്കാരന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ പണം തിരികെ ലഭിക്കാത്തതോടെയാണ് റിയാസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.
Babu Raj another cheating case: അതേസമയം തനിക്കെതിരെ ഉയര്‍ന്ന പരാതി വാസ്‌തവ വിരുദ്ധമെന്ന് ബാബുരാജ് പ്രതികരിച്ചിരുന്നു. 'കൂദാശ'യെ കുറിച്ച് ആരെങ്കിലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തു നോക്കിയാല്‍ അതിന്‍റെ വിവരങ്ങള്‍ കിട്ടുമെന്നും തനിക്കെതിരെ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണെന്നായിരുന്നു ബാബുരാജ് പ്രതികരിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രതികരണം.
Also Read: 'അത് കള്ളക്കേസ്, ആകാശം ഇടിഞ്ഞുവീണാലും നിലപാടുകളിൽ ഉറച്ചുനില്‍ക്കും'; തുറന്നടിച്ച് ബാബുരാജ്