എറണാകുളം: 2016ല്‍ നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി എബ്രിഡ് ഷൈന്‍ (Abrid Shine) സംവിധാനം ചെയ്‌ത ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു' (Action Hero Biju). യഥാർഥ പൊലീസ് ജീവിതത്തിൻ്റെ നേർക്കാഴ്‌ചകളെയാണ് ചിത്രത്തിലൂടെ എബ്രിഡ് ഷൈന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. എസ്ഐ ബിജു പൗലോസ് എന്ന പൊലീസ് ഓഫിസറുടെയും സഹപ്രവർത്തകരുടെയും ജീവിതത്തെയാണ് 'ആക്ഷന്‍ ഹീറോ ബിജു'വില്‍ വരച്ചുകാട്ടിയത്.
ഒരു പൊലീസ് സ്‌റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളും അതിനിടയിലുണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം സഞ്ചരിച്ചത്. ഇപ്പോഴിതാ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 'ആക്ഷന്‍ ഹീറോ ബിജു'വിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്.
സിനിമയ്‌ക്കായുള്ള ഓഡിഷനുകളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. നിലവില്‍ 'ആക്ഷന്‍ ഹീറോ ബിജു 2'ന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചിരിക്കുകയാണ്. പോളി ജൂനിയർ പിക്ചേഴ്‌സാണ് സിനിമയുടെ നിര്‍മാണം. 'ആക്ഷന്‍ ഹീറോ ബിജുവി'ന്‍റെ രണ്ടാം ഭാഗവും (Action Hero Biju 2) എബ്രിഡ് ഷൈന്‍ തന്നെയാണ് സംവിധാനം ചെയ്യുക.
Ramachandra Boss and Co release: അതേസമയം, നിവിന്‍ പോളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss and Co). ഓണം റിലീസായി തിയേറ്ററുകളില്‍ എത്തിയ സിനിമയ്‌ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിരിച്ചും ചിരിപ്പിച്ചും ത്രില്ലടിപ്പിച്ചും പ്രേക്ഷക ഹൃദയങ്ങള്‍ നിറച്ച ഈ നിവിന്‍ പോളി ചിത്രം, ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയാണ് പറഞ്ഞത്.
Also Read: Nivin Pauly Ramachandra Boss And Co രാമചന്ദ്രബോസിനെയും കൊള്ള സംഘത്തെയും ഏറ്റെടുത്ത് പ്രേക്ഷകര്‍
ഒരു പക്കാ ഫാമിലി എൻ്റര്‍ടെയ്‌നറായി ഓണക്കാലത്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രം കാണാന്‍ വലിയ ജനത്തിരക്കായിരുന്നു. പ്രദര്‍ശനത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തിയേറ്ററുകളെല്ലാം ഹൗസ്‌ഫുള്ളായിരുന്നു. എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ആഘോഷിക്കാന്‍ പാകത്തില്‍ എല്ലാ ചേരുവകളും ചേര്‍ത്താണ് സംവിധായകന്‍ ഹനീഫ് അദേനി 'രാമചന്ദ്രബോസ് ആന്‍ഡ് കോ' ഒരുക്കിയത്.
'രാമചന്ദ്രബോസ് ആന്‍ഡ് കോ'യ്‌ക്ക് വേണ്ടി, ഒരിടവേളയ്‌ക്ക് ശേഷമാണ് നിവിന്‍ പോളിയും ഫനീഫ് അദേനിയും വീണ്ടും ഒന്നിച്ചത്. നേരത്തെ നിവിന്‍ പോളിയെ നായകനാക്കി 'മിഖായേൽ' (Mikhael) എന്ന സിനിമയും ഹനീഫ് അദേനി ഒരുക്കിയിരുന്നു. 'മിഖായേലി'ല്‍ നിന്നും വളരെ വ്യത്യസ്‌തമായി, കോമഡി പശ്ചാത്തലത്തിലാണ് ഹനീഫ് അദേനി 'രാമചന്ദ്രബോസ് ആന്‍ഡ് കോ' ഒരുക്കിയത്.
സിനിമയില്‍ ഒരു കൊള്ളക്കാരന്‍റെ വേഷമായിരുന്നു നിവിന്‍ പോളിയ്‌ക്ക്. നിവിന്‍ നായകനായി എത്തിയ ചിത്രത്തില്‍ വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, ആർഷ ബൈജു, മമിത ബൈജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. യുഎഇയിലും കേരളത്തിലുമായിരുന്നു 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ചിത്രീകരണം. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചത്.