വർഷങ്ങൾക്കിപ്പുറവും ചില സിനിമകൾ ആവർത്തന വിരസതയേതുമില്ലാതെ, ആർത്തിയോടെ, ആദ്യമായി കാണുന്ന അതേ ഉത്സാഹത്തില്‍ കണ്ടുതീർക്കാറുണ്ട് നാം. കേട്ടുതഴമ്പിച്ച തമാശകൾക്കൊപ്പം വീണ്ടും വീണ്ടും പൊട്ടിച്ചിരിച്ചും കണ്ണുനനയിക്കുന്ന രംഗങ്ങൾക്കൊപ്പം കണ്ണീർ തുടച്ചും നായകന്‍റെയും നായികയുടെയും പ്രണയ സല്ലാപങ്ങൾ ഒളികണ്ണിട്ട് നോക്കിയും ആസ്വാദനത്തിന്‍റെ കൊടുമുടി പലതവണ കേറാറുണ്ട് നാം. അത്തരം ഒരു സിനിമയാണ് 'യോദ്ധാ' (31 years of Yodha Movie).
1992 സെപ്റ്റംബർ മാസം മൂന്നാം തീയതിയാണ് സംഗീത് ശിവന്‍റെ സംവിധാനത്തിൽ 'യോദ്ധാ' റിലീസായത്. ഇന്നും 31ന്‍റെ ചെറുപ്പവുമായി 'യോദ്ധാ' മലയാളികളുടെ സ്വീകരണ മുറിയിൽ തുടരുന്നു. മലയാളികളുടെ ഇഷ്‌ട ചിത്രങ്ങളുടെ പട്ടികയിൽ ഇനി എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാലും 'യോദ്ധാ' ഉണ്ടാകുമെന്നതിൽ തർക്കമില്ല.
ആസ്വാദനത്തിന്‍റെ രസച്ചരട് പൊട്ടാതെ, എപ്പോൾ വേണെമെങ്കിലും കണ്ടിരിക്കാൻ പറ്റുന്ന ദൃശ്യഭാഷയാണ് 'യോദ്ധാ'യുടേത്. എത്രതവണ കണ്ടുവെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഉത്തരമുണ്ടാകില്ല. തൈപ്പറമ്പില്‍ അശോകനും അരശുമ്മൂട്ടില്‍ അപ്പുക്കുട്ടനും റിംബോച്ചെയും പ്രേക്ഷകന് അത്രമേൽ സുപരിചിതരാണ്.
വേറിട്ട ശൈലിയിലെടുത്ത ഈ സിനിമയെ രസകരം എന്ന് ഒറ്റ വാക്കിൽ വിളിക്കാം. കോമഡിയും സസ്‌പെൻസും ത്രില്ലറും റൊമാൻസും ഡ്രാമയും എല്ലാം ചേർന്ന കഥയാണ് 'യോദ്ധാ'യുടേത്. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത കഥാപശ്ചാത്തലം. ഒരുപക്ഷേ മലയാളി പ്രേക്ഷകർ അന്നുവരെ കണ്ട് ശീലിച്ച കഥാന്തരീക്ഷത്തില്‍ നിന്നും തികച്ചും വ്യത്യസ്‌തം എന്നുതന്നെ പറയാം.
വളരെ ലളിതമാണ് 'യോദ്ധാ'യുടെ കഥാസാരം. ബുദ്ധമഠത്തിൽ റിംബോച്ചെ ആയി വാഴിക്കാൻ പോകുന്ന ഒരു കുട്ടിയെ തട്ടിക്കൊണ്ടുവന്ന് ബലി കഴിച്ച് അജയ്യത കൈവരിക്കാൻ ആഗ്രഹിക്കുന്ന ദുർമന്ത്രവാദിനിയും അവൾക്ക് അകമ്പടിയേകുന്ന, എന്തിനുംപോന്ന കാവലാളുകളും. ഇവരുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കാനായി കേരളത്തിൽ നിന്ന് ഒരാൾ എത്തുകയാണ്, അശോകൻ. പരസ്‌പരം കണ്ടുമുട്ടുന്ന അശോകനും റിംബോച്ചെയും ചങ്ങാതികളാകുന്നു. വൈകാതെ തന്‍റെ കൂടെ ഉള്ളത് വെറും ഒരു കുട്ടിയല്ലെന്ന് അശോകൻ തിരിച്ചറിയുകയാണ്. തന്നിൽ അര്‍പ്പിതമായിരിക്കുന്ന കർത്തവ്യം അയാൾക്ക് ബോധ്യമാവുകയും കുട്ടിയെ രക്ഷിച്ച് മഠത്തിൽ തിരികെ എത്തിക്കുന്നതുമാണ് 'യോദ്ധാ'യുടെ രത്നച്ചുരുക്കം.
എന്നാൽ മോഹൻലാൽ ഗംഭീരമാക്കിയ തൈപ്പറമ്പില്‍ അശോകന്‍റെയും ജഗതി അരങ്ങുവാണ അരശുമ്മൂട്ടില്‍ അപ്പുക്കുട്ടന്‍റെയും തകർപ്പൻ 'കോംബോ'യും ഒടുവില്‍ ഉണ്ണികൃഷ്‌ണന്‍റെയും മീനയുടെയും എംഎസ് തൃപ്പൂണിത്തുറയുടെയും ഉർവശിയുടെയും കഥാപാത്രങ്ങളുടെ ഡയലോഗുകളും തമാശകളും സിനിമയുടെ ആസ്വാദനത്തിന് കൂടുതൽ മാധുര്യമേകി. മലയാളികൾ ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന എത്രയെത്ര തമാശകളാണ് ഈ സിനിമയിലുള്ളത്!
'യോദ്ധാ'യിലെ ഡയലോഗുകളും ശൈലികളും നിത്യജീവിതത്തിൽ പലപ്പോഴായി നാം കടമെടുക്കാറുണ്ട്. 'കാവിലെ പാട്ടുമത്സരത്തില്‍ കാണാം', 'കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ', 'കലങ്ങിയില്ല', 'നന്നായി കലക്കി ഒരു ഗ്ലാസ് കൂടി എടുക്കട്ടെ', 'ദേ വന്നിരിക്കുന്നൂ നിന്‍റെ മോന്‍', 'അശോകന് ക്ഷീണമാകാം', 'ഈ ഫോറസ്റ്റ് നിറയെ കാടാണല്ലോ' തുടങ്ങിയ ഡയലോഗുകൾ നമുക്ക് കാണാപ്പാഠമാണ്. 'അമ്പട്ടന്‍', 'അക്കോസേട്ടൻ' തുടങ്ങിയ പേരുകളും നമ്മൾ ഏറ്റെടുത്തിട്ടുണ്ട്.
പക്ഷേ തിയേറ്ററുകളിൽ സാധാരണ വിജയം മാത്രമായിരുന്നു 'യോദ്ധാ'യ്‌ക്ക് നേടാനായത്. 1992ൽ 'പപ്പയുടെ സ്വന്തം അപ്പൂസ്', 'അദ്വൈതം' എന്നിവയ്‌ക്കൊപ്പം ഓണം റിലീസായാണ് 'യോദ്ധ' എത്തിയത്. എന്നാൽ കലക്ഷനിൽ മറ്റ് രണ്ട് ചിത്രങ്ങൾക്ക് പിന്നിലായിരുന്നു 'യോദ്ധാ'യുടെ സ്ഥാനം. ഉയര്‍ന്ന നിർമാണച്ചിലവും 'യോദ്ധാ'യ്‌ക്ക് തിരിച്ചടിയായി. പിന്നീട് ഈ ചിത്രത്തെ സൂപ്പര്‍ഹിറ്റാക്കി മാറ്റിയത് ടെലിവിഷന്‍ ചാനലുകളാണ്. ആവര്‍ത്തിച്ചുള്ള സംപ്രേഷണത്തിലൂടെ 'യോദ്ധാ' മലയാളികളുടെ ഹൃദയത്തിൽ കൂടുകൂട്ടുകയായിരുന്നു.
ബുദ്ധമതത്തിലെ നന്മയും തിന്മയും താന്ത്രികാചാര രീതികളും ബ്ലാക്ക് മാജിക്കും ഉള്‍പ്പെടുത്തി ഗൗരവ സ്വഭാവത്തില്‍ ഒരു ഡോക്യുഫിക്ഷന്‍ എന്ന നിലയിൽ 'യോദ്ധാ' ചിത്രീകരിക്കാം എന്നായിരുന്നു സംവിധായകൻ സംഗീത് ശിവൻ ആദ്യം ചിന്തിച്ചത്. 'ബുദ്ധ' എന്ന പേരും സിനിമയ്‌ക്കായി അദ്ദേഹം കണ്ടുവച്ചിരുന്നു. പക്ഷേ ഇത്തരമൊരു പ്രമേയം മലയാളത്തില്‍ എങ്ങനെ അവതരിപ്പിക്കുമെന്ന കാര്യത്തിൽ പല സന്ദേഹങ്ങളും സ്വാഭാവികമായും ഉണ്ടായി.
തുടർന്ന് സഹോദരനും ചലച്ചിത്രകാരനുമായ സന്തോഷ് ശിവനുമായും തിരക്കഥാകൃത്ത് ശശിധരന്‍ ആറാട്ടുവഴിയുമായും നടത്തിയ ചര്‍ച്ചകളാണ് 'യോദ്ധാ'യുടെ പിറവിയ്‌ക്ക് വഴിവച്ചത്. കേരളത്തിലെ കാവും കുളവും അമ്പലവും തറവാടുമൊക്കെ ബുദ്ധകഥയുമായി കോർത്തിണക്കിയപ്പോൾ സിനിമാപ്രേമികൾക്ക് ലഭിച്ചത് പുത്തനൊരു സിനിമാനുഭവമാണ്.
'യോദ്ധാ'യെക്കുറിച്ച് സംസാരിക്കുമ്പോൾ അതിലെ സംഗീതത്തെപ്പറ്റി പറയാതിരിക്കുന്നതെങ്ങനെ? എആർ റഹ്മാനാണ് 'യോദ്ധാ'യുടെ സംഗീതത്തിന്‍റെ ക്രെഡിറ്റ്. റഹ്‌മാന്‍ ആദ്യമായി സംഗീതം നല്‍കിയ മലയാള ചിത്രമെന്ന വലിയ പ്രത്യേകത കൂടിയുണ്ട് 'യോദ്ധാ'യ്‌ക്ക്. ഗാനങ്ങള്‍ക്കൊപ്പം തന്നെ മികവുറ്റതായിരുന്നു 'യോദ്ധാ'യുടെ പശ്ചാത്തല സംഗീതവും. നേപ്പാള്‍ പശ്ചാത്തലത്തിലെയും ആക്ഷന്‍ സീക്വന്‍സുകളിലെയും സംഗീതം എടുത്തുപറയേണ്ടതാണ്.
വര്‍ഷങ്ങള്‍ക്ക് ശേഷവും പുതുമ തെല്ലും ചോരാതെ നിലനില്‍ക്കാനും പ്രേക്ഷകനെ രസിപ്പാക്കാനും 'യോദ്ധാ'യ്‌ക്ക് കഴിയുന്നു എന്നതുതന്നെയാണ് ഈ സിനിമയുടെ വിജയം. 'യോദ്ധാ' സിനിമയ്‌ക്കും അതിലെ സംഭാഷണങ്ങൾക്കും തമാശകൾക്കും പാട്ടുകൾക്കും ആക്ഷന്‍ സീക്വന്‍സുകൾക്കും എല്ലാം വര്‍ഷം ചെല്ലുന്തോറും സ്വീകാര്യത ഏറിവരികയാണ്. മുപ്പത്തൊന്ന് വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് 'യോദ്ധാ' യാത്ര തുടരുന്നു, ഒപ്പം നമ്മളും.