തിരുവനന്തപുരം: ആറ് ക്യൂബന്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 ചിത്രങ്ങളുമായി ഐഎഫ്എഫ്കെ 28-ാം എഡിഷന് നാളെ (ഡിസംബര്‍ 8) തുടക്കം.
പതിവ് വേദിയായ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്‌ച വൈകുന്നേരം ആറിന് മേളയ്‌ക്ക് തിരിതെളിയും. ബോളിവുഡ് സ്വഭാവനടന്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയാവും.
ഇത്തവണത്തെ സ്‌പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് വനൂരി ക ഹിയു നിവിന് സമ്മാനിക്കും. തുടര്‍ന്ന് സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ കഥ പറയുന്ന ഗുഡ്‌ബൈ ജൂലിയ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.ഇത്തവണ 12000 ത്തോളം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി 5 മണി മുതല്‍ 6 മണി വരെ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും കര്‍ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല്‍ നയിക്കുന്ന സ്‌ത്രീ താല്‍ തരംഗിന്‍റെ 'ലയരാഗ സമര്‍പ്പണം' എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും. അഞ്ച് സ്‌ത്രീകള്‍ ചേർന്ന് ഘടം, വയലിന്‍, മൃദംഗം, മുഖര്‍ശംഖ്, വായ്‌ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണിത്.
മാനവീയം വീഥിയില്‍ നിശാജീവിതം ആസ്വദിക്കാനത്തെുന്ന ഡെലിഗേറ്റുകള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അഭയ ഹിരണ്‍മയി അണ്‍പ്ളഗ്‌ഡ്, ഫൈ്ളയിംഗ് എലഫന്‍റ്, രാഗവല്ലി, മാങ്കോസ്റ്റീന്‍ ക്ലബ്, ഇഷ്‌ക് സൂഫിയാന എന്നീ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
തിയേറ്ററുകളില്‍ ആകെ സീറ്റിന്‍റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്‌തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. അറുപതും അതിനു മുകളിലും പ്രായമുള്ള മുതിര്‍ന്ന പൗരന്മാർക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കും. പ്രായം തെളിയിക്കുന്ന സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താനാവുക.
ഡെലിഗേറ്റുകള്‍ക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശന വേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തുന്നതാണ്. ബംഗാളി നവതരംഗ സംവിധായകന്‍ മൃണാള്‍ സെന്നിന്‍റെ ജന്മശതാബ്‌ദിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്‍റെ ജീവിതവും സിനിമകളും അവതരിപ്പിക്കുന്ന എക്‌സിബിഷന്‍, എം ടി വാസുദേവന്‍ നായര്‍, നടന്‍ മധു എന്നിവരുടെ നവതി ആഘോഷത്തിന്‍റെ ഭാഗമായുള്ള എക്സിബിഷനുകള്‍ എന്നീ മൂന്നു പ്രദര്‍ശനങ്ങളും ഉണ്ടാകും.
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്‌ടര്‍, അരവിന്ദന്‍ സ്‌മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 81 രാജ്യങ്ങളില്‍ നിന്നുള്ള 175 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. അന്താരാഷ്‌ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും ഇന്ത്യന്‍ സിനിമ 'ഇന്ന്' വിഭാഗത്തില്‍ ഏഴ് സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ലോകസിനിമ വിഭാഗത്തില്‍ 62 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ 26 സിനിമകള്‍ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്‌കറിന് വിവിധ രാജ്യങ്ങള്‍ തെരഞ്ഞെടുത്ത ഔദ്യോഗിക എന്‍ട്രികളാണ്.
കൂടാതെ 100 ല്‍പ്പരം ചലച്ചിത്ര പ്രവര്‍ത്തകര്‍ മേളയില്‍ അതിഥികളായി എത്തുന്നുണ്ട്. വിഖ്യാത പോളിഷ് സംവിധായകനായ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് മേളയുടെ സമാപനച്ചടങ്ങില്‍ സമ്മാനിക്കും. സമകാലിക ലോക സിനിമയിലെ ചലച്ചിത്രാചാര്യന്മാരില്‍ ഒരാളായ ക്രിസ്റ്റോഫ് സനൂസിയുടെ സാന്നിധ്യം ഈ മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിൽ ഒന്നായിരിക്കും.
അതേസമയം കണ്‍ട്രി ഫോക്കസ് വിഭാഗത്തിലാണ് ആറ് ക്യൂബന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ക്യൂബന്‍ സംവിധായകരായ ഹോര്‍ഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗില്‍, നിര്‍മ്മാതാവ് റോസ മരിയ വാല്‍ഡസ് എന്നിവര്‍ മേളയില്‍ അതിഥികളായി പങ്കെടുക്കും. പൊരുതുന്ന പലസ്‌തീനോടുള്ള ഐക്യദാര്‍ഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക ലോകചലച്ചിത്രാചാര്യന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ മാസ്റ്റര്‍ മൈന്‍ഡ്‌സ്, നവ ലാറ്റിനമേരിക്കന്‍ സിനിമകള്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പാക്കേജ്, മേളയില്‍ ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ലഭിച്ച ക്രിസ്റ്റോഫ് സനൂസിയുടെ റെട്രോസ്‌പെക്റ്റീവ്, മൃണാള്‍സെന്നിന്‍റെ ജന്മശതാബ്‌ദിയോട് അനുബന്ധിച്ചുള്ള സെന്‍ റെട്രോസ്‌പെക്റ്റീവ്, 'ദ ഫിമേല്‍ ഗെയ്‌സ്' എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പാക്കേജ്, കലൈഡോസ്‌കോപ്പ് എന്നിവയാണ് മേളയുടെ മറ്റ് പ്രധാന പാക്കേജുകള്‍.
ഹൊറര്‍ ജോണറിലുള്ള രണ്ടു ചിത്രങ്ങള്‍ നിശാഗന്ധിയില്‍ അര്‍ധരാത്രിയില്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി ചലച്ചിത്ര അക്കാദമി ഡിജിറ്റല്‍ റെസ്റ്ററേഷന്‍ നടത്തിയ നാലു ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പോര്‍ച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസ് ചെയര്‍പേഴ്‌സണും ലാറ്റിനമേരിക്കന്‍ സംവിധായകന്‍ പാബ്ളോ സെസാര്‍, ന്യൂയോര്‍ക്കിലെ ചലച്ചിത്രപണ്ഡിതനായ ബൗകരി സവാദോഗോ, ചലച്ചിത്രനിരൂപകയും ക്യുറേറ്ററുമായ കികി ഫുങ്, ഓസ്‌കര്‍ അവാര്‍ഡുകള്‍ നല്‍കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്‌ചര്‍ ആര്‍ട്‌സിലെ സംവിധായക ശാഖയിലെ അംഗമായ ചലച്ചിത്രകാരന്‍ പാന്‍ നളിന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്‌ട്ര മല്‍സര വിഭാഗത്തിലെ മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നത്.
പാരീസിലെ ചലച്ചിത്ര ചരിത്രാധ്യാപകന്‍ പിയറി സിമോണ്‍ ഗുട്ട്മാന്‍ ചെയര്‍മാനും ഇസ്‌താംബുള്‍ യൂണിവേഴ്സിറ്റിയിലെ ചലച്ചിത്ര വിഭാഗം അധ്യാപിക മെലിസ് ബെഹ്ലില്‍, ആസാമിലെ വനിതാ സര്‍വകലാശാലയിലെ സാംസ്‌കാരിക പഠനവിഭാഗം അധ്യാപിക ഡോ. മീനാക്ഷി ദത്ത എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഫിപ്രസ്‌കി അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിതനഗെ ചെയര്‍മാനും ദക്ഷിണേഷ്യന്‍ ഗവേഷക മാരാ മറ്റ, ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയിരുന്ന വിദ്യാശങ്കര്‍ എന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറി നെറ്റ്പാക് അവാര്‍ഡുകള്‍ നിര്‍ണയിക്കും.
സംവിധായകന്‍ ടി വി ചന്ദ്രന്‍ ചെയര്‍മാനും സംവിധായിക വിധു വിന്‍സെന്‍റ്, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ അമിതവ ഘോഷ് എന്നിവര്‍ അംഗങ്ങളുമായ ജൂറി കെ ആര്‍ മോഹനന്‍ അവാര്‍ഡ് നിര്‍ണയിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്‌ക്ക് 20 ലക്ഷം രൂപയാണ് ലഭിക്കുക. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.
പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയാണ് ലഭിക്കുക. കെ ആര്‍ മോഹനന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും പുരസ്‌കാര തുകയായി ലഭിക്കും.
READ MORE: ലോക സിനിമ തിരുവനന്തപുരത്തേക്ക്; ഐഎഫ്‌എഫ്‌കെ 28 ന് ഡിസംബര്‍ 8 ന് തിരിതെളിയും