1998 സെപ്റ്റംബര്‍ നാല്, മലയാള സിനിമയെ സംബന്ധിച്ച് മികച്ചൊരു ദിനമായിരുന്നു അന്ന്. കാരണം മറ്റൊന്നുമില്ല. പ്രേക്ഷക ഹൃദയം കവർന്ന രണ്ട് ചിത്രങ്ങളാണ് അന്നേ ദിവസം റിലീസിനെത്തിയത്. ഫാസിലിന്‍റെ 'ഹരികൃഷ്‌ണൻസും' സിബി മലയിൽ ഒരുക്കിയ 'സമ്മർ ഇൻ ബത്‌ലഹേമും'. മലയാളിക്ക് മറക്കാനാവാത്ത സിനിമാനുഭവം സമ്മാനിച്ച ദൃശ്യകാവ്യങ്ങൾ (25 Years Of Summer in Bethlehem and Harikrishnans).
മലയാള സിനിമാസ്വാദകർ ഏറ്റവുമധികം തവണ കണ്ട സിനിമകളില്‍ ഒന്നാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവന്‍ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. അതിഥി വേഷത്തിലെത്തി കാഴ്‌ചക്കാരുടെ ഇഷ്‌ടം തട്ടിയെടുത്ത മോഹൻലാലിന്‍റെ പ്രകടനവും എടുത്തുപറയേണ്ടതാണ്.
രഞ്ജിത്തിന്‍റെ തിരക്കഥയില്‍ സിബി മലയിൽ സംവിധാനം ചെയ്‌ത ഈ ചിത്രം കോക്കേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ സിയാദ് കോക്കര്‍ ആണ് നിർമിച്ചത്. ഇന്നിതാ 'സമ്മർ ഇൻ ബത്‌ലഹേം' പുറത്തിറങ്ങി കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായിരിക്കുകയാണ്.
അഭിരാമിയെന്ന ആമിയും ഡെന്നിസും രവി ശങ്കറും മോനായിയും നിരഞ്ജനുമെല്ലാം മലയാളികളുടെ കൺകോണിൽ എന്നും ഭദ്രമാണ്. റൊമാൻസും തമാശകളും ദുഃഖവും നിരാശയും വിരഹവുമെല്ലാം കോർത്തിണക്കിയ ആഖ്യാനമാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേമി'ന്‍റേത്. മിനി സ്‌ക്രീനിൽ ഈ സിനിമയുടെ പേര് തെളിയുമ്പോഴെല്ലാം നമ്മുടെ ഉള്ളിലും പുഞ്ചിരി വിരിയുന്നു.
സിനിമയിലെ ഗാനങ്ങളും എടുത്തുപറയേണ്ടതുതന്നെ. വിദ്യാസാഗർ എന്ന അതുല്യ സംഗീതകാരൻ ഹൃദയംകൊണ്ട് ചിട്ടപ്പെടുത്തിയ പാട്ടുകൾ. ഇന്നും എന്നും മലയാളികളുടെ 'ഫേവറിറ്റ് ലിസ്റ്റി'ൽ ഈ സിനിമയിലെ ഗാനങ്ങളും ഉണ്ടാവും.
ഒരു രാത്രി കൂടി വിടവാങ്ങവേ : (കെജെ യേശുദാസ്, കെഎസ് ചിത്ര), എത്രയോ ജന്മമായ് (സുജാത മോഹൻ, ശ്രീനിവാസ്)...വിദ്യാസാഗറിന്‍റെ മെലഡികൾ. തീർന്നില്ല, മലയാളികളുടെ ആഘോഷങ്ങൾക്ക് ഇന്നും ആവേശം പകരുന്ന കൺഫ്യൂഷൻ തീർക്കണമേ (എം.ജി. ശ്രീകുമാർ), മാരിവില്ലിൻ ഗോപുരങ്ങൾ (ബിജു നാരായണൻ, ശ്രീനിവാസ്), കുന്നിമണിക്കൂട്ടിൽ കുറുകിക്കൊണ്ടാടും (എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര), ചൂളമടിച്ച് കറങ്ങി നടക്കും (കെഎസ് ചിത്ര) തകർപ്പൻ ഗാനങ്ങളും.
അടുത്തിടെ 'സമ്മർ ഇൻ ബത്‌ലഹേമി'ന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നിർമാതാവ് സിയാദ് കോക്കര്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന സിനിമ പ്രേക്ഷകർക്ക് ആവേശം പകരുന്നതായിരുന്നു ഈ പ്രഖ്യാപനം. രവി ശങ്കറിന് പൂച്ചയെ സമ്മാനിച്ച ആ മുറപ്പെണ്ണ് രണ്ടാം ഭാഗത്തിലെങ്കിലും മറനീക്കി പുറത്തുവരുമെന്നാവാം പ്രേക്ഷകരുടെ പ്രത്യാശ.
ഹരീ...എന്താടാ കിണ്ണാ : 300 ഓളം അഭിഭാഷകർ അടങ്ങുന്ന ഹരികൃഷ്‌ണൻ അസോസിയേറ്റ്‌സിന്‍റെ തലവൻമാരാണ് ഹരിയും കൃഷ്‌ണനും. ഇവരുടെ കഥയാണ് ഹരികൃഷ്‌ണൻസ്. 1998 സെപ്റ്റംബര്‍ നാലിന് 'സമ്മര്‍ ഇന്‍ ബത്‌ലേഹേമി'നൊപ്പം തിയേറ്ററുകളിലേക്ക് എത്തിയ സിനിമ ബോക്‌സ് ഓഫിസിൽ വൻ വിജയമാണ് കൊയ്‌തത്. മമ്മൂട്ടിയും മോഹൻലാലും അതിമനോഹരമായാണ് ഹരികൃഷ്‌ണൻമാരെ തിരശീലയിലേക്ക് പകർത്തിയത്.
പ്രണവം ആര്‍ട്‌സിന്‍റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിർമിച്ച ഈ ചിത്രത്തിലൂടെ മലയാളത്തിന്‍റെ രണ്ട് മഹാനടന്മാർ മത്സരിച്ചഭിനയിച്ചത് പ്രേക്ഷകരെ തെല്ലൊന്നുമല്ല ആവേശത്തിലാക്കിയത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചൊരു സിനിമ സാധ്യമാകുമോ എന്ന് ഏവരും നെറ്റിചുളിച്ച കാലത്താണ് ഇരുവരെയും അണിനിരത്തി ഫാസിൽ ഹരികൃഷ്‌ണൻസ് കെട്ടിപ്പടുത്തത്.
ബോളിവുഡിന്‍റെ താരറാണി ജൂഹി ചൗളയും ഒപ്പം കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ അണിനിരന്നിരുന്നു. ഫാസിൽ തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും രചിച്ചത്. ഇരട്ട ക്ലൈമാക്‌സിന്‍റെ പേരിൽ ചിത്രം വിവാദവും സൃഷ്‌ടിച്ചിരുന്നു.
ഹരികൃഷ്‌ണൻമാർക്ക് 'മീര'യെ (ജൂഹി ചൗള) ഇഷ്‌ടമാണ്. എന്നാൽ കഥാന്ത്യത്തില്‍ മീര ആരെ തിരഞ്ഞെടുക്കുമെന്നത് പ്രേക്ഷകരെ പോലെ തന്നെ അണിയറ പ്രവർത്തകർക്കും തലവേദന സൃഷ്‌ടിച്ചിരിക്കണം. അതുകൊണ്ടുതന്നെ രണ്ട് തരത്തിലാണ് ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. ഒന്നിൽ മീര പങ്കാളിയായി തിരഞ്ഞെടുക്കുന്നത് കൃഷ്‌ണനെയാണ്. മറ്റൊന്നിൽ ഹരിയെയും. ഇരുതാരങ്ങളുടെയും എണ്ണിയാലൊടുങ്ങാത്ത ആരാധകരെ സംതൃപ്‌തിപ്പെടുത്താനായി മലയാളത്തില്‍ അങ്ങനെ ആദ്യമായി ഇരട്ട ക്ലൈമാക്‌സ് സൃഷ്‌ടിക്കപ്പെടുകയായിരുന്നു.