ലോസ് ആഞ്ചലസ്: ടൈറ്റാനിക്കിന്‍റെ (Titanic) അവശിഷ്‌ടങ്ങള്‍ കാണാനായി അഞ്ച് പേരുമായി പോയ ടൈറ്റന്‍ (Titan) അന്തര്‍വാഹിനി കപ്പല്‍ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്‌ത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ (James Cameron). 1912-ല്‍ കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ യാത്രയെ ആസ്‌പദമാക്കി ജെയിംസ് കാമറൂണ്‍ അതേ പേരില്‍ ഒരു ചിത്രം സംവിധാനം ചെയ്‌തിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രം വലിയ ഹിറ്റായി മാറുകയും ചെയ്‌തിരുന്നതാണ്.
ടൈറ്റാനിക്ക് ചിത്രം ഒരുക്കുന്നതിനായി നിരവധി തവണയാണ് ജെയിംസ് കാമറൂണ്‍ കപ്പലിന്‍റെ അവശിഷ്‌ടങ്ങള്‍ കിടക്കുന്ന കടലിന്‍റെ അടിത്തട്ടിലേക്ക് പോയത്. ഒരു നൂറ്റാണ്ട് മുന്‍പ് നടന്ന അപകടത്തില്‍ 1,500 പേര്‍ മരിച്ചിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം, ടൈറ്റാനിക്ക് ദുരന്തം പോലെ സമാനതകള്‍ ടൈറ്റന്‍ അപകടത്തിനും ഉണ്ടെന്നാണ് ജെയിംസ് കാമറൂണിന്‍റെ അഭിപ്രായം.
'ലഭിച്ച മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതിന്‍റെ ഫലമായാണ് അതേ സ്ഥലത്ത് ഇന്ന് മറ്റൊരു അപകടം ഉണ്ടായിരിക്കുന്നത്. ഈ സംഭവത്തിന് ടൈറ്റാനിക് ദുരന്തവുമായുള്ള സമാനതകള്‍ എന്നെ ഏറെ ഞെട്ടിച്ചുകളഞ്ഞു. ടൈറ്റാനിക്കിന്‍റെ യാത്രയില്‍ മുന്നിലുള്ള മഞ്ഞു കട്ടയെ കുറിച്ച് ക്യാപ്‌റ്റന്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പാണ് നല്‍കിയത്.
എന്നിട്ടും അത് അവഗണിച്ച് മുന്നോട്ട് പോയ കപ്പല്‍ പൂര്‍ണവേഗതയില്‍ ആ മഞ്ഞുമലയിലേക്ക് ഇടിച്ചുകയറി. അതിന്‍റെ ഫലമായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്' - ജെയിംസ് കാമറൂണ്‍ പറഞ്ഞു. മുന്നറിയിപ്പുകളെ അവഗണിച്ചതുകൊണ്ടാണ് ടൈറ്റന്‍ അന്തര്‍വാഹിനി കപ്പലും അപകടത്തില്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
'അന്തര്‍വാഹിനിയെ കുറിച്ച് നിരവധി പേരാണ് ഓഷ്യന്‍ ഗേറ്റിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. യാത്രക്കാരുമായി പോകുന്നത് അപകടമായിരിക്കുമെന്ന നിര്‍ദേശവും പലരും നല്‍കിയിരുന്നു', ജെയിംസ് കാമറൂണ്‍ വ്യക്തമാക്കി. ടൈറ്റനില്‍ നിന്നുള്ള സിഗ്‌നലുകള്‍ നിലച്ചുവെന്ന വാര്‍ത്തകള്‍ കേട്ടതോടെ തന്നെ താന്‍ ഇതില്‍ അപകടം മണത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ടൈറ്റന്‍ അപകടത്തില്‍പ്പെടുന്ന ദിവസം ഞാന്‍ ഒരു കപ്പലില്‍ ആയിരുന്നു. അന്തര്‍വാഹിനി കപ്പലില്‍ നിന്നുള്ള ആശയവിനിമയം നിലച്ചുവെന്ന വിവരം അറിഞ്ഞതോടെ തന്നെ ഞാന്‍ ഒരു അപകടം മണത്തു. ഈ സമയം, എന്തോ വലുതായി സംഭവിക്കാന്‍ പോകുന്നുവെന്ന തോന്നലും എനിക്ക് ഉണ്ടായി.
വിനാശകരമായ തരത്തില്‍ ഒന്നും സംഭവിക്കാതെ ഒരിക്കലും കപ്പലില്‍ നിന്നുള്ള സിഗ്‌നലുകള്‍ നിലയ്‌ക്കില്ലെന്ന് ഞാന്‍ കൂടെ ഉണ്ടായിരുന്നവരോട് പറഞ്ഞിരുന്നു. ഉള്‍വലിഞ്ഞ് കപ്പല്‍ പൊട്ടിത്തെറിച്ചിരിക്കാം എന്ന ചിന്തയും എന്നില്‍ ഉണ്ടായിരുന്നു', ജെയിംസ് കാമറൂണ്‍ പറഞ്ഞു.
ജൂണ്‍ 18ന് അഞ്ച് യാത്രികരുമായി ടൈറ്റാനിക് അവശിഷ്‌ടങ്ങള്‍ കാണാന്‍ പുറപ്പെട്ട ടൈറ്റന്‍ അന്തര്‍വാഹിനി കപ്പല്‍ അകത്തേക്ക് പൊട്ടിത്തെറിച്ചെന്ന റിപ്പോര്‍ട്ട് ഇന്നാണ് പുറത്തുവന്നത്. പൊട്ടിത്തെറിയില്‍ കപ്പലില്‍ ഉണ്ടായിരുന്ന അഞ്ച് യാത്രികരും മരിച്ചെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡാണ് അറിയിച്ചത്. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് സിഇഒ സ്റ്റോക്‌ടൻ റഷ്, ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ്-പാകിസ്ഥാനി ബിസിനസുകാരന്‍ ഷെഹ്‌സാദ് ദാവൂദും മകന്‍ സുലേമാന്‍, മുങ്ങല്‍ വിദഗ്‌ദനായ പോള്‍ ഹെൻറി നാര്‍ജിയോലെ എന്നിവരായിരുന്നു ടൈറ്റനില്‍ ഉണ്ടായിരുന്നത്.