ബാഹുബലി എന്ന് ബ്രഹ്‌മാണ്ഡ വിസ്‌മയത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നടൻ പ്രഭാസ് സംവിധായകന്‍ നാഗ് അശ്വിനുമായി കൈകോര്‍ത്ത് അണിയറയിലൊരുങ്ങുന്നത് വമ്പൻ ആക്ഷൻ എന്റർടെയ്‌നര്‍. 'പ്രോജക്‌റ്റ് കെ' എന്ന വർക്കിംഗ് ടൈറ്റിലില്‍ പുരോഗമിക്കുന്ന ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് ഹോളിവുഡ് ആക്ഷൻ സംവിധായകരെ അണിനിരത്തുന്നതായാണ് റിപ്പോർട്ടുകള്‍. ബിഗ് ബജറ്റ് സയൻസ് ഫിക്ഷൻ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ പാൻ ഇന്ത്യ സ്‌റ്റാർ പ്രഭാസിനൊപ്പം ബോളിവുഡ് താരസുന്ദരി ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍ എന്നിവരുമെത്തും.
വൈജയന്തി മൂവീസിന്‍റെ ബാനറിലൊരുങ്ങുന്ന ചിത്രം 2024ൽ റിലീസിനെത്താനാണ് സാധ്യതയെന്ന് സംവിധായകൻ നാഗ് അശ്വിൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ അഞ്ച് നീണ്ട ആക്ഷൻ ബ്ലോക്കുകളുണ്ടെന്നാണ് അറിയുന്നത്. ഈ ആക്ഷന്‍ രംഗങ്ങളത്രയും ചിത്രീകരിക്കുക നാല് വ്യത്യസ്‌ത യൂണിറ്റുകളാവും. ഇവക്ക് മാത്രമായി നാല് ഹോളിവുഡ് ആക്ഷൻ സംവിധായകരെയാണ് ചിത്രത്തിനായി അണിനിരത്തുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള വമ്പൻ വിഷ്വൽ ട്രീറ്റായും ഏറ്റവും വലിയ ആക്ഷൻ ത്രില്ലറായും 'പ്രോജക്‌റ്റ് കെ' ഒരുക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമിതാഭ് ബച്ചനെത്തുക ഐതിഹാസിക കഥാപാത്രമായ അശ്വഥാമാവില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതുകൊണ്ടുതന്നെ ഫുൾ ആക്ഷൻ രംഗങ്ങളിലായിരിക്കും ബിഗ് ബിയെ കാണാനാവുക.
പ്രഭാസും അമിതാഭ് ബച്ചനും തമ്മിലുള്ള ഒരു വമ്പൻ ആക്ഷൻ രംഗം ചിത്രീകരിക്കാനും സംവിധായകൻ നാഗ് അശ്വിൻ പദ്ധതി തയ്യാറാക്കുന്നതായും അറിയുന്നു. ആക്ഷനും വിഷ്വലിനും വലിയ പ്രാധാന്യമുള്ള ചിത്രത്തില്‍ പൂർണമായും നീലയും പച്ചയുമായ ഡ്യുവൽ ക്രോമാറ്റിക് ടെക്‌നോളജി ഉപയോഗിച്ചായിരിക്കും 'പ്രോജക്‌റ്റ് കെ' ചിത്രീകരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല ഉയർന്ന തലത്തിലുള്ള വിഎഫ്‌എക്‌സിലാണ് ചിത്രം ഒരുങ്ങുന്നത്. 2023 അവസാനത്തോടെ പ്രോജക്‌റ്റ് കെയുടെ ചിത്രീകരണം പൂർത്തിയാക്കി 2024 ആദ്യ പകുതിയില്‍ തന്നെ റിലീസിനെത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിനിമ യൂണിറ്റ്. 500 കോടിയിലധികം രൂപ മുതല്‍മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്.