ലോസ് എഞ്ചല്‍സ്: ഹോളിവുഡ് താരം ക്രിസ് ഇവാന്‍സിന് 'സെക്‌സിയസ്‌റ്റ് മാന്‍ അലൈവ്' എന്ന പട്ടം ചാര്‍ത്തി നല്‍കി പീപ്പിള്‍ മാഗസിന്‍. തിങ്കളാഴ്‌ച രാത്രി പീപ്പിള്‍ മാഗസിന്‍റെ വെബ്‌സൈറ്റിലും സ്‌റ്റീഫന്‍ കോള്‍ബേട്ടിന്‍റെ ലേറ്റ് നൈറ്റ് ഷോയിലുമാണ് താരത്തെ 2022ലെ 'സെക്‌സിയസ്‌റ്റ് മാനായി' തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'ക്യാപ്‌റ്റന്‍ അമേരിക്ക' എന്ന ചിത്രത്തിലൂടെ സൂപ്പര്‍ ഹീറോയായി വന്ന് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ക്രിസ് ഇവാന്‍സ്.
അമ്മ സന്തോഷവതിയാകും: ഇതിനെക്കുറിച്ച് വളരെ രസകരമായാണ് ക്രിസ് ഇവാന്‍സ് പ്രതികരിച്ചത്. ''എന്‍റെ അമ്മ വളരെയധികം സന്തോഷവതിയായിരിക്കും. ഞാന്‍ എന്ത് ചെയ്‌താലും എന്‍റെ അമ്മയ്‌ക്ക് അഭിമാനമാണ്. മറ്റുള്ളവരുടെ അടുത്ത് എന്നെക്കുറിച്ച് അഭിമാനപൂര്‍വം പറയാന്‍ അമ്മയ്‌ക്ക് ഒരു വിഷയം കൂടി ലഭിച്ചു'', ഇവാന്‍സ് പറഞ്ഞു.
തന്‍റെ സുഹൃത്തുകള്‍ക്ക് പരിഹസിക്കുവാന്‍ ഒരു കാരണം ലഭിച്ചുവെന്നും ഇവാന്‍സ് കൂട്ടിച്ചേര്‍ത്തു. താന്‍ ഇനി മുതല്‍ സുഹൃത്തുകള്‍ക്ക് ഒരു പരിഹാസപാത്രമാകും. മാത്രമല്ല തന്‍റെ സഹപ്രവര്‍ത്തകരും തന്നെ നിരന്തരം പരിഹസിക്കാന്‍ ഇടയുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ഹാസ്യരൂപേണ ക്രിസ് ഇവാന്‍സ് പറഞ്ഞു.
പ്രായമാകുമ്പോഴും ജീവിതത്തില്‍ തളരുമ്പോഴും തിരിഞ്ഞുനോക്കുമ്പോള്‍ ഇരട്ടി മധുരമേകുന്ന ഒന്നാണ് തനിക്ക് ലഭിച്ച പുതിയ ബഹുമതിയെന്നും അതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും ഇവാന്‍സ് പറഞ്ഞു. ജീവിതവും ജോലിയും ഒന്നിച്ചുകൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇപ്പോള്‍ തന്‍റെ കരിയര്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നുവെന്നും പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ക്രിസ് ഇവാന്‍സ് വ്യക്തമാക്കി.
ക്രിസ് ഇവാന്‍സിന്‍റെ കരിയര്‍ വിശേഷങ്ങള്‍: 2000ത്തില്‍ പുറത്തിറങ്ങിയ 'ദ ന്യൂ കമേര്‍സ്' എന്ന ചിത്രത്തിലൂടെയാണ് ഹോളിവുഡ് ചലച്ചിത്ര രംഗത്തേക്കുള്ള ഇവാന്‍സിന്‍റെ അരങ്ങേറ്റം. 2005, 2007 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഫന്‍റാസ്റ്റിക് ഫോർ ചിത്രങ്ങളില്‍ സൂപ്പര്‍ ഹീറോ 'ജോണി സ്‌ട്രോം/ഹ്യൂമണ്‍ ടോര്‍ച്ച്' എന്ന കഥാപാത്രമായും ഇവാന്‍സ് വേഷമിട്ടിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ മാര്‍വലിന്‍റെ 'ക്യാപ്‌റ്റന്‍ അമേരിക്കയി'ലൂടെയാണ് താരം പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുന്നത്.
പിന്നീട് തുടര്‍ച്ചയായി 10 മാര്‍വല്‍ ചിത്രങ്ങളിലും സൂപ്പര്‍ ഹീറോയായി ഇവാന്‍സ് വേഷമിട്ടു. 2023ല്‍ പുറത്തിറങ്ങാനിരിക്കുന്ന 'ഗോസ്‌റ്റഡ്', 'റെഡ് വണ്‍' തുടങ്ങിയ രണ്ട് ചിത്രങ്ങളാണ് ഇവാന്‍സിന്‍റെതായി പുറത്തിറങ്ങാനുള്ളത്. അഭിനയത്തിന് പുറമെ 2020ല്‍ സ്ഥാപിച്ച സിവിക് എന്‍ഗേജ്‌മെന്‍റ് സൈറ്റായ 'എ സ്‌റ്റാര്‍ട്ടിങ് പോയിന്‍റി'ന്‍റെ പ്രവര്‍ത്തനവും ഇവാന്‍സ് മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ 'സെക്‌സിയസ്‌റ്റ് മാനായി' തെരഞ്ഞെടുക്കപ്പെട്ടവര്‍: പോള്‍ റഡ്, റയാന്‍ റെയ്‌നോള്‍ഡ്‌ഡ്, ക്രിസ് ഹേംസ്‌വര്‍ത്ത് എന്നിവരെയാണ് ഇതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ സെക്‌സിയസ്‌റ്റ് മാന്‍ എലൈവായി തെരഞ്ഞെടുത്തത്. ജോണ്‍ ലെജന്‍റ്, ഡ്വൈന്‍ ജോണ്‍സണ്‍, ഇദ്രിസ് എല്‍ബ, ആദം ലെവൈന്‍, റിച്ചാര്‍ഡ് ഗെരെ, ചാന്നിങ് ടാറ്റം, ഡേവിഡ് ബെക്കാം എന്നിവരും മുന്‍ വര്‍ഷങ്ങളില്‍ സെക്‌സിയസ്‌റ്റ് മാനായി തെരഞ്ഞെടുത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.