കാസര്‍കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വരണാധികാരിക്ക് യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ വിശദീകരണം നൽകി. രാജ്മോഹന്‍ ഉണ്ണിത്താന് പകരം ചീഫ് ഇലക്ഷൻ ഏജന്‍റും കോൺഗ്രസ് നേതാവുമായ അഡ്വക്കേറ്റ് സി കെ ശ്രീധരൻ ആണ് മറുപടി നല്‍കിയത്. മതപരമായി വോട്ട് ചോദിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നുമാണ് മറുപടിയിൽ പറയുന്നത്. സർക്കാർ നയത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഉണ്ണിത്താന്‍റെ പയ്യന്നൂർ ആരവഞ്ചാലിലെ പ്രസംഗത്തിന് എൽഡിഎഫ് നൽകിയ പരാതിയും ഇതിന് പിന്നാലെ വരണാധികാരി നൽകിയ നോട്ടീസും അപൂർണമാണെന്ന് മറുപടിയിൽ പറയുന്നുണ്ട്.
ടി വി രാജേഷ് എംഎൽഎ വീഡിയോ സഹിതം നൽകിയ പരാതി അന്വേഷിച്ച നോഡൽ ഓഫീസർ, രാജ്മോഹൻ ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രാഥമികമായി കണ്ടെത്തിയിരുന്നു. ഇതേതുടർന്നാണ് രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടിയത്. ഉണ്ണിത്താൻ നൽകിയ വിശദീകരണം പരിശോധിച്ചതിന് ശേഷം തുടർനടപടികൾ എടുക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ തീരുമാനം.