സുല്‍ത്താന്‍ബത്തേരി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയായ ശ്രീധന്യാ സുരേഷിനും, കുടുംബത്തിനും രാഹുല്‍ഗാന്ധിയുടെ ആദരവ് അറിയിച്ചു.
വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ഉച്ചഭക്ഷണം ശ്രീധന്യക്കും കുടുംബത്തിനും ഒപ്പമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനും, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രത്തില്‍ ബലികര്‍മ്മങ്ങള്‍ ചെയ്യാനുമാണ് രാഹുല്‍ ഗാന്ധി ബുധനാഴ്ച വയനാട്ടിലെത്തിയത്.
പൊതുസമ്മേളനത്തിനു ശേഷം കോളേജിലെ പ്രത്യേക മുറിയിലായിരുന്ന ഉച്ചഭക്ഷണം.
ചപ്പാത്തിയും, ചോറും, പായസവുമെല്ലാം അടങ്ങിയ കേരളസദ്യ തന്നെയാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി അംഗം പി വി ബാലചന്ദ്രന്‍, വി എ മജീദ് എന്നിവരടക്കം 12 പേര്‍ മാത്രമായിരുന്നു രാഹുലിനൊപ്പം ഭക്ഷണത്തിനുണ്ടായിരുന്നത്.
അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വീട്ടുകാര്യം മുതല്‍ അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും സംസാരിച്ചു.
ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.