കോഴിക്കോട്: മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ തനിക്കെതിരെ ചുമത്തിയ കേസില്‍ കുറ്റം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള. ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തില്‍ താനൊരു മതത്തേയും പരാമര്‍ശിച്ചിട്ടില്ല. മതസ്പര്‍ധ വളര്‍ത്തുന്ന ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. തനിക്കെതിരെ കേസ് എടുത്ത് തെരഞ്ഞെടുപ്പിൽ ലാഭമുണ്ടാക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. സിപിഎം നേതാക്കളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനം.
ദൈവത്തിന്‍റെ മുന്നിലും കോടതിയുടെ മുന്നിലും താന്‍ തെറ്റുകാരനാവില്ല. താൻ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയാൽ തനിക്കെതിരെ കേസ് കൊടുത്ത വി ശിവൻകുട്ടി പൊതുപ്രവർത്തനം നിർത്താനും സിപിഎം മാപ്പ് പറയാനും തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.
30,000 കേസുകളാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടുള്ളതെന്നും കള്ളക്കേസ് എടുത്ത് ആശയങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.