തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിശദീകരണം തേടിയ കളക്ടറുടെ നോട്ടീസിന് പാർട്ടി മറുപടി നൽകുമെന്ന് തൃശൂർ ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപി. പ്രസംഗത്തിൽ താൻ പറഞ്ഞതിൽ ചട്ടലംഘനം ഇല്ലെന്നാണ് തന്റെ ഉറപ്പ്. ഇഷ്ട ദൈവത്തിന്റെ പേര് പറയാൻ കഴിയാത്തത് ഭക്തന്‍റെ ഗതികേടാണ്. ഇത് എന്തൊരു ജനാധിപത്യമാണെന്നും ഇതിന് ജനം മറുപടി നൽകുമെന്നും സുരേഷ്ഗോപി പറഞ്ഞു.
കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനിയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കവേയായിരുന്നു ശബരിമല വിഷയം പരാമർശിച്ചുള്ള സുരേഷ് ഗോപിയുടെ പ്രസംഗം. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടമനുസരിച്ച് ജാതിയുടേയും സാമുദായിക വികാരങ്ങളുടേയും പേരിൽ വോട്ടു ചോദിക്കാൻ പാടില്ലെന്ന നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി, അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് ചോദിച്ചുവെന്ന് കാണിച്ചാണ് സുരേഷ്ഗോപിക്ക് കളക്ടർ നോട്ടീസ് നൽകിയത്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് അപേക്ഷിക്കുന്നത് എന്നും, അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കിരാത സർക്കാരിനുള്ള മറുപടി ഈ തെരഞ്ഞെടുപ്പിലൂടെ ഭക്തർ നല്‍കുമെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അതോടൊപ്പം ശബരിമല തന്‍റെ പ്രചാരണത്തിൽ വിഷയമാക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.